ഒരു നാട്ടുകാരുടെ കഥ

 
കഥകളും ചരിത്രസംഭവങ്ങളും ഉദ്ധരിച്ച് മനുഷ്യനെ സന്മാര്‍ഗ ദര്‍ശനം ചെയ്യുന്നത് ഖുര്‍ആന്‍ സ്വീകരിച്ചിട്ടുള്ള ഒരു ശൈലിയാണ്. സൂറത്ത് യാസീനില്‍ ഒരു നാട്ടുകാരുടെ കഥ ഉദാഹരിക്കുന്നു. യാസീന്‍ പ്രധാനപ്പെട്ട അധ്യായങ്ങളില്‍ ഒന്നാണ്. ‘എല്ലാത്തിനും ഒരു ഹൃദയമുണ്ട്, ഖുര്‍ആന്റെ ഹൃദയം സൂറത്ത് യാസീന്‍ ആണെന്ന്’ ഒരിക്കല്‍ മുഹമ്മദ് നബി (സ) പറയുകയുണ്ടായി. അതു പഠിക്കലും പാരായണം ചെയ്യലും ഏറെ പുണ്യമുള്ള കര്‍മവും ജീവിതത്തിന് പ്രയോജനപ്രദവുമാണ്. ഒരാള്‍ സൂറത്ത് യാസീന്‍ ഒരു പ്രാവശ്യം പാരായണം ചെയ്താല്‍ ഖുര്‍ആന്‍ മുഴുവന്‍ പത്തു പ്രാവശ്യം പാരായണം ചെയ്ത പുണ്യം അവന്റെ മേല്‍ രേഖപ്പെടുത്തും. സൂറത്ത് യാസീന്‍ പാരായണം ചെയ്യുന്നവരുടെ പാപങ്ങള്‍ പൊറുക്കപ്പെടും. മരണാസന്നനായവന്റെ മുന്നില്‍ നിങ്ങള്‍ സൂറ യാസീന്‍ പാരായണം ചെയ്തു കൊള്ളുക’ എന്നൊക്കെ പ്രവാചകന്‍ (സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
യാസീന്‍ എന്ന വാക്ക് പ്രവാചകനെ അഭിസംബോധന ചെയ്യുന്നതാണെന്നും അല്ല മൊത്തം മനുഷ്യരെയും സംബോധന ചെയ്യുന്നതാണെന്നും വിവിധ വിശദീകരണങ്ങളുണ്ട്. സംബോധനക്കു ശേഷം ചില യാഥാര്‍ത്ഥ്യങ്ങള്‍ അല്ലാഹു പരാമര്‍ശിക്കുന്നു. പ്രവാചകന്മാരില്‍പെട്ട നേരായ പാതയില്‍ ചരിക്കുന്ന മുഹമ്മദ് നബി, പ്രതാപിയും കാരുണ്യവാനുമായ അല്ലാഹു അവതരിപ്പിക്കുന്ന ഗ്രന്ഥം. മുന്‍ഗാമികള്‍ താക്കീത് ചെയ്യപ്പെട്ട (താക്കീത് ചെയ്യപ്പെട്ടില്ല എന്ന പാഠഭേദവും ഉണ്ട്) ഒരു ജനത അശ്രദ്ധയില്‍ ആയിപ്പോയതിനാല്‍ അവരെ താക്കീത് ചെയ്യാനായി നിയോഗിക്കപ്പെട്ട നബി(സ). താടി എല്ലോളം നീണ്ട ചങ്ങലയിലും മുന്നിലും പിന്നിലും മറയുമായി തലകുത്തനെ പിടിച്ചു തടവറയില്‍ കഴിയുന്ന അധിക ജനത്തിനും സത്യം കാണാനുള്ള ത്രാണിയില്ല. അതിനാല്‍ തന്നെ അവര്‍ വിശ്വസിക്കുകയില്ല. അവരുടെ കാര്യത്തില്‍ ശിക്ഷയുടെ വചനം സത്യമായി പുലര്‍ന്നിരിക്കുന്നു. ബോധനം പിന്‍പറ്റുകയും അദൃശ്യാവസ്ഥയില്‍ അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുന്നവര്‍ക്കേ താക്കീത് പ്രയോജനപ്പെടുകയുള്ളു. അവര്‍ക്ക് പാപമോചനവും ഉദാരമായ പ്രതിഫലവും ഉണ്ട്. ജനിമൃതികളുടെ നാഥനായ അല്ലാഹു എല്ലാവരുടെയും പ്രവര്‍ത്തനങ്ങളും അവയുടെ അനന്തര ഫലങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.
