ഡല്‍ഹി വംശഹത്യാഭൂമിയിലൂടെ

അഡ്വ. പി കുല്‍സു

സംസ്ഥാന വനിതാലീഗ് കമ്മിറ്റി നേതൃ തീരുമാനപ്രകാരം കഴിഞ്ഞ ഏഴാം തീയതിയാണ് ഡല്‍ഹിയിലേക്ക് തിരിച്ചത്. കലാപത്തില്‍ മുറിവേറ്റവരെ കണ്ട് ആശ്വസിപ്പിക്കുകയും ആവശ്യമായ സഹായങ്ങളും ഇടപെടലും നടത്തുകയുമായിരുന്നു ഉദ്ദേശം. നേരെപോയത് കലാപകാരികള്‍ അഗ്നിക്കിരയാക്കിയ മുസ്താഫാബാദ് പ്രദേശത്തേക്കായിരുന്നു. അവഗണനയുടെ പൂര്‍ണ രൂപം അങ്ങോട്ടുള്ള വഴിദൂരം മുഴുവന്‍ കാണാനായി. പൊട്ടിപ്പൊളിഞ്ഞ റോഡുകളും മലിനജലം പരക്കെ ഒഴുകുന്ന നടപ്പാതകളും മാലിന്യക്കൂമ്പാരങ്ങള്‍ കുമിഞ്ഞ്കൂടിയ തെരുവുകളും അതിനിടയില്‍ ജീവിക്കുന്ന മനുഷ്യരൂപങ്ങളും.
നമസ്‌കാരം കഴിഞ്ഞ് പുറത്തേക്കിറങ്ങുന്ന സമയത്താണത്രെ നാട്ടുകാരല്ലാത്ത ആയുധധാരികളായ യുവാക്കളുടെ സംഘം ആര്‍ത്തട്ടഹസിച്ച് മുസ്തഫാബാദിന്റെ തെരുവിലേക്ക് ഇരച്ചെത്തിയത്. പള്ളിയിലെയും പുറത്തെയും ആളുകളില്‍ മുസ്‌ലിംകളെ തിരഞ്ഞ്പിടിച്ച് നിഷ്‌കരുണം വെട്ടിപരിക്കേല്‍പ്പിക്കുകയും കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് കുഞ്ഞുങ്ങളടക്കമുള്ളവരെ വെടിവെക്കുകയും ചെയ്തു. കടകള്‍, വീടുകള്‍, വാഹനങ്ങള്‍, സ്‌കൂളുകള്‍ എല്ലാം അഗ്നിക്കിരയാക്കി. ജീവനും കൊണ്ടോടി രക്ഷപെട്ടവര്‍ അഭയം നല്‍കാനാളില്ലാതെ തെരുവുകളില്‍ പിടഞ്ഞുവീണു. ഇരകളായവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഹിന്ദു-സിഖ് സഹോദരന്‍മാരെ ആക്രമികള്‍ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും ഓടിച്ചു. കലിയടങ്ങാത്ത കാപാലികര്‍ ഫാറൂഖിയ മസ്ജിദിന് നേരെയായി ആക്രമണം. പള്ളി നിശേഷം തകര്‍ന്നു. ഗ്യാസ് സിലിണ്ടറുകളാണ് പള്ളി കത്തിച്ചത്. 20 ഓളം പള്ളികള്‍ കലാപകാരികള്‍ അഗ്നിക്കിരയാക്കി. 200 ഓളം പരിശുദ്ധ ഖുര്‍ആന്‍ ചാരമായി.
