ചരിത്രം വിസ്മരിച്ച ആത്മജ്ഞാനി

 

ഉനൈസ് പി.കെ കൈപ്പുറം

കേരളത്തില്‍ ഇസ്‌ലാമിന്റെ പ്രാരംഭകാലം മുതല്‍ മലബാറിലെ മുസ്‌ലിംകള്‍ക്ക് മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നേതൃത്വം നല്‍കി വന്നവരാണ് കോഴിക്കോട് ഖാസിമാര്‍. ഹിജ്‌റ 21 ന് ചാലിയത്ത് നിര്‍മിക്കപ്പെട്ട, കേരളത്തിലെ ആദ്യ പത്ത് പള്ളികളിലൊന്നില്‍ നിയമിതനായ ഹബീബ് ബിന്‍ മാലിക് മുതല്‍ തുടങ്ങുന്നതാണ് കോഴിക്കോട് ഖാസി പരമ്പരയുടെ ചരിത്രം. സൂഫിവര്യന്മാരും സ്വാതന്ത്ര്യ സമര പോരാളികളും സാഹിത്യ പ്രതിഭകളുമായി അനേകം കര്‍മവര്യരെ ഖാസി കുടുംബം സമൂഹത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഇവരില്‍ പ്രധാനിയാണ് ഹിജ്‌റ 1301 (എഡി 1884) ല്‍ വഫാത്തായ ഖാസി അബൂബക്കര്‍ കുഞ്ഞി. ചരിത്ര രചനയില്‍ വേണ്ട വിധം ശ്രദ്ധിക്കപ്പെടാതെ പോയ ഖാസി അബൂബക്കര്‍ കുഞ്ഞിയുടെ ജീവിതം സാഹിത്യ രചനകളില്‍ മുഴുകിയതും ആധ്യാത്മികതയിലൂന്നിയ കര്‍മ വിശുദ്ധിയുടേതുമായിരുന്നു.
കോഴിക്കോട് ഖാസി പരമ്പരയില്‍ ഏറ്റവുമധികം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഖാസിയാണ് ഖാസി മുഹമ്മദ്. പ്രഥമ അറബി മലയാള കൃതിയുടെ രചയിതാവായ അദ്ദേഹത്തിന്റെ എട്ടാമത്തെ പേരമകനാണ് ഖാസി അബൂബക്കര്‍ കുഞ്ഞി. സാഹിത്യ രചനയില്‍ പിതാമഹന്റെ പാത തന്നെയായിരുന്നു അബൂബക്കര്‍ കുഞ്ഞിയും പിന്തുടര്‍ന്നത്. അദ്ദേഹത്തിന്റെതായി കണ്ടെത്തപ്പെട്ടിട്ടുള്ള ഇരുപതോളം രചനയില്‍ ഖാസി മുഹമ്മദിന്റെ രചനകള്‍ക്കുള്ള തര്‍ജമയും വ്യാഖ്യാനങ്ങളും ഉള്‍പ്പെടുന്നുണ്ട്. 1861 ല്‍ പിതാവ് കില്‍സിങ്ങാന്റകത്ത് കുഞ്ഞീതിന്‍ കുട്ടിയുടെ വിയോഗത്തോടെയാണ് അദ്ദേഹം ഖാസി പദവിലെത്തുന്നത്. പ്രാഥമിക വിദ്യാഭ്യാസം പിതാവില്‍ നിന്ന് കരസ്ഥമാക്കിയ ശേഷം അക്കാലത്തെ പ്രഥമ വിദ്യാഭ്യാസ കേന്ദ്രമായ പൊന്നാനിയില്‍ ‘വിളക്കത്തിരിക്കലി’ന് ചേര്‍ന്നു. ശൈഖ് സൈനുദ്ദീന്‍ മൂന്നാമന്‍, ശൈഖ് അഹ്മദ് ദഹ്‌ലാന്‍, ശൈഖ് അബ്ദുല്‍ ഖാദര്‍ ബിന്‍ ഉമര്‍ എന്നിവരില്‍ നിന്നും വിവിധ മത വിഷയങ്ങളില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കി. ഇസ്‌ലാമിക ചരിത്രത്തില്‍ അങ്ങേയറ്റത്തെ അവഗാഹം നേടിയിരുന്ന അദ്ദേഹത്തിന് അറബിയിലും അറബി-മലയാളത്തിലുമുള്ള പദ്യ രചനാ പാടവം ആരെയും അത്ഭുതപ്പെടുത്തന്നതായിരുന്നു. ഉസ്്താദുമാരായ അഹ്മദ് സൈനി ദഹ്‌ലാനില്‍ നിന്നും അലവി ത്വരീഖത്തിലും അബ്ദുല്‍ ഖാദിര്‍ ബിന്‍ ഉമറില്‍ നിന്നു ഖാദിരി ത്വരീഖത്തിലും ശൈഖ് മുഹമ്മദ് അല്‍ ഫാസിയില്‍ നിന്നു ശാദുലി ത്വരീഖത്തിലും ബൈഅത്ത് സ്വീകരിച്ച ഖാസി അബൂബക്കര്‍ കുഞ്ഞി അക്കാലത്തെ കോഴിക്കോട് മുസ്്‌ലിംകള്‍ക്കിടയിലെ സജീവമായ ആത്മീയ സാന്നിധ്യമായിരുന്നു. കുറ്റിച്ചിറ ജുമുഅത്ത് പള്ളിയില്‍ അദ്ദേഹം സ്ഥാപിച്ച ശാദുലി ത്വരീഖത്തിന്റെ ദിക്‌റ് ഹല്‍ഖ നൂറ്റാണ്ടുകള്‍ പിന്നിട്ടും നിലനില്‍ക്കുന്നുവെന്ന് കോഴിക്കോട് മുസ്‌ലിംകളുടെ ചരിത്രമെഴുതിയ പരപ്പില്‍ മുഹമ്മദ് കോയ രേഖപ്പെടുത്തുന്നു.
അറബി-മലയാള ഭാഷകളിലായി അദ്ദേഹം രചിച്ച സാഹിത്യ കൃതികള്‍ ആധ്യാത്മികമായും സാമൂഹികമായും അദ്ദേഹത്തിനുണ്ടായിരുന്ന ധിഷണയും ജാഗ്രതയും വ്യക്തമാക്കുന്നതാണ്. ‘ശറഹ് വിത്്‌രിയ്യ’ എന്ന അദ്ദേഹത്തിന്റെ കൃതി മുന്‍ കഴിഞ്ഞ ഖാസിമാരുടെ പരമ്പരയും അവരുടെ കാലങ്ങളിലെ ചരിത്ര സംഭവങ്ങളും പ്രതിപാദിക്കുന്നതാണ്. കായല്‍പട്ടണക്കാരനായ സ്വദഖത്തുള്ളാഹില്‍ കായലി രചിച്ച ശറഹ് വിത്‌രിയ്യയുടെ തഖ്മീസിന് അദ്ദേഹം രചിച്ച വ്യാഖ്യാനമാണ് ‘മസാബിഹു കവാകിബു ദുരിയ്യ’. മൂന്ന് ഭാഗങ്ങളിലായാണ് ഈ കൃതി സജ്ജീകരിച്ചിട്ടുള്ളത്. വിത്‌രിയയ്യുടെ ഗ്രന്ഥകര്‍ത്താവായ അബൂബക്കര്‍ ബഗ്ദാദിയുടെ സ്വപ്‌നങ്ങളും