ദിവ്യബോധനം എത്തുമ്പോള്‍ മനുഷ്യര്‍ രണ്ടു വിഭാഗമായി തിരിയും. മന:സാക്ഷിയുടെ വിളി കേട്ട് അതില്‍ വിശ്വസിക്കുന്നവര്‍, മനസ്സിന്റെ പ്രകൃതി മന്ത്രം അവഗണിച്ച് ദിവ്യസന്ദേശത്തെ നിഷേധിക്കുന്നവര്‍. സത്യം കാണാന്‍ ശ്രമിക്കാതെ കണ്ഠ ചങ്ങലയില്‍ സ്വയംബന്ധിതമായി മറക്കുള്ളില്‍ കഴിയുന്നവരാണ് ഒന്നാമത്തെ കൂട്ടര്‍ എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. മനസ്സാക്ഷിയുടെ വിളികേട്ട് ബോധനത്തെ പിന്തുടര്‍ന്നു ദൈവ ഭയത്തോടെ ജീവിക്കുന്നവരാണ് മറ്റൊരു കൂട്ടര്‍. അവര്‍ക്ക് പാപമോചനവും ആദരണീയതയുമാണ് അല്ലാഹുവിന്റെ വാഗ്ദാനം.
വിശ്വാസവും നിഷേധവും സംബന്ധിച്ച് അല്ലാഹു പറഞ്ഞ കാര്യങ്ങളുടെ പ്രായോഗികത അനുഭവിച്ചറിഞ്ഞ ഒരു നാട്ടുകാരുടെ കഥയാണ് യാസീന്‍ പിന്നീട് നമുക്ക് ഓതിത്തരുന്നത്. ആ നാട്ടിലെ മനുഷ്യരുടെ ദുഷ്‌ചെയ്തികള്‍ക്കെതിരെ താക്കീതുമായി ആദ്യം രണ്ടു പ്രവാചകന്മാര്‍ രംഗത്തുവരുന്നു. അവരെ ജനം നിഷേധിച്ചപ്പോള്‍ മൂന്നാമതൊരാളെയും കൂട്ടി ബോധന സംഘത്തെ അല്ലാഹു ബലപ്പെടുത്തി. അവര്‍ മൂവരും പറഞ്ഞു. നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരാണ് തങ്ങളെന്ന.് നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യര്‍ മാത്രമാണ്, കരുണാമയന്‍ യാതൊന്നും അവതരിപ്പിച്ചിട്ടില്ല, നിങ്ങള്‍ കളവു പറയുകയാണ് എന്നായിരുന്നു ജനത്തിന്റെ പ്രതികരണം. ഞങ്ങള്‍ നിങ്ങളിലേക്ക് അയക്കപ്പെട്ട പ്രവാചകന്മാരാണെന്ന കാര്യം ഞങ്ങളെ നിയോഗിച്ച രക്ഷിതാവിന് അറിയാം എന്നായിരുന്നു ജനത്തിന് അവര്‍ നല്‍കിയ മറുപടി. വ്യക്തമായി സന്ദേശം എത്തിക്കേണ്ട ബാധ്യത മാത്രമേ തങ്ങള്‍ക്കുള്ളൂ എന്ന കാര്യവും പ്രവാചകന്മാര്‍ ഉണര്‍ത്തി. ജനം വിട്ടില്ല. പ്രവാചകന്മാരെ ദു:ശ്ശകുനമായാണ് അവര്‍ കാണുന്നതെന്നും ഉപദേശം നിര്‍ത്തുന്നില്ലെങ്കില്‍ കല്ലെറിയുമെന്നും ജനത്തില്‍ നിന്ന് വേദനിപ്പിക്കുന്ന ശിക്ഷ ഏല്‍ക്കേണ്ടി വരുമെന്നും അവര്‍ ഭീഷണി മുഴക്കി. ജനത്തിന്റെ ദുശ്ശകുനം അവരുടെ കൂടെത്തന്നെയാണുള്ളതെന്ന് പ്രവാചകന്മാരുടെ മറുപടി. സന്മാര്‍ഗം പ്രാപിക്കാന്‍ സദുപദേശം നല്‍കിയതിന് ഇത്തരത്തില്‍ പൊല്ലാപ്പുണ്ടാക്കുന്ന അവര്‍ അതിരു കവിഞ്ഞ ജനതയാണെന്ന് പ്രവാചകന്മാര്‍ പ്രതികരിച്ചു.
പട്ടണത്തിന്റെ അങ്ങേയറ്റത്ത് നിന്ന് ഒരാള്‍ ഓടി വന്ന്, സ്വയം സന്മാര്‍ഗത്തില്‍ ചരിക്കുന്നവരും യാതൊരു പ്രതിഫലവും ചോദിക്കാതെ ഉപദേശം നല്‍കുന്നവരുമായ പ്രവാചകന്മാരെ പിന്തുടരാന്‍ ജനത്തോട് ആവശ്യപ്പെടുന്ന രംഗമാണ് പിന്നീട് പ്രത്യക്ഷപ്പെടുന്നത്. വന്നയാള്‍ സ്വന്തം നിലപാട് വ്യക്തമാക്കി. ഏതൊരുവന്‍ തന്നെ സൃഷ്ടിച്ചുവോ, ഏതൊരുവന്റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുന്നുവോ, അവനെ ആരാധിക്കാതിരിക്കാന്‍ അയാള്‍ക്ക് ന്യായമൊന്നും കാണുന്നില്ലെന്നും പറഞ്ഞു. അവന് പുറമെ മറ്റു വല്ല ദൈവങ്ങളെയും സ്വീകരിക്കുകയോ, കരുണാമയന്‍ തനിക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിക്കുന്ന പക്ഷം അവരുടെ ശിപാര്‍ശ കൊണ്ട് തനിക്കും ഒരു പ്രയോജനവുമുണ്ടാകില്ലെന്നും അവര്‍ തന്നെ രക്ഷപ്പെടുത്തുകയില്ലെന്ന് ആഗതന്‍ ദൃഢസ്വരത്തില്‍ പറഞ്ഞു. അങ്ങനെ ചെയ്യുന്ന പക്ഷം താന്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലാവുകയും ചെയ്യുമെന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു. തന്റെ വാക്ക് ശ്രവിക്കണമെന്നും താന്‍ ജനത്തിന്റെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുവെന്നും അയാള്‍ പ്രഖ്യാപിച്ചു.
