കരസേനാ മേധാവി നിയമനം വിവാദത്തില്‍; ചോദ്യം ചെയ്ത് പ്രതിപക്ഷം

ന്യൂഡല്‍ഹി: സീനിയോറിറ്റി മാനദണ്ഡം മറികടന്ന് കരസേനാ മോധാവിയായി ബിപിന്‍ റാവത്തിനെ നിയമിച്ചതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. റാവത്തിന്റെ കഴിവില്‍ സംശയിക്കുന്നില്ലെന്നും എന്നാല്‍ എന്ത്‌കൊണ്ടാണ് സീനിയോറിറ്റി മറികടന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.

കരസേനയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ പ്രവീണ്‍ ബക്ഷി, സതേണ്‍ കമാന്‍ഡ് മേധാവി മലയാളിയായ പിഎം ഹാരിസ്, സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ബിഎസ് നേഗി എന്നിവരെ ഒഴിവാക്കിയാണ് ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചത്. കോഴിക്കോട് സ്വദേശിയാണ് സതേണ്‍ കമാന്‍ഡ് തലവനായ ലഫ്. ജനറല്‍ പിഎം ഹാരിസ്. 1983ന് ശേഷം ആദ്യമായാണ് സീനിയോറിറ്റി അട്ടിമറിച്ച് കരസേനാ മേധാവിയെ നിയമിക്കുന്നത്. സേനാ മേധാവികള്‍ വിരമിക്കുന്നതിന് മൂന്നു മാസം മുമ്പ് പുതിയ മേധാവിയെ പ്രഖ്യാപിക്കുന്ന കീഴ് വഴക്കവും കേന്ദ്രസര്‍ക്കാര്‍ പാലിച്ചിട്ടില്ല.

പിഎം ഹാരിസിനെ കരസേനാ മേധാവിയായി നിയമിച്ചിരുന്നുവെങ്കില്‍ ഈ സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലിമാവുമായിരുന്നു അദ്ദേഹമെന്നും അത് തടയാനാണ് മോദി സീനിയോറിറ്റി മാനദണ്ഡം ലംഘിച്ചതെന്നും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് ഷെഹ്‌സാദ് പൂനെവാല ആരോപിച്ചു.

സൈനിക നിയമനത്തില്‍ രാഷ്ട്രീയം കടന്നു കൂടിയത് ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് സിപിഐ നേതാവ് ഡി രാജ പ്രതികരിച്ചു.

SHARE