എല്ലാ മിശ്ര വിവാഹങ്ങളും ലൗ ജിഹാദല്ലെന്ന് ഹൈക്കോടതി

കൊച്ചി: എല്ലാ മിശ്ര വിവാഹങ്ങളും ലൗജിഹാദും ഘര്‍വാപസിയുമാണെന്ന് കണക്കാക്കരുതെന്ന് കേരള ഹൈക്കോടതി. മിശ്ര വിവാഹങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസുമാരായ വി. ചിദംബരേഷ്, സതീശ് നൈനാന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോടതി പൊലീസിനു നിര്‍ദ്ദേശം നല്‍കി. ജിഹാദിന്റെയും ഘര്‍വാപസിയുടെയും പേരില്‍ അതിക്രമം അനുവദിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഉദയംപേരൂരിലെ ശിവശക്തി യോഗ സെന്ററില്‍ അന്തേവാസികള്‍ക്കെതിരെ അതിക്രമം നടന്നതായി വിലയിരുത്തിയാണ് കോടതി നടപടി. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ശ്രുതിയെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പരാതിപ്പെട്ട് ഭര്‍ത്താവ് അനിസ് ഹമീദ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ശ്രുതിയെ അനീസിനൊപ്പം പോകാന്‍ അനുവദിച്ചു. സംസ്ഥാനത്ത് മതസൗഹാര്‍ദ്ദം പുലരേണ്ടതുണ്ടെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി ബോധിപ്പിച്ചു. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ‘സത്യസരണി’ പോലുള്ള മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മിശ്ര വിവാഹമല്ല പ്രശ്‌നമെന്നും ഇത് ദുരുപയോഗിക്കുന്നതാണ് ഗൗരവമായി കാണേണ്ടതെന്നും കോടതിയില്‍ വാദം ഉയര്‍ന്നു. യോഗ സെന്റര്‍ കേസില്‍ കക്ഷി ചേരാന്‍ അനുമതി തേടി സമര്‍പ്പിച്ച ഉപഹര്‍ജികള്‍ കോടതി നിരസിച്ചു. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പരാതിക്കാര്‍ക്ക് പൊലീസിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
ഭരണകൂടമോ മറ്റ് വ്യക്തികളോ പൗരന്റെ സ്വാതന്ത്ര്യത്തിലും അവകാശത്തിലും കടന്നു കയറുമ്പോള്‍ കോടതിക്ക് ഇടപെടാതിരിക്കാനാവില്ലെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കി. തന്നെ ഭീകര പ്രവര്‍ത്തനത്തിനായി സിറിയയിലേക്കോ യമനിലേക്കോ കടത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ പേരില്‍ പോസ്റ്റര്‍ പതിച്ചത് യോഗാ കേന്ദ്രത്തിന്റെ അറിവോടെയുള്ള നാടകമായിരുന്നുവെന്നും ഇത് തന്നെ ഭയപ്പെടുത്താനായിരുന്നുവെന്നും ശ്രുതി ബോധിപ്പിച്ചു.
മിശ്ര വിവാഹങ്ങളെ ലൗജിഹാദായി ചിത്രീകരിക്കുകയും വിവാദമാക്കുകയും ചെയ്യുന്ന പ്രവണത അടുത്ത കാലത്ത് വര്‍ദ്ധിച്ചു വരുന്നതായി കോടതി ഉത്തരവില്‍ പറഞ്ഞു. ജാതി വ്യവസ്ഥ രാജ്യത്തിന് ശാപമാണെന്ന അലഹബാദ് ഹൈക്കോടതിയുടെ ‘ലതാസിങ്’ കേസിലെ വിധി ഉദ്ധരിച്ചായിരുന്നു ഡിവിഷന്‍ ബഞ്ച് വിധി. എല്ലാ മിശ്രവിവാഹങ്ങളും മതപരമായി കണക്കിലെടുക്കുന്നത് സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുമെന്നതിനാല്‍ കടുത്ത ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും കോടതി ഉത്തരവില്‍ ഓര്‍മ്മിപ്പിച്ചു. ശ്രുതി തന്റെ ഭാര്യയാണെന്നും പൊലീസ് സഹായത്തോടെ മാതാപിതാക്കള്‍ അന്യായതടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അനീസ് കോടതിയെ സമീപിച്ചത്.

SHARE