തികച്ചും വ്യത്യസ്തമായ മറ്റൊരു ചിത്രമാണ് പിന്നെ വരുന്നത്. സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളാന്‍ ആ സത്യവിശ്വാസിക്ക് കല്‍പ്പന നല്‍കുന്ന രംഗം. അയാളുടെ ആത്മഗതം, തന്റെ രക്ഷിതാവ് തനിക്ക് പൊറുത്തുതരികയും തന്നെ ആദരീയരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത് തന്റെ ജനത അറിഞ്ഞിരുന്നെങ്കില്‍, എന്ന്. ഭൗതിക ശരീരത്തോടെ സ്വര്‍ഗത്തില്‍ കടക്കുകയില്ലല്ലോ. അപ്പോള്‍ സത്യത്തെ പിന്തുണച്ച ആ മനുഷ്യനെ നാട്ടുകാര്‍ വധിച്ചു എന്ന് മനസ്സിലാക്കാം. ഹദീസുകളില്‍ നിന്ന് അക്കാര്യം വ്യക്തമാണ്. തന്റെ ജീവനെടുത്തവര്‍ക്ക് പോലും സല്‍പരിണിതിയുണ്ടാവാന്‍ ആശിക്കുന്നതായിരുന്നു അയാളുടെ മനോഗതം. സത്യവിശ്വാസത്തിന്റെ ഒരു സല്‍ഗുണമാണത്. അയാള്‍ക്കു ശേഷം ആകാശത്തു നിന്ന് ഒരു സേനയെ ഒന്നും ഇറക്കാതെ തന്നെ ഒരു മഹാവിസ്‌ഫോടനത്തില്‍ ആ ജനതയെ അല്ലാഹു നശിപ്പിച്ചു.
സത്യവിശ്വാസത്തിന്റെയും നിഷേധത്തിന്റെയും അന്തിമ പരിണിതി ചൂണ്ടിക്കാട്ടുന്ന ഈ ചരിത്യാഖ്യാനത്തില്‍ എന്നും എവിടെയും ഉള്ള സത്യവിശ്വാസികള്‍ക്ക് ഗുണപാഠങ്ങളുണ്ട്. സത്യനിഷേധം പരുഷവും മര്‍ദ്ദന പീഢനങ്ങളും കൊലപാതകങ്ങളും തുടങ്ങിയ അക്രമങ്ങള്‍ നിറഞ്ഞതായിരിക്കും. മിക്കപ്പോഴും ഭൂരിപക്ഷം ജനത അക്കൂട്ടത്തിലൊട്ടി നില്‍ക്കും. യഥാര്‍ത്ഥ വിശ്വാസി സമൂഹം ന്യൂനപക്ഷമായിരിക്കും. ഒറ്റക്കാണെങ്കില്‍ പോലും ജീവന്‍ നഷ്ടപ്പെടുമെങ്കിലും നിലപാട് വ്യക്തമാക്കി അതിലുറച്ചു നിന്ന് സത്യത്തിന് സാക്ഷിയാവുകയാണ് വിശ്വാസികളുടെ കടമ. പരിണിതി അല്ലാഹു തീരുമാനിച്ചു കൊള്ളും. ഏതു സാഹചര്യത്തിലും ജനത്തിന് വളച്ചുകെട്ടില്ലാതെ സത്യം വ്യക്തമാക്കി കൊടുക്കണം. പ്രവാചകന്മാരുടെ നടപടിയിലൂടെ അതാണ് ഉയര്‍ത്തിക്കാട്ടുന്നത്. ആ നാട്ടുകാരുടെ കഥ ഒറ്റപ്പെട്ടതല്ല. ചരിത്രത്തില്‍ അത്തരം സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. സമകാലിക ലോകം ആ നാട്ടുകാരുടെ ജീവിതത്തോടും ഏറെ സാദൃശ്യമുള്ളതാണ്. ഇവിടെ പ്രവാചകന്മാരില്ല. ആ ഉത്തരവാദിത്വം ഇക്കാലഘട്ടത്തില്‍ ‘ഞങ്ങള്‍ സത്യവിശ്വാസികള്‍’ ആണെന്ന് പറയുന്നവരില്‍ നിക്ഷിപ്തമാണ്. ഈ ദീനിന്റെ യാഥാര്‍ത്ഥ്യം ഇതരസ്ഥരില്‍ എത്തിക്കുന്ന കാര്യത്തില്‍ സമുദായം വിജയിച്ചിട്ടുണ്ടോ എന്നത് വിലയിരുത്തപ്പെടേണ്ടതാണ്.

SHARE