ജനാധിപത്യ തകര്‍ച്ചയുടെ അശുഭ ചിന്തകള്‍

ഷംല ഷൗക്കത്ത്

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പദവി ഇല്ലാതാകാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ ഉള്ളൂ എന്ന അശുഭ ചിന്തയാണ് ഇന്ത്യയെന്ന മഹാരാജ്യത്തെ സ്‌നേഹിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളത്. ആ ആശങ്കകളേയും ചിന്തകളേയും അരക്കിട്ടുറപ്പിക്കുന്ന തരത്തിലാണ് രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും അവസാന പ്രതീക്ഷയും അത്താണിയുമായ ജുഡീഷ്യറിയില്‍ നിന്നും അടുത്തിടെയായി വന്നുകൊണ്ടിരിക്കുന്ന പൊതുതാല്‍പര്യഹര്‍ജികളോടും ന്യായമായ പ്രതിഷേധങ്ങളോടുമുള്ള പ്രതികരണങ്ങളും നിലപാടുകളും. ഇതുകാണുമ്പോള്‍ തീര്‍ച്ചയായും ഇന്ത്യയുടെ ജനാധിപത്യം ഐ.സി.യുവിലാണെന്ന് എങ്ങിനെയാണ് പറയാതിരിക്കാനാവുക. ബസ്സിലെ മുഴുവന്‍ യാത്രക്കാരും ഇറങ്ങിയാലേ ഞാന്‍ വണ്ടി നിര്‍ത്തൂ എന്നു ബസ് ഡ്രൈവര്‍ പറയുന്നതുപോലെയാണ് പ്രതിഷേധം നിര്‍ത്തിയാലേ ഹര്‍ജി പരിഗണിക്കൂ എന്ന് കോടതി പറയുന്നത്. പൗരത്വ നിയമ ഭേദഗതി പ്രശ്‌നത്തില്‍ ഇന്ത്യയുടെ ആത്മാവറിയുന്ന മനുഷ്യര്‍ തെരുവിലിറങ്ങി പ്രതിരോധം തീര്‍ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്താകമാനം മഹാപ്രതിഷേധങ്ങള്‍ നടക്കുന്നത്. പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ചാലും ഇല്ലെങ്കിലും ബി.ജെ.പി രാഷ്ട്രീയത്തിന്റെ ഹീനമായ ലക്ഷ്യങ്ങള്‍ ജനം തിരിച്ചറിയാന്‍ ഈ ചരിത്രസന്ദര്‍ഭം ഉപകരിക്കപ്പെടും. സ്വന്തം ജനതയില്‍ ഒരു വിഭാഗത്തെ വേഷംകൊണ്ട് ചൂണ്ടിക്കാട്ടി ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രിയോട് ജനത തിരിച്ചുചോദിക്കുന്നു. ഇപ്പോള്‍ വേഷം കണ്ടാല്‍ പ്രതിഷേധക്കാരെ തിരിച്ചറിയാമോ പ്രധാനമന്ത്രീ എന്ന്. ഒരു ചൂണ്ടുവിരല്‍കൊണ്ട് ചുരുങ്ങിപ്പോകുന്നവരല്ല ഇന്ത്യന്‍ ജനതയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നത് ദുര്യോഗമാവാം. മതേതര രാജ്യത്തിന്റെ ഭരണാധികാരിയില്‍നിന്ന് ഒരിക്കലുമുണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവന നടത്തുമ്പോള്‍ പ്രധാനമന്ത്രി മോദി ഒരിക്കലും കരുതിയിരിക്കില്ല, ജനാധിപത്യത്തിന് ഇത്രമേല്‍ കരുത്തും പ്രതിരോധശേഷിയുമുണ്ടെന്ന്. ലോകത്തിനുമുന്നില്‍ ഇന്ത്യയെ അവതരിപ്പിച്ച ചരിത്രകാരന്‍ രാമചന്ദ്രഗുഹയെ പൊലീസ് വലിച്ചിഴച്ചു കൊണ്ടുപോകുന്നത് ഇന്ത്യ കണ്ടു. ലാത്തി വീശിയ പൊലീസിനു നേരെ പൂക്കള്‍ നീട്ടി ഇന്ത്യയുടെ യുവത്വം തലസ്ഥാനത്തിന്റെ തെരുവുകളില്‍ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിച്ചു. കൂട്ടം ചേര്‍ന്നാല്‍ തടങ്കലിലിടും എന്നു ബി.ജെ.പി സര്‍ക്കാരുകള്‍ നിലപാടെടുത്തപ്പോള്‍ ഒറ്റക്കൊറ്റക്ക് അവര്‍ അതേ മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിച്ചു വിളിച്ചു. എന്നിട്ടും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം നിയമത്തെബഹുമാനിക്കാതെ പൊലീസ് സമരങ്ങളെ ചോരയില്‍ മുക്കി. എട്ടുവയസുകാരനടക്കം പതിമൂന്നുപേരെ പൊലീസ് കൊലപ്പെടുത്തി. പ്രതിഷേധം നേരിടാനാകാതെ, നിരോധനാജ്ഞ പ്രഖ്യാപിച്ചു മനുഷ്യരെ പേടിപ്പിക്കാന്‍ ശ്രമിക്കുന്നു മോദി സര്‍ക്കാര്‍. ജനാധിപത്യ മര്യാദകളോട് കൂറോ ബഹുമാനമോ ഇല്ലാത്ത പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്ന് ഭരിക്കുന്ന ഓരോ സംസ്ഥാനത്തും അവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. കര്‍ണാടക ഹൈക്കോടതിക്കുപോലും ആ സംശയം ഉച്ചത്തില്‍ ചോദിക്കേണ്ടിവന്നിരിക്കുന്നു. ഒറ്റപ്പെട്ട പ്രതിഷേധമെന്നു പുച്ഛിച്ചു തള്ളിയ അതേ ബി.ജെ. പിയുടെ ഭരണകൂടങ്ങളാണ് നാടൊട്ടൊക്കും പാഞ്ഞുനടന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്, പ്രതിഷേധക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ പൊലീസിനോടാവശ്യപ്പെടുന്നത്. മനുഷ്യര്‍ തമ്മില്‍ ബന്ധപ്പെടാതിരിക്കാന്‍ രാജ്യതലസ്ഥാനത്തടക്കം ഇന്റര്‍നെറ്റ്, ഫോണ്‍ ശൃംഖലകള്‍ വിച്ഛേദിച്ചിരിക്കുന്നത്. പക്ഷേ അക്രമസംഭവങ്ങളെ തള്ളിപ്പറഞ്ഞുതന്നെ പ്രതിഷേധം ശക്തമായും സൂക്ഷ്മമായും മുന്നോട്ടുപോയതോടെ ഇന്നേവരെ സ്വതന്ത്ര ഇന്ത്യ കണ്ടിട്ടില്ലാത്ത നടപടികളുമായാണ് ബി.ജെ.പി സര്‍ക്കാരുകള്‍ മുന്നോട്ടു പോകുന്നു. മംഗളുരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ ഒരു പ്രകോപനവുമില്ലാതെ അറസ്റ്റു ചെയ്തു. എന്തു കുറ്റത്തിനെന്ന ചോദ്യത്തിന് ജനാധിപത്യനിയമങ്ങളെ കൊഞ്ഞനം കുത്തി ബി.ജെ. പി നേതാക്കള്‍ ധാര്‍ഷ്ട്യം പ്രകടിപ്പിച്ചു. ബി.ജെ.