ട്രംപിന്റെ വരവ്; കുരങ്ങുകളെ കെണിവെച്ച് പിടിച്ച് നാടുകടത്തി വിമാനത്താവള അധികൃതര്‍

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റിന്റെ വരവോടനുകബന്ധിച്ച് അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് താമസിക്കുന്ന കുരങ്ങുകളെയും നാടുകടത്തുന്നു. ചേരികള്‍ ഒഴിപ്പിച്ചും മതിലുകെട്ടി കാഴ്ച തടഞ്ഞു നിര്‍ത്തിയും ചെയ്തതിനു ശേഷമാണ് പുതിയ നടപടി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിക്കൊണ്ട് റണ്‍വേയിലേക്കെത്താറുള്ള കുരങ്ങു കൂട്ടത്തെ കെണിവച്ച് പിടികൂടുകയാണ് വിമാനത്താവള അധികൃതര്‍.

വിമാനത്താവളത്തോട് ചേര്‍ന്നുള്ള സൈനിക കേന്ദ്രത്തിലെ മരങ്ങളില്‍ തമ്പടിച്ച കുരങ്ങുകള്‍ റണ്‍വേയിലേക്ക് ഓടിയെത്താറുണ്ട്. ഈ കുരങ്ങുകളെയാണ് കെണിവെച്ചു പിടിച്ച് നാടുകടത്തുന്നത്. പിടിയിലായ 50ലധികം കുരങ്ങുകളെയാണ് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള വനപ്രദേശത്ത് തുറന്ന് വിട്ടത്. വിമാനത്താവള മതിലിനോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിക്കാന്‍ സൈനിക കേന്ദ്രത്തിന് കത്തും നല്‍കിയിട്ടുണ്ട്.