പൂര്‍ണമായി വംശഹത്യ നടപ്പിലാക്കുന്നതിന്റെ ആസൂത്രണമായിരുന്നു ആക്രമണകാരികള്‍ക്ക്. നമസ്‌കാരത്തിനെത്തിയവരും മദ്‌റസില്‍ പഠിക്കുന്നവരുമായ 300 ല്‍ അധികം മുസ്‌ലിംകളെ നാമാവശേഷമാക്കാനായിരുന്നു കലാപകാരികള്‍ ശ്രമിച്ചത്. പരിക്കേറ്റവരെ ആസ്പത്രികളില്‍ കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പരിസരത്തേക്ക് പ്രവേശനം നിഷേധിച്ചു. പൊലീസും കലാപകാരികള്‍ക്ക് കൂട്ടുനിന്നു. നിസ്സഹായരായ ജനത അവസാനം മനുഷ്യസ്‌നേഹിയായ ഒരു അമുസ്‌ലിം വക്കീലിന്റെ ശ്രമം മൂലം സംഭവം കോടതിയുടെ ശ്രദ്ധയില്‍ എത്തിച്ചപ്പോള്‍ മാത്രമാണ് പുറംലോകം വിഷയത്തിന്റെ ഗൗരവം അറിയുന്നത്. മുസ്താഫാബാദിലെ മുസ്‌ലിംകളും ഹിന്ദുക്കളും സിഖുകാരും അടങ്ങുന്ന തദ്ദേശവാസിക്കള്‍ക്ക് ഇവ വിവരിക്കുമ്പോള്‍ പേടി മാറിയിട്ടില്ലായിരുന്നു. അത്രയേറെ മുറിവേല്‍പ്പിക്കപ്പെട്ടിരുന്നു സമാധാനത്തോടെ കഴിഞ്ഞിരുന്ന ഈ പ്രദേശത്തെ ജനഹൃദയങ്ങളില്‍.
ആക്രമണത്തിനിരയായവരെയും വീടുവിട്ട് ഓടിപ്പോയവരെയും പാര്‍പ്പിച്ച ക്യാമ്പും സന്ദര്‍ശിച്ചു. മുസ്‌ലിംലീഗ് നേതാക്കളും പ്രവര്‍ത്തകരുമാണ് വരുന്നതെന്നറിഞ്ഞ പൊലീസ് ക്യാമ്പിലേക്കുള്ള പ്രവേശനം വഴിമധേ്യ തടഞ്ഞു. പൊലീസിനെ അനുനയിപ്പിച്ച് ഒരുവിധത്തില്‍ അനുമതി വാങ്ങി തൊട്ടടുത്ത് പീടികമുറിയില്‍ എന്‍.ജി.ഒ എന്ന ബോര്‍ഡ്‌വച്ച ഓഫീസില്‍ പേരുവിവരം രേഖപ്പെടുത്തി ഈദ്ഗാഹില്‍ ഒരുക്കിയ ക്യാമ്പില്‍ എത്തിയ ഞങ്ങള്‍ക്ക് അതിദാരുണമായ സ്ഥിതിവിശേഷമാണ് കാണാന്‍ കഴിഞ്ഞത്. ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍, ജീവന്‍ മാത്രം കൈപ്പിടിച്ച് സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളായവര്‍, വൃദ്ധകള്‍, യുവാക്കള്‍, യുവതികള്‍, ഗര്‍ഭിണികള്‍, എസ്.എസ്.എല്‍.സി പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികള്‍, കുഞ്ഞുങ്ങള്‍.. തീര്‍ത്തും കരളലിയിക്കുന്ന കാഴ്ച. ഇനിയെന്ത് എന്ന ചോദ്യം അവരുടെ മുന്നില്‍ ഉത്തരമില്ലാതെ കിടക്കുന്നു. അക്രമകാരികള്‍ക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തിയ ഒട്ടനവധി ഹിന്ദു സഹോദരങ്ങളെ കണ്ടു. ക്യാമ്പില്‍ പുരുഷന്‍മാരും സ്ത്രീകളും രണ്ടു ഭാഗത്തായാണ് താമസിക്കുന്നത്. ഭക്ഷണം പാചകംചെയ്തുകൊണ്ടുവരുന്നവര്‍, വിളമ്പികൊടുക്കുന്നവര്‍, അവയിലൊന്നും ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടുകളില്ലായിരുന്നു. ഉച്ചവെയിലില്‍ ചുട്ടുപൊള്ളുന്ന തറയില്‍ വിശപ്പടക്കുന്നവര്‍ ക്യാമ്പിനുപുറത്തുനിര്‍ത്തിയിരിക്കുന്ന താല്‍ക്കാലിക ടോയ്‌ലെറ്റില്‍നിന്നും ദുര്‍ഗന്ധം വമിക്കുന്നു. നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങള്‍ ഏതോ എന്‍.ജി.ഒ കൊണ്ടുകൊടുത്ത കളര്‍ പെന്‍സിലുകളും പെയ്ന്റ് ബ്രഷുകളും ഉപയോഗിച്ച് ചിത്രം വരക്കുകയും കളര്‍ ചെയ്യുകയും ചെയ്യുന്നു. പാട്ടും ഡാന്‍സുമൊക്കെയായി മറ്റൊരു സന്നദ്ധ സംഘടന. നിരവധി ഹിന്ദു സഹോദരന്‍മാരുമുണ്ട് സന്നദ്ധപ്രവര്‍ത്തകരായി. കൗണ്‍സിലിങ് നടത്തുന്ന കന്യാസ്ത്രീകളടക്കമുള്ള സംഘടന മറ്റൊരു വശത്ത്.