പിക്ക് ഹിതകരമായത്, ഹിതകരമല്ലാത്തത് എന്ന ഒരൊറ്റ നിയമവാഴ്ചയാണ് ഇന്നത്തെ ഇന്ത്യയില്‍ നടപ്പാകുന്നതെന്ന് രാജ്യം മാത്രമല്ല ലോകവും കണ്ടുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണകൂടം ജനാധിപത്യവിരുദ്ധമായ, വിവേചനപരമായ ഒരു നിയമത്തിനുവേണ്ടി സ്വന്തം വിദ്യാര്‍ഥികളെയും ജനങ്ങളെയും അടിച്ചൊതുക്കുന്നതെന്തിനെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ അതിശയം പ്രകടിപ്പിക്കുന്നു. ഇന്ത്യയിലെ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ ലോക മാധ്യമങ്ങള്‍ ആശങ്കയോടെ ചൂണ്ടിക്കാട്ടുന്നു. ഈ രാജ്യത്തോട് സ്‌നേഹവും കരുതലുമുള്ള ആര്‍ക്കും ഭരണകൂടത്തിന്റെ പോക്കില്‍ ആശങ്കപ്പെടാതിരിക്കാനാകില്ല. നിശബ്ദത കുറ്റമാകുന്ന കാലമാണിത്. അടിച്ചൊതുക്കിയും തടങ്കലിലിട്ടും നേരിടാന്‍ കഴിയാത്തവിധം ബഹുജനങ്ങള്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുകയാണ്. ബി.ജെ.പിയൊഴികെ ഭരണപക്ഷത്തുള്ള പാര്‍ട്ടികള്‍പോലും ഈ നീക്കത്തെ കയ്യൊഴിഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഒരിഞ്ചു പോലും പിന്‍മാറില്ലെന്ന് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നിലപാടെടുക്കുന്നതെന്തുകൊണ്ടാണ്? ഒരേയൊരു കാരണം. ഈ നിയമത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ബി. ജെ.പിയാണെന്നതാണ്. ജനാധിപത്യ ഇന്ത്യയെ കുരുതികൊടുത്തും ഈ നിയമം നടപ്പാക്കിയേ അടങ്ങൂവെന്ന് അമിത്ഷാ വാശിപിടിക്കുന്നത് രാജ്യത്തിനോ ഭൂരിപക്ഷത്തിനോ വേണ്ടിയാണെന്ന് തെറ്റിദ്ധരിച്ചുവെങ്കില്‍ തിരുത്തുക. സ്വന്തം അധികാരത്തിനും അജണ്ടകള്‍ക്കു വേണ്ടി മാത്രമാണ് ഈ ഹീനതന്ത്രങ്ങളില്‍ ഇന്ത്യയെ ബലികൊടുക്കുന്നത്. നിലവില്‍ ഇന്ത്യന്‍ പൗരനായ ഒരാള്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാക്കാത്ത പൗരത്വഭേദഗതിയില്‍ എന്തിനാണീ പ്രതിഷേധം എന്ന് അതിശയംകൂറുന്ന നിഷ്‌കളങ്കര്‍ക്ക് അസം എന്ന സംസ്ഥാനമാണ് മറുപടി. ഞാന്‍ ഇന്ത്യന്‍ പൗരനാണല്ലോ പിന്നെന്തിന് പേടിക്കണം എന്ന് വീമ്പ് പറയുന്നവര്‍ ഇടംവലം തിരിയുംമുമ്പ് അസമില്‍ സംഭവിച്ചതെന്താണെന്ന് ശരിയായി മനസിലാക്കണം. അനധികൃത കുടിയേറ്റത്തിനെതിരെ കാലങ്ങളായി ശക്തമായ പ്രക്ഷോഭം നടക്കുന്ന അസമില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ പൗരത്വ റജിസ്റ്റര്‍ തയാറാക്കിയപ്പോള്‍ സംസ്ഥാനത്തെ 19 ലക്ഷം പേര്‍ക്ക് പട്ടികയില്‍ ഇടം കിട്ടിയില്ല. എന്നുവച്ചാല്‍ 19 ലക്ഷം പേര്‍ക്ക് പൗരത്വം തെളിയിക്കാനായില്ല. ബി.