ആഖ്യാനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഒന്നാം ഭാഗം. സ്വദഖത്തുള്ളാഹില്‍ കായലിയുടെ വിവരണങ്ങളും അദ്ദേഹം തഖ്മീസ് രചിക്കാനുണ്ടായ കാരണങ്ങളുമാണ് രണ്ടാം ഭാഗത്തില്‍. അബൂബക്കര്‍ കുഞ്ഞിയുടെ വിശദമായ കുടുംബപരമ്പരയും വിവിധ വിഷയങ്ങളിലായി അദ്ദേഹത്തിനുള്ള സനദുകളുമാണ് മൂന്നാമത്തെ ഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഖാസി മുഹമ്മദിന്റെ ‘ഇലാകം അയ്യുഹല്‍ ഇന്‍സാന്‍’ എന്ന പ്രസിദ്ധമായ ഗുണദോശ കാവ്യത്തിന് തര്‍ജമയും വ്യാഖ്യാനവും അദ്ദേഹം രചിച്ചിച്ചുണ്ട്. ‘നസ്വീഹത്തുല്‍ ഇഖ് വാന്‍ ഫി ശറഹി ഇലാകം അയ്യുഹല്‍ ഇന്‍സാന്‍’ എന്ന പേരിലറിയപ്പെടുന്ന വ്യാഖ്യാനഗ്രന്ഥം മൂലകൃതിയിലെ ഓരോ പദ്യങ്ങളും വ്യക്തമായി പരിശോധിച്ച് വിശദമായ വ്യാഖ്യാനം നല്‍കുന്നതാണ്. ‘തടിഉറുദിമാല’ എന്നാണ് തര്‍ജമക്ക് പേരിട്ടിരിക്കുന്നത്. അറബി-മലയാളത്തിലുള്ള ഈ മാലപ്പാട്ടിലെ ഏതാനും വരികള്‍ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘അറബിമലയാള സാഹിത്യചരിത്രം’ എഴുതിയ ഒ. ആബുവിന്റെ അഭിപ്രായത്തില്‍ അക്കാലത്ത് അറബി പണ്ഡിന്മാരുടെ ഭാഷയും അറബി മലയാളം സാധാരണക്കാരുടെ ഭാഷയുമായിരുന്നു. ഖാസി മുഹമ്മദിന്റെ രചനകള്‍ വിവര്‍ത്തനം ചെയ്തതിലൂടെ മലബാറിലെ മുസ്‌ലിംകള്‍ക്ക് തികവുറ്റ ഗ്രന്ഥങ്ങള്‍ മനസിലാക്കാനും ഉള്‍ക്കൊള്ളാനും വഴിയൊരുക്കുകയായിരുന്നു ഖാസി അബൂബക്കര്‍ കുഞ്ഞി.
പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ രചിക്കാത്ത മലബാറിലെ സാഹിത്യപ്രതിഭകള്‍ കുറവാണ്. ‘മുഷ്ഫിഖതുല്‍ ജിനാന്‍’ എന്നാണ് ഖാസി അബൂബക്കര്‍ കുഞ്ഞിയുടെ പ്രവാചക കീര്‍ത്തന കാവ്യം അറിയപ്പെടുന്നത്. പുണ്യ നബിയോട് സ്വലാത്തും സലാമും ചൊല്ലി തുടങ്ങുന്ന കാവ്യം അറബി സാഹിത്യത്തിത്തിലും പദ്യരചനയിലും അദ്ദേഹത്തിനുള്ള പ്രാഗത്ഭ്യം വിളിച്ചോതുന്നു.
