കാട്ടുതീയില്‍ നശിച്ചത് 3,183 ഹെക്ടര്‍ വനം

തിരുവനന്തപുരം: കടുത്ത വേനല്‍ അനുഭവപ്പെട്ട 2016-17 കാലയളവില്‍ കാട്ടുതീയില്‍ നശിച്ചത് 3,183.99 ഹെക്ടര്‍ വനഭൂമി. ഇതിലൂടെ ഉണ്ടായ നഷ്ടം 2.52 ലക്ഷം രൂപയും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായതില്‍ വെച്ച് ഏറ്റവും കുടുതല്‍ കാട്ടുതീയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായത്.
മുന്‍ സാമ്പത്തിക വര്‍ഷം 486 ഇടങ്ങളിലായി 1756 ഹെക്ടര്‍ വനഭൂമിയിലാണ് കാട്ടുതീ ബാധിച്ചത്. 2014-15 ല്‍ 1696 ഹെക്ടറായിരുന്നു കത്തി നശിച്ചത്. ഇതിന് മുമ്പ് 2011-12 കാലയളവിലാണ് ഏറ്റവും കൂടുതല്‍ വനഭൂമി കത്തി നശിച്ചത്. 1017 സംഭവങ്ങളിലായി 5640 ഹെക്ടര്‍ ഭൂമിയാണ് അന്ന് നശിച്ചത്. ഈ വര്‍ഷം ജനുവരി മുതല്‍ ഫെബ്രുവരി 28 വരെയുള്ള രണ്ടുമാസക്കാലയളവില്‍ മാത്രം തീ ബാധിച്ചത് 441 സ്ഥലങ്ങളിലായിരുന്നു. 2013 ഹെക്ടര്‍ വനഭൂമിയാണ് ഇതിലൂടെ കത്തിയത്.
ഇക്കുറി മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ കാട്ടുതീ വ്യാപകമായതോടെ വനാന്തരങ്ങളിലെ നീരുറവകളുടെ സംരക്ഷണത്തിനായി വനത്തിനകത്തു തന്നെ മഴ വെള്ളം സംഭരിച്ചു നിര്‍ത്താനും അതുവഴി വനത്തിനകത്ത് ആര്‍ദ്രത നിലനിര്‍ത്തി കാട്ടുതീയുടെ സാധ്യത കുറയ്ക്കാനും വനം വകുപ്പ് നടപടി എടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിലവിലുള്ള ജലാശയങ്ങള്‍ ആഴം കൂട്ടുകയും മണ്ണ് നീക്കം ചെയ്യുകയും പുതുതായി ചെക്ക് ഡാമുകള്‍ നിര്‍മിക്കുകയും ചെയ്തു.
ഇതിന് പുറമെ കാട്ടുതീ കണ്ടെത്തുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനും വനം വകുപ്പുദ്യോഗസ്ഥര്‍ക്ക് കാട്ടുതീ സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം എസ്.എം.എസ് അലര്‍ട്ടായി നല്‍കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഡെറാഡൂണിലെ ഫോറസ്റ്റ് സര്‍വ്വേ ഓഫ് ഇന്ത്യയാണ് സാറ്റലൈറ്റ് സഹായത്തോടെ കാട്ടുതീ പടര്‍ന്നസ്ഥലം അതിന്റെ അക്ഷാംശ-രേഖാംശ വിവരങ്ങളടക്കം കണ്ടെത്തി വിവരം ഉടന്‍ തന്നെ അതതു ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, റെയിഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ക്ക് എസ്എംഎസ് അലര്‍ട്ടായി നല്‍കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കാട്ടുതീ ഉണ്ടായ കൃത്യമായ സ്ഥലം കണ്ടെത്താനും തീ അണയ്ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ കഴിയും.
അവസാനമായി വന വിസ്തൃതി കണക്കാക്കിയ 2014-2015 ലെ കണക്കു പ്രകാരം 11,30,941.71 ഹെക്ടര്‍ വനഭൂമിയാണ് കേരളത്തിലുള്ളത്. ഏറ്റവും കൂടുതല്‍ വനഭൂമിയുള്ളത് ഇടുക്കിയിലാണ്, 2,71,372 ഹെക്ടര്‍. പത്തനംതിട്ടയാണ് രണ്ടാം സ്ഥാനത്ത്. 1,53,379 ഹെക്ടര്‍ വനഭൂമിയാണ് പത്തനംതിട്ടയിലുള്ളത്. 1,52,735 ഹെക്ടര്‍ വനഭൂമിയുള്ള പാലക്കാടാണ് മൂ്ന്നാം സ്ഥാനത്ത്. തൃശൂര്‍-1,02,275 ഹെക്ടര്‍, വയനാട്-90,704 ഹെക്ടര്‍, കൊല്ലം-84,056, എറണാകുളം-82,383 ഹെക്ടര്‍, മലപ്പുറം-72,391 ഹെക്ടര്‍, തിരുവനന്തപുരം-46,383 ഹെക്ടര്‍, കോഴിക്കോട്-29,045 ഹെക്ടര്‍, കണ്ണൂര്‍-24,157 ഹെക്ടര്‍, കാസര്‍കോട്-11,973 ഹെക്ടര്‍, കോട്ടയം-10,084 ഹെക്ടര്‍ എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വനവിസ്തൃതി.

SHARE