ശിവവിഹാറില്‍ നിന്നും സകലതും നഷ്ടപ്പെട്ടവര്‍ അഭയം തേടിയെത്തിയത് ഇന്ദ്രവിഹാറിലാണ്. ആള്‍നാശത്തിന്റെയും മറ്റും നാശനഷ്ടങ്ങളുടെയും കണക്കെടുക്കുമ്പോള്‍ ശിവവിഹാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തഭൂമിയായി അനുഭവപ്പെട്ടു. ഇന്ദ്രവിഹാറിലെ ഇടുങ്ങിയ റോഡുകളിലെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ഇവര്‍ അഭയം പ്രാപിച്ചിരുന്നത്. കലാപകാരികളില്‍ നിന്നും ജീവന്‍ മാത്രം തിരിച്ചുകിട്ടിയ സല്‍മാന്‍ഖാന്‍, മുഹമ്മദ് ഇസ്‌ലാം, ഫാദൂഖ് ഖാന്‍, മുഹമ്മദ് ഹുസൈന്‍, സല്‍മാന്‍ഖാന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് അഭയം നല്‍കിയത് ഈ പ്രദേശത്തെ ഒരു ബേക്കറിക്കാരനായ മുഅ്മീന്‍ ആയിരുന്നു. ഒന്നാം ക്ലാസു മുതല്‍ ബി.എ വരെ പഠിക്കുന്ന കുട്ടികളുണ്ട്. എസ്.എസ്.എല്‍.സി ഹാള്‍ടിക്കറ്റ് നഷ്ടപ്പട്ട കുട്ടികള്‍ മുതല്‍ ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവ നഷ്ടപ്പട്ടവരും ഇക്കൂട്ടത്തില്‍പെടുന്നു. ഇവിടുത്തെ അഞ്ച് കുടുംബാംഗങ്ങള്‍ക്കുള്ള ഭവന പുനരുദ്ധാരണമാണ് സംസ്ഥാന വനിതാലീഗ് ഏറ്റെടുത്ത് നടത്താന്‍ തീരുമാനിച്ചത്. ഞങ്ങള്‍ക്കിവിടെ സമാധാനമായി ജീവിക്കണം, മക്കളെ പഠിപ്പിച്ച് വലുതാക്കണം, എന്തു ചെയ്തിട്ടാ ഞങ്ങളോടിത്ര ക്രൂരത കാട്ടിയതെന്ന് അലമുറയിട്ട് കരയുന്ന സ്ത്രീകള്‍ ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു. അന്യനാട്ടില്‍ നിന്നെത്തിയവരാണ് അക്രമികളെന്നും ഇവിടെയുള്ളവര്‍ ഞങ്ങളെ ഒന്നും ചെയ്യില്ലെന്നും ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദത്തിലാണെന്നും വിതുമ്പിക്കൊണ്ട് ഒരു സ്ത്രീ പറഞ്ഞു.