പിതാവ് കില്‍സിങ്ങാന്റകത്ത് കുഞ്ഞീദിന്‍ കുട്ടി ഖാസിയെക്കുറിച്ചും ഗുരുക്കന്മാരായ മുഹമ്മദ് ഫാസി, ശൈഖ് അബ്ദുല്‍ ഖാദിര്‍ ബിന്‍ ഉമര്‍ എന്നിവരെ കുറിച്ചുമെഴുതിയ വിലാപ കാവ്യങ്ങളും അദ്ദേഹത്തിന്റെ സാഹിത്യ സപര്യക്ക് മാറ്റുകൂട്ടുന്നതാണ്. മക്ക വിജയത്തെക്കുറിച്ചെഴുതിയ മക്കം ഫത്ഹ് (1883), ഖുര്‍ആനിലെ അക്ഷരങ്ങളും അവയുടെ ഉച്ചാരണ സ്ഥാനങ്ങളും വിശദമാക്കുന്ന ദിറാസത്തുല്‍ ഖുര്‍ആന്‍ (ഖുര്‍ആന്‍ പഠനം), ഹജ്ജ് യാത്രയെക്കുറിച്ചെഴുതിയ റിസാലത്തുന്‍ അന്‍ സഫരിഹി ഇലാ മക്ക ലില്‍ ഹജ്ജ്, അഹ്‌നുല്‍ മുഅനില്‍ അക്‌റം, കുഞ്ഞായിന്‍ മുസ്്‌ലിയാരുടെ കപ്പപ്പാട്ടു പോലെ രചിക്കപ്പെട്ട നള്മു സഫീന, ബറകത്ത് മാല, അഖീദ മാല, ഇലാകം അയ്യുഹല്‍ ഇഖ്‌വാന്‍ തുടങ്ങിയവയാണ് അറിയപ്പെട്ട മറ്റുകൃതികള്‍.
ഖാസി അബൂബക്കര്‍ കുഞ്ഞിയുടെ ആധ്യാത്മിക രചനകളില്‍ പ്രധാനപ്പെട്ടവയാണ് ‘മദാരിജു സാലികും ശാദുലി മാല’യും. 176 വരികളുള്ള ശാദുലി മാലക്ക്് ഖാസി മുഹമ്മദിന്റെ മുഹ്‌യുദ്ദീന്‍ മാലയോട് ശക്തമായ സാമ്യത കാണാവുന്നതാണ്. രചനയിലും ഉള്ളടക്കങ്ങളുടെ ക്രമീകരണത്തിലും വിവിധ സംഭവങ്ങളുടെ പ്രതിപാദനത്തിലും മുഹ്‌യുദ്ദീന്‍ മാലയുടെ അതേ രീതിയാണ് പിന്തുടര്‍ന്നിട്ടുള്ളത്. ശാദുലി ത്വരീഖത്തിന്റെ സ്ഥാപകന്‍ ശൈഖ് അബുല്‍ ഹസനിയുടെ ജീവിത കഥയാണ് ശാദുലി മാലയുടെ ഇതിവൃത്തം. മനുഷ്യാത്മാവിന്റെ വിവിധ തലങ്ങളെക്കുറിച്ചും ആധ്യാത്മികമായി അവന്‍ വളരേണ്ടതിന്റെ സാഹചര്യങ്ങളെക്കുറിച്ചുമുള്ള വിവരണമാണ് മദാരിജു സാലികില്‍. സൂഫികള്‍ക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രത്യേക സാങ്കേതിക പദങ്ങളെക്കുറിച്ചും ഈ കൃതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
മാപ്പിള സാഹിത്യത്തില്‍ പുകള്‍പെട്ട മോയിന്‍ കുട്ടി വൈദ്യരുടെ സമകാലികനായിരുന്നു ഖാസി അബൂബക്കര്‍ കുഞ്ഞി. പല വിഷയങ്ങളിലും ഇരുവരും തമ്മില്‍ ആശയ കൈമാറ്റങ്ങളുമുണ്ടായിട്ടുണ്ട്. വൈദ്യര്‍ക്ക് ഉഹ്ദ് പടപ്പാട്ട് രചിക്കാന്‍ പ്രചോദനം നല്‍കിയതും ഖാസി അബൂബക്കര്‍ കുഞ്ഞിയായിരുന്നു. ഇക്കാര്യം വൈദ്യര്‍ ഉഹ്ദ് പടപ്പാട്ടിലെ മൂന്നാമത്തെ ഇശലില്‍ പ്രതിപാദിക്കുന്നുണ്ട്. മറുപടിയായി അദ്ദേഹത്തിന്റെ ബര്‍ക്കത്ത് മാലയും മറ്റു ചില പദ്യങ്ങളും പരിശോധിച്ച് തിരുത്തിക്കൊടുക്കുകയും ചെയ്തിരുന്നു വൈദ്യര്‍.