ജെ. പിയുടെ പ്രതീക്ഷകള്‍ അട്ടിമറിച്ചുകൊണ്ട് ഈ 19 ലക്ഷം പേരില്‍ 11 ലക്ഷം മുതല്‍ 14 ലക്ഷം വരെ ഹിന്ദുക്കളാണെന്നാണ് അനൗദ്യോഗിക കണക്ക്. ഈ ഹിന്ദു വിഭാഗക്കാരെ ബി.ജെ.പിക്ക് കയ്യൊഴിയാന്‍ വയ്യ. കാരണം സമീപകാലതെരഞ്ഞെടുപ്പുകളിലെല്ലാം അസം ബി.ജെ.പിക്കൊപ്പമാണ് നിന്നത്. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ 14 സീറ്റുകളില്‍ ഒന്‍പതും ബി.ജെ.പി നേടി. അതിനുപിന്നില്‍ വ്യക്തമായ മറ്റൊരു സാമൂഹ്യസാഹചര്യവും ഉണ്ടായിരുന്നു. അസമിലെ 3 കോടി 12 ലക്ഷം വരുന്ന ജനങ്ങളെ പൗരത്വ രേഖകളില്‍ അവ്യക്തതയുള്ളവരെയെല്ലാം വോട്ടര്‍പട്ടികയില്‍നിന്നു നീക്കിയിരുന്നു. അങ്ങനെ ലോക്‌സഭാതിതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാകാതെ പുറത്തുനില്‍ക്കേണ്ടി വന്നത് 40 ലക്ഷം പേര്‍ക്കാണ്. ആ 40 ലക്ഷത്തില്‍ 25 ലക്ഷവും മുസ്‌ലിംകളായിരുന്നു. ഇപ്പോഴും ഈ ഡി വോട്ടര്‍മാരുടെ പട്ടിക തയാറാകുന്നത് തുടരുകയാണ്. അതിനിടയിലാണ് പൗരത്വ രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയായതും അപ്രതീക്ഷിത ട്വിസ്റ്റുണ്ടാകുന്നതും. പൗരത്വ രജിസ്റ്റര്‍ നടപടിക്രമങ്ങളില്‍ പിഴവുണ്ടായെന്നും തിരുത്തുമെന്നുമാണ് ബി.ജെ.പി സര്‍ക്കാര്‍ പറയുന്നത്. പക്ഷേ പൗരത്വം നഷ്ടപ്പെട്ട 14 ലക്ഷം വരെ വരുന്ന ഹിന്ദുക്കളെ അങ്ങനെ തെറ്റുതിരുത്തല്‍ നടപടികള്‍ക്കുവിട്ടുകൊടുത്താലുണ്ടാകുന്ന നഷ്ടം ബി.ജെ.പിക്ക് ചിന്തിക്കാനാകില്ല. ഏറെ പാടുപെട്ടാണ് ബി.ജെ.പി വടക്കുകിഴക്കന്‍ മേഖലയില്‍ കാലൂന്നിയത്. പൗരത്വപട്ടികകൂടി വരുന്നതോടെ കൂടുതല്‍ ന്യൂനപക്ഷങ്ങള്‍ പുറത്താകുമെന്നും നില കൂടുതല്‍ ഭദ്രമാകുമെന്നും കാത്തിരുന്ന ബി.ജെ.പിക്ക് കനത്ത പ്രഹരമാണ് പൗരത്വ പട്ടിക നല്‍കിയത്. അതു തിരുത്താന്‍വേണ്ടി മാത്രമാണ് ഇത്ര ധൃതിയില്‍ ബി. ജെ.പി പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. അതായത് രാജ്യവ്യാപകമായി പൗരത്വഭേദഗതി നിയമം കൊണ്ടുവരുന്നു, ശേഷം, പൗരത്വപട്ടികയും നടപ്പാക്കുന്നു. പൗരത്വത്തിന് യോഗ്യതയില്ലാതായ ഭൂരിപക്ഷ സമുദായാംഗങ്ങള്‍ക്കെല്ലാം പൗരത്വ നിയമഭേദഗതി സുരക്ഷ ഉറപ്പാക്കുന്നു. മുസ്‌ലിം വിഭാഗത്തിനുമാത്രം ആ പരിരക്ഷയില്ലാതെ പൗരത്വ പട്ടികയില്‍നിന്നു പുറത്താകേണ്ടിവരുന്നു. അതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് പ്രതിരോധമില്ലാത്ത അധികാരമാണ്. അതിനുവേണ്ടി അപരവിദ്വേഷവും ന്യൂനപക്ഷവിരോധവും ആളിക്കത്തിച്ചു വിതരണം ചെയ്യുകയാണ്. അങ്ങനെ ബി.