ദേശസ്‌നേഹം തല്ലിക്കൊള്ളിക്കേണ്ടതോ

സിനിമാശാലകളില്‍ ദേശീയഗാനം കേള്‍പ്പിക്കലും എഴുന്നേറ്റുനില്‍ക്കലും ഉന്നതനീതിപീഠം നിര്‍ബന്ധിതമാക്കിയിരിക്കവെ എഴുന്നേറ്റുനില്‍ക്കാത്തവരെ സാമൂഹികവിരുദ്ധര്‍ കൈകാര്യം ചെയ്യുന്ന അവസ്ഥ രാജ്യത്തിതാ സംഭവിച്ചിരിക്കുന്നു. കഴിഞ്ഞ നവംബര്‍ 30നായിരുന്നു സുപ്രീം കോടതിയുടെ വിവാദവിധേയമായ വിധി. നിരവധി സിനിമകള്‍ ഒരേ ദിവസം പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രമേളകളെ പോലും ഉത്തരവില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി രണ്ടാമതൊരു ഹര്‍ജിയിലൂടെയും വിധി പുറപ്പെടുവിക്കുകയുണ്ടായി.

ദേശീയഗാനാലാപനത്തിനിടെ അംഗവൈകല്യം ഇല്ലാത്തവരെല്ലാം ഭക്തിസൂചകമായി എഴുന്നേറ്റുനില്‍ക്കണമെന്നും വാതിലുകളെല്ലാം അടച്ചിടണമെന്നും കോടതി വിശദീകരിച്ചിട്ടുണ്ട്. ഗാനാലാപന സമയത്ത് ദേശീയപതാക പ്രദര്‍ശിപ്പിക്കുകയും വേണം. ഇത്തരമൊരു വിധി നടപ്പാക്കുമ്പോഴുണ്ടാകുന്ന ആശങ്കകള്‍ പലയിടത്തുനിന്നും ഉയര്‍ന്നുവന്നിരുന്നു. ഇതിനിടെയാണ് ചെന്നൈയിലെ തീയേറ്ററില്‍ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ പ്രേക്ഷകരില്‍ ചിലര്‍ എഴുന്നേറ്റുനിന്നില്ലെന്ന് ആരോപിച്ച് ഇരുപതുപേരടങ്ങുന്ന സംഘം വിദ്യാര്‍ഥിനികളുള്‍പ്പെടെ ഏഴുപേരെ ക്രൂരമായി മര്‍ദിച്ചിരിക്കുന്നത്. മര്‍ദനമേറ്റ ഏഴുപേര്‍ക്കെതിരെ രാഷ്ട്രത്തോട് അനാദരവ് കാട്ടിയതിന് കേസെടുത്തിട്ടുമുണ്ട്. കേരളത്തില്‍ ഇന്നലെ ചലച്ചിത്രോല്‍സവത്തിനിടെയും ഇതേ കുറ്റം പറഞ്ഞ് ആറ് പേരെ അറസ്റ്റ്് ചെയ്തിരിക്കുന്നു. ദേശീയഗാനം സംബന്ധിച്ച പുതിയ സുപ്രീം കോടതിവിധി വന്ന ശേഷമുള്ള രാജ്യത്തെ ആദ്യകേസാണ് ചെന്നൈയിലേത്. 52 സെക്കന്റ് മാത്രമാണ് ഉള്ളതെങ്കിലും നിര്‍ബന്ധിതമായി പൗരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന നടപടിയാണിതെന്നാണ് പൊതുവായി വിധിസംബന്ധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപം. ഈ വിധി നടപ്പാക്കിയതുമുതല്‍ പൗരന്മാരുടെ ദേശസ്‌നേഹനിലവാരം ഉയര്‍ന്നുവെന്ന് പറയാന്‍ കഴിയുമെങ്കില്‍ അതിനുള്ള അളവുകോലെന്താണ്.