ഖാസി അബൂബക്കര്‍ കുഞ്ഞിയുടെ കാലത്താണ് കോഴിക്കോട് മുസ്‌ലിംകള്‍ രണ്ട് ചേരിയിലായിത്തീര്‍ന്ന ഇരു ഖാസി സമ്പ്രദായം ഉണ്ടാവുന്നത്. കല്യാണ സമയത്ത് കൈമുട്ടി പാടുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കവും ഒരു പള്ളിയിലെ കല്ല് മറ്റൊരു പള്ളിയിലേക്ക് നീക്കം ചെയ്തതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങളും സ്ഥലത്തെ മുസ്‌ലിംകളെ മാനസികമായി അകറ്റുകയും രണ്ടു ചേരികളിലായി തിരിയാന്‍ കാരണമാവുകയും ചെയ്തു. അബൂബക്കര്‍ കുഞ്ഞിയുടെ കാലത്ത് മിശ്ഖാല്‍ പള്ളിയുടെ ചുമതല വഹിച്ചിരുന്ന ആലിക്കോയ ഖത്തീബിനോട് വാര്‍ഷിക സംഖ്യ കൊടുക്കാന്‍ ചെന്നയാള്‍ അപമര്യാദയായി പെരുമാറിയത് പ്രശ്‌നം രൂക്ഷമാക്കുകയും രണ്ടു ഖാസിമാരുടെ കീഴിലായി കോഴിക്കോട്ടെ മുസ്‌ലിംകള്‍ ചേരിതിരിയുന്ന വേദനാജനകമായ ഭിന്നതക്ക് വഴിവെക്കുകയും ചെയ്തു. ആ സമയത്ത് പ്രായം കൂടുതലുണ്ടായിരുന്നത് ഖാസി അബൂബക്കര്‍ കുഞ്ഞിയായതിനാല്‍ ജുമുഅത്ത് പള്ളി കേന്ദ്രീകരിച്ച് അദ്ദേഹത്തെ വലിയ ഖാസിയായും പ്രായക്കുറവുണ്ടായിരുന്ന ആലിക്കോയ ഖത്തീബിന്റെ മകന്‍ പള്ളിവീട്ടില്‍ മുഹമ്മദിനെ മിശ്കാല്‍ പള്ളി കേന്ദ്രമാക്കി ചെറിയ ഖാസിയായും നിയമിതരാക്കി സാമൂതിരി ഉത്തരവിറക്കുകയായിരുന്നു.
ഇ. മൊയ്തു മൗലവിയുടെ പിതാവ് കോടഞ്ചേരി മരക്കാര്‍ മുസ്‌ല്യാര്‍, സയ്യിദ് സനാഉള്ള മക്തി തങ്ങള്‍, കൊച്ചിയിലെ അടിമ മുസ്്‌ല്യാര്‍ എന്നറിയപ്പെടുന്ന മൗലാനാ അബ്ദുറഹ്മാന്‍ ഹൈദ്രോസ് എന്നിവര്‍ ശിഷ്യന്മാരില്‍ പ്രധാനികളാണ്. തികഞ്ഞ സൂഫിയും പല ത്വരീഖത്തുകളുടെയും ശൈഖും പ്രഗത്ഭനായൊരു സാഹിത്യ പ്രതിഭയുമായിരുന്ന അദ്ദഹത്തിന്റെ ജിവിതം വിശദമായ ഗവേഷണങ്ങളും അന്വേഷണങ്ങളും ആവശ്യപ്പെടുന്നതാണ്.

SHARE