ജെ.പിയുടെ അധികാരം ചോദ്യംചെയ്യാനാകാത്തകാലം ഉറപ്പിക്കുന്നതിനുവേണ്ടിയാണ് അപ്രഖ്യാപിത അടിയന്തരാവസ്ഥയുമായി മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരെല്ലാം ഈ കഥയറിയാതെ ആട്ടം കാണുകയാണ്. ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്‍മാരാക്കിയ ശേഷം, തങ്ങള്‍ക്കുവേണ്ടി വാഗ്ദത്ത ഭൂമിയൊരുക്കുന്ന മോദിസര്‍ക്കാരിനെ നോക്കിയിരിക്കുന്ന ആരാധകര്‍ അറിയുന്നില്ല, കാത്തിരിക്കുന്നതെന്താണെന്ന്. മോദി സര്‍ക്കാരിനും ബി.ജെ.പിക്കും ഭൂരിപക്ഷ ജനതയോടും പ്രതിബദ്ധതയില്ലെന്നതിന് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയടക്കം ഒട്ടേറെ തെളിവുകളുണ്ട്. മോദി ഭരണകൂടത്തിന് ഈ പൗരത്വഭേദഗതി നിയമത്തില്‍ ദുരുദ്ദേശങ്ങളില്ലെന്നു തെളിയിക്കാന്‍ ഒരെളുപ്പ വഴിയുണ്ട്. പൗരത്വ പ്രശ്‌നത്തില്‍ പിന്നോട്ടില്ലെന്നുറച്ചാണെങ്കില്‍ ആദ്യം പൗരത്വപട്ടിക തയാറാക്കുക. എത്ര ഇന്ത്യക്കാര്‍ക്ക് പൗരത്വ പട്ടികയില്‍ ഇടംകിട്ടുമെന്നു രാജ്യം കാണട്ടെ. അതില്‍ ഏതേതു വിഭാഗക്കാരാണ് കൂടുതല്‍ ഉള്‍പ്പെടുന്നതെന്നും സുതാര്യമായി രാജ്യം അറിയട്ടെ. ആരൊക്കെയാണ് ഇന്ത്യന്‍ പൗരന്‍മാരെന്ന് തീരുമാനിച്ച ശേഷമാകാം പുറത്തുനിന്നെത്തിയവര്‍ക്കുവേണ്ടിയുള്ള പൗരത്വഭേദഗതി. ബി.ജെ.പി സര്‍ക്കാര്‍ അതിനു തയാറാകുമോ? ഒരിക്കലുമില്ല. കേന്ദ്രമന്ത്രി അമിത്ഷാ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ള ഈ ക്രമമാണ് പ്രശ്‌നം. ആദ്യം പൗരത്വഭേഗദഗതി. പിന്നെ പൗരത്വ പട്ടിക. കാരണം അസം മാത്രം മാതൃകയായി കണ്ടാല്‍ രാജ്യവ്യാപകമായി പൗരത്വ പട്ടിക വരുമ്പോള്‍ ഭൂരിപക്ഷവും ഹിന്ദുക്കള്‍ ഉള്‍പ്പെടുമെന്നുറപ്പ്. അന്ന് അവര്‍ക്കുമാത്രം പൗരത്വം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത് പ്രായോഗികമാവില്ലെന്ന് ബി.ജെ.പിക്കറിയാം. കാരണം ആ ഘട്ടത്തില്‍ മുസ്‌ലിംകളെ മാത്രമായി പുറത്താക്കാനാകില്ല. അതിനുപകരം ആദ്യം പൗരത്വ ഭേദഗതി നടത്തി ഉറപ്പിക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, ബി.