ചൈനയില്‍ വാട്‌സ്ആപ്പിനും വിലക്കേര്‍പ്പെടുത്തി

ബീജിങ്: അടുത്ത മാസം നടക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കോണ്‍ഗ്രസിന് മുന്നോടിയായി ചൈനയില്‍ വാട്‌സ്ആപ്പിന് വിലക്ക്. ഒരാഴ്ചയിലേറെയായി വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. സെപ്തംബര്‍ 23 മുതല്‍ സേവനം ലഭിക്കില്ലെന്നായിരുന്നു ചൈനീസ് ഭരണകൂടത്തിന്റെ അറിയിപ്പ്. എന്നാല്‍ 19 മുതല്‍ തന്നെ നിരവധി പേര്‍ക്ക് വാട്‌സ്ആപ്പ് ലഭിക്കാതായി. ഫേസ്ബുക്കിനും ട്വിറ്ററിനും ചൈനയില്‍ നേരത്തെ തന്നെ വിലക്കുണ്ട്. ഫേസ്ബുക്കിന്റെ തന്നെ ഉപഗ്രൂപ്പായ വാട്‌സ്ആപ്പിന് പ്രവര്‍ത്തനാനുമതിയുണ്ടായിരുന്നു. ഇപ്പോള്‍ അതും നിര്‍ത്തിവെച്ചിരിക്കുകയാണ്. ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന സമ്മേളനങ്ങള്‍ വരുമ്പോഴെല്ലാം ദേശീയ സുരക്ഷയുടെ പേരു പറഞ്ഞ് സാമൂഹ്യമാധ്യമങ്ങള്‍ക്ക് കമ്യൂണിസ്റ്റ് ഭരണകൂടം വിലക്കേര്‍പ്പെടുത്താറുണ്ട്. ചൈനയില്‍ ഫെയ്്‌സ്ബുക്കിന് പുറമെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയും നിരോധിച്ചിരിക്കുകയാണ്. സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളും വിഷയങ്ങളും പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനത്തിന് തന്നെ ചൈന രൂപംനല്‍കിയിട്ടുണ്ട്. പാര്‍ട്ടിക്കും സമൂഹത്തിനും ദോഷകരമാകുന്ന സന്ദേശങ്ങള്‍ നശിപ്പിച്ചു കളയുകയാണ് പതിവ്. ചിലപ്പോള്‍ അത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാറുമുണ്ട്. 2009ലാണ് ഫെയ്‌സ്ബുക്കിന് ചൈനയില്‍ വിലക്കേര്‍പ്പടുത്തിയത്. സേവനം പുനസ്ഥാപിക്കാന്‍ ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ശ്രമിച്ചുകൊണ്ടിരിക്കെയാണ് വാട്‌സ്ആപ്പും നിരോധിച്ചത്. ചൈനയിലെ ഏറ്റവും വലിയ ജനപ്രിയ സാമൂഹ്യമാധ്യമമാണ് വാട്‌സ്ആപ്പ്.

SHARE