ഒരു സെന്‍ കഥ

 

എം.എം. മണിയെപ്പോലെ ഇടയ്ക്ക് നാടന്‍ ഭാഷയുടെ സൗന്ദര്യം പുറത്തെടുക്കാറുള്ള ആര്‍. ബാലകൃഷ്ണപ്പിള്ള കൊല്ലം പൊലീസ് സൂപ്രണ്ടായ ടി.പി സെന്‍കുമാറിനെ സി.പി.എം ജില്ലാ സെക്രട്ടറിയാക്കണമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ സി.പി.എമ്മുകാര്‍ ടി.പി സെന്‍കുമാറിനെതിരെ പ്രചരിപ്പിക്കുന്നത് ആര്‍.എസ്.എസുകാരന്‍ എന്നാണ്. ദേവികുളം സബ് കലക്ടറെ എം.എം മണി തന്നെ അങ്ങനെ വിശേഷിപ്പിച്ചുവല്ലോ. ഇഷ്ടമില്ലാത്തവരെ മുഴുവന്‍ ആര്‍.എസ്.എസില്‍ ചേര്‍ക്കുന്ന പരിപാടി സി.പി.എം പതിവാക്കിയിരിക്കുകയാണ്.
എട്ട് മാസത്തെ അപമാനത്തിന് ശേഷം സുപ്രീംകോടതിയില്‍ നിന്ന് ചരിത്ര വിധിയുമായെത്തി ഡി.ജി.പിയുടെ കസേര വലിച്ചിട്ട് വീണ്ടും ടി.പി സെന്‍കുമാര്‍ ഇരിക്കുമ്പോള്‍ ചങ്കിടിക്കുക ചീഫ് സെക്രട്ടറി നളിനി നെറ്റോയുടേത് കൂടിയാണ്. പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യും വരെ സെന്‍കുമാറിന്റെ സര്‍വീസ് ഫയലില്‍ ആക്ഷേപങ്ങളൊന്നും കാണാനുണ്ടായിരുന്നില്ലെങ്കില്‍ ഒരു ദിവസം അദ്ദേഹത്തിന്റെ മേല്‍ വലിയ ആക്ഷേപങ്ങള്‍ ഒട്ടിച്ചു ചേര്‍ത്തിരുന്നു. നളിനി നെറ്റോയായിരുന്നു പിണറായിക്ക് വേണ്ടി ഇപ്പണി എടുത്തത്. പിറ്റേന്ന് തന്നെ മുഖ്യമന്ത്രി സെന്‍കുമാറിനെ മാറ്റി ഡി.ജി.പി സ്ഥാനത്തേക്ക് ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചുത്തരവായി. ആ ഉത്തരവാണിപ്പോള്‍ സുപ്രീംകോടതി ചരിത്രം കുറിച്ച വിധിയില്‍ ചുരുട്ടിയെറിഞ്ഞത്. 1983 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഈ തനി തൃശൂര്‍കാരന്‍ തലശ്ശേരിയില്‍ എ.എസ്.പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ബെവ്‌റിജസ് കോര്‍പ്പറേഷന്‍ എം.ഡി മുതല്‍ കെ.എസ്.ആര്‍.ടി.സി എം.ഡി വരെ പല ചുമതലകള്‍ വഹിച്ചു. അപ്പോഴൊന്നും കാര്യമായ ആരോപണങ്ങള്‍ സെന്‍കുമാറിനെതിരെ ഉയര്‍ന്നിട്ടില്ല. എന്നാല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോഴൊക്കെ ഇദ്ദേഹത്തെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കി. അങ്ങനെയാണ് മുന്‍ചൊന്ന എം.ഡി സ്ഥാനങ്ങള്‍ വഹിച്ചത്. തിരുവനന്തപുരം എം.ജി കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ ക്ലാസില്‍ കയറി കുട്ടികളെ തല്ലിയ പൊലീസുകാരനെ മേലുദ്യോഗസ്ഥനായ സെന്‍കുമാര്‍ തന്നെ കോളറിന് പിടിച്ചു. പൊലീസായാലും നിയമം മാനിക്കണമെന്നായിരുന്നു വിശദീകരണം. അതോടെയാണ് ഇടതിന് ഈ മലയാളി ഐ.പി.എസുകാരന്‍ അനഭിമതനായതെന്ന് പറയുന്നു. ഉമ്മന്‍ചാണ്ടി സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതേയുണ്ടായിരുന്നുള്ളൂ, പിണറായി അധികാരത്തില്‍ വരുമ്പോള്‍. ഡി.ജി.പി സ്ഥാനത്തുനിന്ന് തൂക്കിയെറിയപ്പെട്ട സെന്‍കുമാര്‍ തന്റെ അതൃപ്തി പരസ്യമാക്കുകയുണ്ടായി. തനിക്ക് ബെഹ്‌റയാകാനാവില്ലെന്നൊരു കുത്തുവാക്കും അതിലുണ്ടായി.
