ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ക്രമാസക്തമാകുന്നതിനെതുടര്ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ഇന്ന് വൈകിട്ടാണ് യോഗം. അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാജ്യത്തെ നിലവിലെ സാഹചര്യങ്ങളും സ്ഥിതിഗതികളും വിലയിരുത്തും.
കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബെല്ല എന്നിവര്‍ യോഗത്തില്‍പങ്കെടുക്കും.
അതേസമയം പൗരത്വ നിയമഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ വ്യാപക അക്രമം അരങ്ങേറി. ലക്നൗവിലെ ഖദ്രയില്‍ പ്രക്ഷോഭകാരികള്‍ പൊലീസ് ഔട്ട്പോസ്റ്റിന് തീയിട്ടു. നിരവധി പൊലീസ് വാഹനങ്ങളും കത്തിച്ചു. പ്രക്ഷോഭകാരികളെ പിരിച്ചുവിടാനായി പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.
സാംബലില്‍ സര്‍ക്കാര്‍ ബസുകള്‍ സമരക്കാര്‍ അഗ്നിക്കിരയാക്കി.മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും സമരാനുകൂലികള്‍ കൈയേറ്റം ചെയ്തു. സമാജ്വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തെരുവിലിറങ്ങിയവരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. കഴിഞ്ഞ രാത്രി മുതല്‍ സംംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.