കാര്യവട്ടത്ത് കോലിക്കും രോഹിതിനും കിട്ടാത്ത വരവേല്‍പ് സഞ്ജുവിന്; കോരിത്തരിച്ച കോച്ച് സഞ്ജുവിനോട് ചെയ്തത്

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ് കാര്യവട്ടത്ത് നിന്നു കിട്ടുന്ന ആരാധക കൈയടി കണ്ട് ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി പോലും അന്തം വിട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറ്റവും അധികം ആരാധകരുള്ള ക്യാപ്റ്റന്‍ വിരാത് കോലിക്കോ രോഹിത് ശര്‍മക്കോ പോലും കിട്ടാത്ത പിന്തുണയാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സഞ്ജുവിന് കിട്ടുന്നത്. ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി ട്വന്റി മത്സരം നടക്കുന്ന ഇവിടെ സഞ്ജുവിന് കിട്ടുന്ന ആര്‍പ്പുവിളികളും കൈയടികളും കൊണ്ട്് ആവേശത്തിന്റെ കൊടുമുടിയിലാണ് കളി.

സഞ്ജു പരിശീലനത്തിനിറങ്ങിയപ്പോഴായിരുന്നു ഗ്യാലറിയില്‍ നിന്ന് ഉച്ചത്തില്‍ സഞ്ജു സഞ്ജു എന്ന വിളികളുയര്‍ന്നത്. ഇതോടെ ചിരിച്ചുകൊണ്ട് ആരാധകരെ തിരിച്ച് അഭിവാദ്യം ചെയ്ത സഞ്ജു നടന്നു നീങ്ങുന്നതിനിടെ പരിശീലകനായ രവി ശാസ്ത്രി സഞ്ജുവിന്റെ തോളില്‍ കൈയിട്ടു ചേര്‍ത്തുപിടിച്ചു. ആരാധകരെ നോക്കി ചിരിച്ചുകൊണ്ട് സഞ്ജുവിനെ ഇടിക്കുന്നപോലെ ആംഗ്യം കാട്ടിയ രവി ശാസ്ത്രി സഞ്ജുവിനെ പുറത്തുതട്ടി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സഞ്ജുവാകട്ടെ പതിവുപോലെ എല്ലാം ഒരു ചിരിയോടെ നേരിട്ടു.

അതേസമയം സ്വന്തം നാട്ടില്‍ നടക്കുന്ന ട്വന്റി ട്വന്റി മത്സരത്തിലും ടീം ഇന്ത്യയുടെ ആദ്യ ഇലവനില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല. സ്വന്തം നാട്ടിലെ ഗ്രൗണ്ട് എന്ന നിലക്ക് സഞ്ജുവിനെ കളിപ്പിക്കുമെന്ന് ചില പ്രതീക്ഷകളുണ്ടായിരുന്നു. സഞ്ജുവിന് തന്റെ കരിയര്‍ തുടങ്ങാന്‍ ഏറ്റവും അനുകൂല സാഹചര്യം ഒത്തിണങ്ങിയ ദിവസം കൂടിയായിരുന്നു.

സഞ്ജുവിനെ കളിക്കിറക്കിയില്ലെങ്കില്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി പ്രതിഷേധിക്കുമെന്ന് നേരത്തെ ആരാധകര്‍ വ്യക്തമാക്കിയിരുന്നു.