ഇന്ദ്രവിഹാറില്‍ നിന്നു പോയത് ബാബുവിഹാലേക്കാണ്. കലാപബാധിതര്‍ തിങ്ങി താമസിക്കുന്നത് ഇവിടെയാണെന്ന് മുന്‍വിധികളില്ലാതെ ബോധ്യമായി. റോഡിലൂടെ നടന്നുനീങ്ങുമ്പോള്‍ കണ്ട കാഴ്ച കലാപബാധിതരുടെ വലിയ കൂട്ടം തടിച്ചുകൂടി നില്‍ക്കുന്നതാണ്. ആ ആള്‍ക്കൂട്ടം ഏതാണ്ട് 300 മീറ്ററോളെ നീണ്ടുനിന്നു. കാര്യമന്വേഷിച്ചപ്പോള്‍ മനസിലായത് മുന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സഹായവിതരണം നടത്തുന്നുവെന്നറിഞ്ഞ് വന്നതാണ്. കൊണ്ടുവന്ന സാധനങ്ങള്‍ നാലിലൊന്നു പേര്‍ക്കുപോലും മതിയാവില്ലെന്നറിഞ്ഞ് ഉത്തരവാദപ്പെട്ടവര്‍ സ്ഥലം വിട്ടിരിക്കുന്നു. പിന്നാലെ എത്തിയ ഞങ്ങളോടായി അവരുടെ അഭ്യര്‍ത്ഥന. ആധാര്‍ക്കാര്‍ഡും റേഷന്‍കാര്‍ഡും ഉയര്‍ത്തിക്കാട്ടി സഹായമഭ്യര്‍ത്ഥിച്ചവരുടെ മുഖത്തെ നിസ്സഹായതയും ദയനീയതയും മനസില്‍നിന്നും മായുന്നില്ല. വാവിട്ടു കരയുന്നവരും യാതനയുടെ സ്വരം കടുപ്പിച്ചവരും അലറി വിളിക്കുന്നവരും ഉണ്ടായിരുന്നു.
അടുത്തലക്ഷ്യം എട്ടു മക്കളുടെ പിതാവായ കലാപകാരികളുടെ തോക്കിനിരയായ 35 കാരനായ മുദസിര്‍ഖാന്റെ വീട്ടിലേക്കായിരുന്നു. ഇദ്ദയില്‍ ഇരിക്കുന്ന ഭാര്യ ഇമ്രാനയും എട്ടു പെണ്‍മക്കളും വൃദ്ധനായ പിതാവിന്റെ സംരക്ഷണത്തിലാണ്. ഒരു #ാറ്റിന്റെ നാലാം നിലയിലെ ഒറ്റമുറിയില്‍ കഴിയുന്ന കുടുംബത്തോടൊപ്പം അരമണിക്കൂര്‍ ചിലവഴിച്ചിട്ടും ഒരക്ഷരം ഉരിയാടാന്‍ കഴിയാതെ തിരികെപോന്നു. താഴെ റോഡില്‍ ഇമ്രാന്റെ പിതാവുമായി ഏറെ നേരം സംസാരിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് സംസ്ഥാന വനിതാലീഗ് ഏറ്റെടുക്കാമെന്ന് ഉറപ്പുകൊടുത്താണ് യാത്രതിരിച്ചത്.
രണ്ടാം ദിവസം അന്താരാഷ്ട്ര വനിതാദിനത്തില്‍ ജാമിഅ മില്ലിയയിലെ സമരവേദി സന്ദര്‍ശിച്ചു. അവധി ദിവസമായിട്ടുപോലും വിദ്യാര്‍ത്ഥികള്‍ സജീവമായി തന്നെയുണ്ട്. പുതിയ പൗരത്വനിയമത്തെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന നാടകം അരങ്ങു തകര്‍ക്കുന്നു. പുറത്തുനിറയെ കാണികള്‍. സമരവേദി സ്ത്രീകളെ കൊണ്ടു സമ്പന്നമാണ്. സമരക്കാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു പിന്നീടുപോയത് ഷാഹിന്‍ബാഗിലേക്കായിരുന്നു. മാസങ്ങളായി സമരം ചെയ്യുന്ന സ്ത്രീകള്‍. കുട്ടികളും ഒപ്പമുണ്ട്. യുവതികളേക്കാള്‍ ആവേശം 60 ഉം 70 ഉം കഴിഞ്ഞ ഉമ്മൂമ്മമാര്‍ക്കാണ്. നാഷണല്‍ ഹൈവേ അടച്ചുള്ള സമരം. വാഹനങ്ങള്‍ അണമുറയാതെ ഒഴുകുന്ന റോഡ് നിശ്ചലം. നാലു ഭാഗത്തും മുളവെച്ചു ബന്ധിച്ച പന്തലിനകത്തു നിറയെ തറയിലും കട്ടിലിലും കസേരയിലുമൊക്കെയായി സ്ത്രീകള്‍ മാത്രം. പന്തലിനുപുറത്ത് ജാതി മത ഭേദമന്യേ യുവാക്കളും വൃദ്ധരും അടങ്ങുന്ന വന്‍ ജനാവലി. സമരം ചെയ്യുന്ന സ്ത്രീകള്‍ക്ക് സര്‍വ സഹായങ്ങളും പിന്തുണയും പ്രഖ്യാപിച്ചു. അവരുടെ സുരക്ഷിതത്വത്തിന്റെ ചുമതലകൂടി അവര്‍ ഏറ്റെടുത്തിരിക്കുന്നതായി കണ്ടു. പന്തലിനടുത്തേക്കുവരുന്ന അപരിചിതരെ കൃത്യമായ തിരിച്ചറിയല്‍ നടത്തി മാത്രമേ അകത്തേക്കു വിടുന്നുള്ളു. കേരളത്തില്‍നിന്നും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയവരായതുകൊണ്ടു നല്ല സ്വീകരണമാണ് ലഭ്യമായത്. ജാമിഅയിലെയും ഡല്‍ഹി യൂണിവേഴ്‌സിറ്റികളിലെയും മലയാളി കുട്ടികളും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. ഭരണഘടനയുടെ അന്തസ്സത്ത നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ മതമോ ഭാഷയോ ദേശമോ തടസ്സമില്ല എന്ന സന്ദേശം ഷാഹിന്‍ബാഗ് മുന്നോട്ടുവെക്കുന്നു. അവിടുത്തെ സാധാരണക്കാരായ ഉമ്മമാരുടെ ആവേശോജ്വലസമരം ഈ നാട്ടിലെ ഇന്നത്തെയും നാളത്തെയും ഓരോ പൗരനും വേണ്ടിയാണ്. പല നാടുകളില്‍ നിന്നും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയവരുടെ നാടകവും പാട്ടും സ്‌കിറ്റും ഹാസ്യരൂപേണയുള്ള പല അവതരണങ്ങളുമൊക്കെയായി വിവിധ സംഘങ്ങള്‍ ക്യൂ നില്‍ക്കുകയാണ്. ഞങ്ങള്‍ക്കനുവദിച്ച സമയത്തിനുമുമ്പ് ലക്ഷദ്വീപില്‍നിന്നു വന്ന 11 അംഗ സംഘമായിരുന്നു. ഞങ്ങള്‍ക്കുശേഷം വന്നതു ഡല്‍ഹിയില്‍തന്നെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന. ഞങ്ങളുടെ ഊഴം കഴിഞ്ഞു പുറത്തുകടക്കാന്‍ നില്‍ക്കുമ്പോള്‍ ഡല്‍ഹിയില്‍ സ്ഥിര താമസമാക്കിയ രണ്ടു മലയാളി കുടുംബങ്ങള്‍ അടുത്തെത്തി. ഡല്‍ഹിയിലെ തെരുവില്‍ മലയാളത്തിലുള്ള മുദ്രാവാക്യങ്ങള്‍ കേട്ടപ്പോഴുണ്ടായ സന്തോഷം പങ്കുവെച്ചു. കുറെ സമയം സമരക്കാര്‍ക്കൊപ്പമിരുന്നു. അവരുടെ ഐക്യം തന്നെയാണ് സമരത്തിന്റെ വിജയം. എല്ലാവരും ഏക മനസ്സോടെ ഒരേയൊരു ലക്ഷ്യത്തിനുവേണ്ടി ഒറ്റക്കെട്ടായി സമരം നടത്തുന്ന കാഴ്ച അനുകരണീയമാണ്.
ഡല്‍ഹിയിലെ കിഴക്കന്‍ മേഖലകളിലെ കലാപബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനം ലക്ഷ്യം പൂര്‍ത്തിയാകണമെങ്കില്‍ ഇരകളെ സഹായിക്കാമെന്ന് കൊടുത്ത ഉറപ്പു പാലിക്കപ്പെടണം. സഹായങ്ങള്‍ എത്ര അധികമായാലും സ്വപ്‌നങ്ങളും പ്രതീക്ഷകളും നഷ്ടപ്പെട്ടുപോയ പാവം ജനതക്ക് അത് മതിയാവണമെന്നില്ല. സഹപ്രവര്‍ത്തകരിലാണ് പ്രതീക്ഷ. വനിതാലീഗിന്റെ 14 ജില്ലാ കമ്മിറ്റികളും ഒറ്റ മനസ്സോടെ ഒരേയൊരു ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇരകള്‍ക്ക് സഹായമെത്തിക്കാന്‍ കഴിയൂ.

SHARE