താനൂര്‍: മലപ്പുറം ജില്ലയിലെ താനൂരില്‍ ചാപ്പപ്പടി, പണ്ടാരക്കടപ്പുറം ഭാഗങ്ങളില്‍ സി.പി.എമ്മിന്റേയും പൊലീസിന്റേയും തേര്‍വാഴ്ച. വീടുകളും കടകളും വാഹനങ്ങളും തകര്‍ത്തും തീയിട്ടും ബോംബെറിഞ്ഞും കലാപസമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. ഞായറാഴ്ച വൈകിട്ട് ആരംഭിച്ച അക്രമ പരമ്പര ഇന്നലെ പുലര്‍ച്ചെ വരെ തുടര്‍ന്നു. താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാനും സി.പി.എം ഏരിയാ സെക്രട്ടറി ഇ. ജയനും പ്രദേശത്ത് സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
സി.പി.എം ഗുണ്ടകളും പൊലീസും ഒരുപോലെ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ തെരഞ്ഞെടുപിടിച്ച് തകര്‍ത്തു. കുഞ്ഞിച്ചന്റെ പുരക്കല്‍ സൈനയുടെ വീടിനു നേരെ സി.പി.എം ഗുണ്ടകള്‍ പെട്രോള്‍ ബോംബെറിഞ്ഞു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിനുള്ളില്‍ തീ ആളിപ്പടര്‍ന്നു. വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. ഗര്‍ഭിണിയായ കമ്പനിപ്പടിയിലെ ചേക്കാമാടത്ത് ശൈഖയെ സി.പി.എം ഗുണ്ടകള്‍ അക്രമിച്ചു. പൊലീസ് വാഹനത്തിലാണ് ശൈഖയെ ആസ്പത്രിയിലെത്തിച്ചത്. ഫഖീര്‍ പള്ളിക്കു സമീപമുള്ള മുസ്ലിംലീഗ് പ്രവര്ത്തകന് കുട്ടിരായിന്റെ പുരക്കല്‍ ഷംസുവിനെ ഒരു സംഘമാളുകള്‍ മാരകായുധങ്ങളുമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശംസു ചികിത്സയിലാണ്. പ്രാദേശിക മുസ്ലിംലീഗ് നേതാവ് ഒട്ടുംപുറം കമ്പിനിപ്പടിയിലെ കാളാട്ട് ബഷീറിന്റെ വീടാക്രമിച്ച സി.പി.എം ഗുണ്ടകള്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ഷെഡ് തീവെച്ചു നശിപ്പിച്ചു. വലകളും മൂന്ന് എഞ്ചിനുമുള്പ്പെടെ നിരവധി മത്സ്യബന്ധന ഉപകരണങ്ങളാണ് കത്തിയമര്‍ന്നത്. കമ്പനിപ്പടിയിലെ യൂത്ത്ലീഗ് പ്രവര്ത്തകന് കോയസ്സന്റെ പുരക്കല്‍ ദില്ഫാറിന്റെ വ്യാപാരസ്ഥാപനം തകര്‍ത്തു. ദുല്‍ഫുഖാര്‍, നജാത്ത് വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ പിക്കപ്പ് ലോറി അഗ്നിക്കിരയാക്കി. ചാപ്പപ്പടിയിലെ ആണ്ടിക്കടവത്ത് മജീദ്, കുഞ്ഞിച്ചിന്റെ പുരക്കല്‍ സൈന, ചേമ്പന്റെ പുരക്കല്‍ ഖാദര്‍, കുഞ്ഞിന്റെ പുരക്കല്‍ കുഞ്ഞന്‍ബാവ, മമ്മാലകത്ത് മൊയ്തീന്‍കോയ എന്നിവരുടെ വീടുകള്‍ അടച്ചു തകര്‍ത്തു.
ചാപ്പപ്പടി, ആല്‍ബസാര്‍, ത്വാഹാ ബീച്ച് എന്നിവിടങ്ങളിലെ മുസ്ലിംലീഗ് ഓഫീസുകളും അക്രമിച്ചു. താനൂര്‍ സി.ഐ. അലവി, തിരൂര്‍ സി.ഐ ഷാജി, എസ്.ഐ സുമേഷ് സുധാകര്‍ ഉള്‍പ്പെടെ 12 പൊലീസുകാര്‍ക്കും പരിക്കേറ്റു. ആകാശത്തേക്ക് വെടിവെച്ചും ഗ്രനേഡ് പ്രയോഗിച്ചുമാണ് പൊലീസ് അക്രമികളെ പിരിച്ചുവിട്ടത്.