രാജ്യത്തിന്റെ ഭരണഘടന ഉദ്‌ഘോഷിക്കുന്ന മതേതരത്വം, ജനാധിപത്യം തുടങ്ങിയ വിശ്വാസപ്രമാണങ്ങളോടൊന്നും ആഭിമുഖ്യം കാട്ടാത്ത സംഘപരിവാറുകാരുടെ കയ്യില്‍ കിട്ടിയ പുതിയ ആയുധമാണ് ഈ വിധിയെന്നത് ചെന്നൈ സംഭവത്തോടുകൂടി കൂടുതല്‍ വ്യക്തമായിരിക്കയാണ്. 1950 ജനുവരി 24നാണ് ‘ജനഗണമന’യെ ദേശീയഗാനമായി നമ്മുടെ ഭരണഘടനാനിര്‍മാണസഭ അംഗീകരിച്ചത്. പ്രശസ്തകവിയും നോബല്‍ സമ്മാനജേതാവുമായ രവീന്ദ്രനാഥടാഗോറിന്റെ ഈ ദേശഭക്തിഗാനത്തില്‍ രാജ്യത്തെ ഏതാണ്ടെല്ലാ ഭൂപ്രദേശത്തെയും സംസ്‌കാരങ്ങളെയും പ്രതിനിധീകരിക്കുന്നു. രാജ്യത്ത് ഒരു സംസ്ഥാനത്തും ദേശീയഗാനാലാപനം നിര്‍ബന്ധമാക്കിയിരുന്നില്ലെങ്കിലും വിദ്യാലയങ്ങളിലും മറ്റും ക്ലാസ് തുടങ്ങുന്നതിനും അവസാനിക്കുന്നതിനും മുമ്പ് ദേശീയഗാനം ആലപിക്കുന്നത് പതിവാണ്. പൗരന്മാരുടെ മനോമുകുരങ്ങളില്‍ സ്വന്തം രാഷ്ട്രത്തെക്കുറിച്ചുള്ള ബോധം ഉണര്‍ത്താന്‍ ഇതുപകരിക്കുമെന്നതില്‍ തര്‍ക്കമില്ല. ദേശീയഗാനം ദേശഭക്തിയുടെ പ്രതീകമായി അംഗീകരിക്കുന്നവരാണ് ഇന്ത്യക്കാരെല്ലാം. ദേശീയപതാകയും അങ്ങനെതന്നെ. ദേശസ്‌നേഹം എന്നത് മറ്റെല്ലാം വികാരങ്ങളെയും പോലെ മനസ്സിനകത്തുനിന്ന് വരുന്നതും വരേണ്ടതുമാണ്. അതിനെ പൊതുസ്ഥലത്ത് പ്രകടനാത്മകമാക്കുന്നത് സത്യത്തില്‍ കോടതി പ്രതീക്ഷിക്കുന്ന ഫലം ചെയ്യുമോ എന്നത് സംശയകരമാണ്. ഗോവയില്‍ മുമ്പ് വികലാംഗയെ ആക്രമിച്ചതും ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനിന്നില്ലെന്ന് പറഞ്ഞായിരുന്നു.

സുപ്രീം കോടതിയുടെ ദേശീയഗാനം സംബന്ധിച്ച വിധി മുമ്പും രാജ്യത്ത് തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സിനിമാശാലയില്‍ ടിക്കറ്റ് കൊടുത്തുതീരുന്നത് തന്നെ പലപ്പോഴും പ്രദര്‍ശനം ആരംഭിച്ചശേഷമായിരിക്കും. വികലാംഗരെപോലെ തന്നെ കുട്ടികളും കൈക്കുഞ്ഞുങ്ങളുമൊക്കെ ഹാളിലുണ്ടാകും. ഏതുതരം സിനിമയാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത് എന്നതും ഘടകമാണ്. മാത്രമല്ല, സിനിമാതീയേറ്ററുകളുടെ വാതിലുകള്‍ അടച്ചിടരുതെന്ന് സുപ്രീംകോടതി തന്നെ മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. 1997ല്‍ ഡല്‍ഹിയിലെ ഉപഹാര്‍ തീയേറ്ററിലുണ്ടായ തീപിടുത്തത്തില്‍ 59 പേര്‍ മരിക്കാനിടയായത് തീയേറ്ററിന്റെ വാതിലുകള്‍ അടച്ചിട്ടത് കാരണമായിരുന്നു. ദേശഭക്തി പ്രകടിപ്പിക്കാന്‍ നിരവധി പേര്‍ കൂടുന്ന ഇടമാണ് സിനിമാശാല എന്നതാണ് കോടതി പറയുന്ന ന്യായം. ‘ഭരണഘടനാപരമായ ദേശഭക്തി’ യാണിതുകൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് കോടതി പറയുന്നത്.