ചാലക്കുടി ഈഴവ സമുദായാംഗമായ സെന്‍കുമാര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയത്. നിയമ ബിരുദധാരിയുമാണ്. ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസില്‍ അംഗമായ ശേഷമാണ് ഐ.പി.എസ് നേടിയത്. ശ്രദ്ധേയമായ ഒട്ടു വളരെ കേസുകള്‍- ലിസ് തട്ടിപ്പ്, ആട് മാഞ്ചിയം തട്ടിപ്പ്, വിതുര, പന്തളം പെണ്‍വാണിഭം, ഫ്രഞ്ച്, ഐ.എസ്.ആര്‍.ഒ ചാരപ്പണി- സമര്‍ഥമായി അന്വേഷിച്ച സെന്‍കുമാറിന് 2009ല്‍ പ്രസിഡന്റിന്റെ പൊലീസ് മെഡല്‍ ലഭിച്ചതാണ്. എന്നാല്‍ ജിഷ വധക്കേസും പുറ്റിങ്ങല്‍ വെടിക്കെട്ടപകട കേസും അന്വേഷിച്ചത് ശരിയായില്ലെന്നായിരുന്നു ഡി.ജി.പി സ്ഥാനത്തുനിന്ന് ഇറക്കിവിടാന്‍ പിണറായി വിജയന്‍ പറഞ്ഞ കാരണം. ഇവ തന്നെ തിരിഞ്ഞുകുത്തുമെന്നാണിപ്പോഴത്തെ വിലയിരുത്തല്‍. ജിഷ വധക്കേസ് അന്വേഷിക്കാന്‍ പുതിയ സര്‍ക്കാര്‍ എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ടീം ശരിയായ രീതിയലല്ല കേസ് നീക്കിയതെന്ന് സുപ്രീംകോടതിയില്‍ തന്നെ ടി.പി സെന്‍കുമാര്‍ വിശദീകരിക്കുകയുണ്ടായി. ഇക്കാര്യം ഏറെക്കുറെ വിജിലന്‍സ് ശരിവെക്കുകയുണ്ടായി. ഈ വാദമുഖങ്ങളാകട്ടെ ജിഷക്കേസിന്റെ വിചാരണയില്‍ പ്രതിഭാഗം ഉപയോഗിച്ചു. അത് സ്വാഭാവികം. ഡി.ജി.പി പദവിയില്‍ വീണ്ടും വരുമ്പോള്‍ ജിഷക്കേസ് പുനപ്പരിശോധിക്കേണ്ടിവരില്ലേ.
സി.പി.എമ്മുകാരുടെ ശത്രു പട്ടികയിലേക്ക് സെന്‍കുമാറിന് പ്രവേശനം ലഭിക്കാന്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് ഇടയാക്കിട്ടുണ്ടാവും. ടി.പി വധക്കേസിലെ പ്രതികള്‍ ജയിലിലിരുന്ന് ഫേസ്ബുക്ക് താളില്‍ ഇരട്ടച്ചങ്കന്‍ സിന്ദാബാദ് എന്ന് പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. അന്നത്തെ ജയില്‍ ഡി.ജി.പി അതിനെ ന്യായീകരിക്കുകയും ചെയ്തു. ആ സമയത്താണ് ജയിലിന്റെ ചുമതലയിലേക്ക് ടി.പി സെന്‍കുമാര്‍ വരുന്നത്. ജയിലില്‍ ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ലഭിച്ച സൗകര്യങ്ങള്‍ ഉടനെ തടയുകയും ചെയ്തു. ജൂണ്‍ 30 വരെയേ സെന്‍കുമാറിന് സര്‍വീസുള്ളൂ. അതില്‍ എത്ര ദിവസം കുറയ്ക്കാനാവുമെന്ന ഗവേഷണമാണ് ഇപ്പോള്‍ അപമാനിതരായ സര്‍ക്കാര്‍ ചെയ്യുന്നത്. നിയമോപദേശം തേടിയും അപ്പീല്‍ സാധ്യത പരിശോധിച്ചും ഒരു ദിവസമെങ്കില്‍ ഒരു ദിവസം രക്ഷപ്പെടുത്താമെന്നായിരിക്കാം പിണറായിയുടെ ഉപദേശി വൃന്ദം ആലോചിക്കുന്നത്. സുപ്രീംകോടതിയെ സമീപിച്ചാല്‍ പ്രഹരം ഉറപ്പാണെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ദൈവത്തിന്റെ സ്വന്തം നാടിനെ ഇക്കണക്കിന് പോയാല്‍ ആരാണ് നേര്‍വഴിക്ക് കൊണ്ടുവരികയെന്ന് ചോദിച്ച സുപ്രീം കോടതിയുടെ കോപത്തിന് പാത്രമായെന്ന് വരും. ചീഫ് സെക്രട്ടറി പദവിയിലിരിക്കുന്ന മുന്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഈ സര്‍ക്കാറിന് വേണ്ടി സെന്‍കുമാറിന്റെ സര്‍വീസ് ഫയലില്‍ എഴുതിച്ചേര്‍ത്തതൊന്നും സുപ്രീംകോടതി അംഗീകരിച്ചിട്ടില്ല. ഇതേ നളിനി നെറ്റോ സുപ്രീംകോടതിയുടെ മുന്നില്‍ വരുമ്പോള്‍ പ്രതികരണം എങ്ങനെയാവുമെന്ന് പ്രവചിക്കാനാവില്ലത്രെ. റോഡപകടത്തെ കുറിച്ച് സെന്‍കുമാര്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ തുടങ്ങിവെച്ച ഗവേഷണം പാതി വഴിയിലാണ്. ഈ വിധി മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വേണ്ടിയാണെന്ന് സെന്‍ പറയുന്നു.

SHARE