ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെിരെ ഒരു വാക്സിനും ഇതുവരെ സമ്പൂര്‍ണ അനുമതി ലഭിച്ചിട്ടില്ലെങ്കിലും പ്രധാനപ്പെട്ട നിര്‍മാതാക്കളില്‍ നിന്ന് വികസിത രാഷ്ട്രങ്ങള്‍ വാങ്ങിക്കൂട്ടുന്നത് കോടിക്കണക്കിന് ഡോസുകള്‍. നൂറു കോടി ഡോസുകള്‍ ഇതുവരെ വിറ്റതായാണ് കണക്ക്. പണം ചെലവഴിക്കാനില്ലാത്ത ദരിദ്രരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തുന്ന നീക്കമാണ് വികസിത രാഷ്ട്രങ്ങളുടേത് എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വാക്സിന് നിര്‍മിക്കുന്ന രാഷ്ട്രങ്ങളും യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും വാക്സിന് ചെറിയ വിലയ്ക്ക് ലഭ്യമാക്കും എന്ന് പറയുന്നുണ്ടെങ്കിലും വളരെ ചെറിയ കാലയളവില്‍ ലോകത്തെ 780 കോടി പേര്‍ക്ക് വാക്സിന് എത്തിക്കുക എളുപ്പമാകില്ല. 2009ല്‍ പന്നിപ്പനി പടര്‍ന്നപ്പോഴുള്ള അതേസാഹചര്യമാണ് ഇപ്പോഴുള്ളത് എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അന്ന് സമ്പന്ന രാഷ്ട്രങ്ങള്‍ വാക്സിനുകള്‍ വാങ്ങിക്കൂട്ടിയത് ദരിദ്രരാഷ്ട്രങ്ങളെ ബാധിച്ചിരുന്നു.
ഇപ്പോള്‍ യു.എസ്, ബ്രിട്ടണ്, യൂറോപ്യന്‍ യൂണിയന്, ജപ്പാന് എന്നീ രാഷ്ട്രങ്ങള്‍ മാത്രം മരുന്നുകമ്പനികളുമായി 130 കോടി ഡോസിന്റെ വ്യാപാരത്തിന് കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആദ്യഘട്ടത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വാകസിനുകള്‍ മുഴുവന്‍ ഉപയോഗിക്കപ്പെടുന്നത് ഈ രാഷ്ട്രങ്ങളില്‍ ആയിരിക്കും.
സനോഫി, ഗ്ലാക്സോ, ഫിസര്‍, ബയോഎന്‍ടെക്, നോവവാക്സ്, ആസ്ട്ര സെനക് എന്നീ കമ്പനികളുമായി യു.എസ് കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. സനോഫി, ഗ്ലാക്സോ കമ്പനികളുമായി യൂറോപ്യന്‍ യൂണിനയും കരാറുണ്ട്. യു.കെ, സ്പെയിന്, ഇസ്രയേല്‍ എന്നീ രാഷ്ട്രങ്ങളും ഈ വാക്സിന് നിര്‍മാതാക്കളുമായി കരാരില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
നിലവിലെ പരീക്ഷണങ്ങളില്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്ര സെനികയും ചേര്‍ന്നു വികസിപ്പിക്കുന്ന വാക്സിനാണ് മുമ്പന്തിയിലാണ് ഉള്ളത്. ദശലക്ഷക്കണക്കിന് ഓര്‍ഡറുകളാണ് ആസ്ട്രസെനികയ്ക്ക് ലഭിച്ചിട്ടുള്ളത്. വാക്സിന് കണ്ടെത്തിയാലും അതിന്റെ നിര്‍മാണവും വിതരണവും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആകില്ല എന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നത്. 2022 ആദ്യപാദത്തിന് മുമ്പ് നൂറു കോടി ഡോസ് മാത്രമേ നിര്‍മിക്കാനാവൂ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.