അതേസമയം, രാജ്യത്തിന്റെ പാര്‍ലമെന്റില്‍ പോലും ഇത്തരമൊരു നിര്‍ബന്ധമില്ല എന്നത് വൈരുധ്യമായി നിലനില്‍ക്കുന്നു. ഈ വിധി പുറപ്പെടുവിച്ചതടക്കമുള്ള കോടതികളിലും ദേശീയഗാനാലാപനം നിര്‍ബന്ധിതമല്ല. ദേശീയതക്കും ദേശസ്‌നേഹത്തിനും മേല്‍ പുതിയ നിര്‍വചനങ്ങള്‍ അടിച്ചേല്‍പിക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് ഉന്നതനീതിപീഠത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു വിധിയുണ്ടായിരിക്കുന്നത് എന്നത് യാദൃശ്ചികതയാവില്ല. ഭരണകൂടം ജനങ്ങളുടെ വികാരങ്ങളില്‍ നിന്നും അകന്നുപോകുകയും തങ്ങളുടേതായ സങ്കുചിത ചിന്താധാരകള്‍ ഭൂരിപക്ഷത്തിനു മേല്‍ അടിച്ചേല്‍പിക്കുകയുമാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വദേശീയതയാണ് കേന്ദ്രഭരണകൂടം മൂന്നിലൊന്ന് വോട്ടുകളുടെ മാത്രം പിന്തുണയോടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധിതമാക്കുക, വക്രീകരിക്കപ്പെട്ട ദേശചരിത്രം സിലബസുകളില്‍ ഉള്‍ക്കൊള്ളിക്കുക, ഹിന്ദുത്വബിംബങ്ങളും അശാസ്ത്രീയതയും അടിച്ചേല്‍പിക്കുക, ഇതരമതസ്ഥരോടും ദലിതുകളോടും ക്രൂരത കാട്ടുക തുടങ്ങിയ നടപടികള്‍ ഇതിനകം തന്നെ ആരോപണവിധേമായിട്ടുള്ളതാണ്.

രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് കേസുകള്‍ സംബന്ധിച്ച് തീര്‍പ്പ് കല്‍പിക്കാന്‍ മതിയായ ജഡ്ജിമാരില്ലെന്ന് സുപ്രീംകോടതി വിലപിക്കുകയും ഇതുസംബന്ധിച്ച് കേന്ദ്രവും കോടതികളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയുമാണ്. ഓരോ മണിക്കൂറിലും നടക്കുന്ന മനുഷ്യാവകാശധ്വംസനങ്ങള്‍, ഉപഭോക്തൃപരാതികള്‍, സിവില്‍നിയമലംഘനങ്ങള്‍ തുടങ്ങിയ കേസുകള്‍ പരാതിക്കാരും കക്ഷികളും മരിച്ചുമണ്ണടിഞ്ഞാല്‍ പോലും തീര്‍പ്പാകുന്നില്ല. ഏകസിവില്‍ നിയമം സംബന്ധിച്ച് കേന്ദ്രം ഉയര്‍ത്തിവിട്ടിരിക്കുന്ന ‘ദുര്‍ഭൂത’വും കോടതിക്കുമുന്നിലാണ്. സംഘപരിവാരവും കേന്ദ്രസര്‍ക്കാരും പൗരന്മാരുടെ ചിന്തയിലും ഭക്ഷണരീതികളിലും വസ്ത്രധാരണത്തിലുമെല്ലാം പ്രതിലോമകരമായ സ്വന്തം നിലപാടുകള്‍ അടിച്ചേല്‍പിക്കുമ്പോള്‍ ദേശീയഗാനത്തെ സംബന്ധിച്ചും അവരുടെ നിലപാടുകള്‍ പുതിയ കോടതിവിധി നടപ്പാക്കുമ്പോള്‍ പുറത്തുവരിക സ്വാഭാവികമാണ്. രാജ്യത്തെ ജനങ്ങളുടെ സ്വന്തം സമ്പാദ്യത്തിനും ചെലവുകള്‍ക്കും മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്ന മോദി സര്‍ക്കാരും ബി.ജെ.പിയും ദേശസ്‌നേഹം കൂടി അവരുടെ മേല്‍ അടിച്ചേല്‍പിക്കുമ്പോഴുള്ള സ്ഥിതിയെന്താവും?

SHARE