ജെ.പിയുടെ വോട്ടു ബാങ്കായ ഭൂരിപക്ഷ സമുദായങ്ങള്‍ സുരക്ഷിതരാകും. രണ്ട് പൗരത്വ പട്ടിക വരുമ്പോള്‍ മുസ്‌ലിം വിഭാഗത്തില്‍പെടുന്നവര്‍ മറ്റൊരാശ്രയവുമില്ലാതെ പട്ടികക്കു പുറത്തുപോകും. സ്ത്രീകള്‍, ദുര്‍ബല, പിന്നാക്ക വിഭാഗക്കാര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍ തുടങ്ങിയവരാണ് മതിയായ രേഖകളില്ലെന്ന ഒറ്റക്കാരണത്താല്‍ പട്ടികയില്‍ ഇടംകിട്ടാതെ പോകുന്ന ഇന്ത്യക്കാര്‍. ജീവിതത്തിലൊരിക്കല്‍പോലും ഔദ്യോഗിക സംവിധാനങ്ങളുമായി ബന്ധപ്പെടേണ്ടി വന്നിട്ടില്ലാത്തവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാനാവില്ലെന്നു മനസിലാക്കുന്ന മാനവിക സമീപനമുള്ള വ്യവസ്ഥയാണ് ഇന്ത്യയിലുണ്ടാകേണ്ടത്. എനിക്ക് ആധാറുണ്ട്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുണ്ട്, പാസ്‌പോര്‍ട്ടുണ്ട് എന്നൊക്കെ ആത്മവിശ്വാസം ഉറപ്പിക്കുന്നവര്‍ മനസിലാക്കുക. ഇതൊക്കെ തിരിച്ചറിയല്‍ രേഖകള്‍ മാത്രമാണെന്നും പൗരത്വം തെളിയിക്കുന്ന രേഖകളല്ലെന്നും ആഭ്യന്തരമന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിക്കുന്നു. ഇതൊക്കെയുണ്ടായിരുന്നവരാണ് ഇന്ന് അസമില്‍ പൗരത്വപട്ടികക്കു പുറത്ത് കനിവും കാത്തു കഴിയുന്നത്. ജനനം, ജനിച്ച കാലം, കുടുംബം ഇതെല്ലാം തെളിയിക്കുന്ന രേഖകളുണ്ടാകണം പൗരത്വ പട്ടികയില്‍ സ്ഥാനം ഉറപ്പിക്കാന്‍. അതുകൊണ്ട് ഒരിന്ത്യക്കാരനെയും ബാധിക്കില്ലെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അവാസ്തവം ആവര്‍ത്തിക്കുമ്പോള്‍ തിരിച്ചുചോദിക്കേണ്ടത് ഒരേയൊരു കാര്യമാണ്. പൗരത്വഭേദഗതിക്കു മുമ്പ് പൗരത്വപട്ടിക പൂര്‍ത്തിയാക്കട്ടെ എന്നു പറയാന്‍ ബി.ജെ.പിക്കു ധൈര്യമുണ്ടോ? പൗരന്‍ ആരെന്നു തീരുമാനിച്ചതിനുശേഷം പൗരത്വ നിയമത്തില്‍ വരുത്തേണ്ട ഭേദഗതികള്‍ തീരുമാനിക്കാം. ഭേദഗതിക്കു മുമ്പ് പൗരന്‍മാര്‍ ആരൊക്കെയെന്ന് കണ്ടെത്താന്‍ തയാറാണോ? ഈ കുടിലനീക്കം അബദ്ധമായി വന്നു ഭവിച്ചതൊന്നുമല്ല. കാലങ്ങളായി തയാറാക്കപ്പെട്ട സംഘ്പരിവാര്‍ അജണ്ടയിലെ കൃത്യമായ ആസൂത്രണമാണ്. മതാധിപത്യം വഴി സംഘപരിവാറില്‍എത്തിച്ചേരുന്ന സമഗ്രാധിപത്യ ഫാസിസ്റ്റ് ഭരണാധികാരത്തിലേക്കുള്ള സുപ്രധാന ചുവടാണ് പൗരത്വഭേദഗതി നിയമം.

SHARE