എന്നെ ഞാനാക്കിയത് മെസി-വെളിപ്പെടുത്തലുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ


ലിസ്ബന്‍: ലോകഫുട്‌ബോളിലെ ഏറ്റവും പ്രതിഭാധനരായ കളിക്കാരാണ് മെസിയും ക്രിസ്റ്റ്യാനോയും. കാല്‍പന്തു കളിയില്‍ ഒന്നിനൊന്നു മെച്ചമായ വിസ്മയങ്ങള്‍ തീര്‍ത്തു മുന്നേറുന്ന രണ്ടുപേര്‍. മെസിയേക്കാള്‍ താനാണ് മികച്ചവനെന്ന് ക്രിസ്റ്റ്യാനോ പലവട്ടം അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. ഇരുവരിലും ആരാണ് മികച്ചതെന്ന ആരാധകരുടെ തര്‍ക്കത്തിന്റെ കാര്യത്തലും ഇതുവരെ തീര്‍പ്പായിട്ടില്ല.

എന്നാല്‍ മെസിയാണ് തന്നെ മികച്ച കളിക്കാരനാക്കി മാറ്റിയതെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. മെസിയുമായുള്ള ആരോഗ്യപരമായ പോര് താന്‍ ആസ്വദിക്കുന്നുണ്ടെന്നും ക്രിസ്റ്റിയാനോ പറഞ്ഞു. പോര്‍ച്ചുഗിലിലെ ടി.വി.ഐ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നെ ഇത്ര മേല്‍ മികച്ച കളിക്കാരനാക്കിയത് മെസിയാണെന്നതില്‍ സംശയമില്ല. അതുപോലെ മെസിയെ മികച്ച കളിക്കാരനാക്കിയത് താനാണ്. താന്‍ ഒരു കിരീടം നേടുമ്പോള്‍ തീര്‍ച്ചയായും മെസിക്കു വേദനയുണ്ടാവും. അതേപോലെ മെസി ഒരു കിരീടം നേടുന്ന അവസരത്തില്‍ തനിക്കും വേദനയുണ്ടാകും-ക്രിസ്റ്റിയാനോ വ്യക്തമാക്കി.

മെസിയും താനുമായി കഴിഞ്ഞ 15 വര്‍ഷമായി ഒരുമിച്ചു കളിക്കുകയാണെന്നും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും ക്രിസ്റ്റിയാനോ പറഞ്ഞു.

സ്പാനിഷ് ക്ലബ്ബുകളായ ബാഴ്‌സലോണയിലും റിയല്‍ മാഡ്രിഡിലുമായി യഥാക്രമം മെസിയും ക്രിസ്റ്റിയാനോയും കളിച്ചതിനെ തുടര്‍ന്നാണ് ഇരുവരുടെയും മികവുകള്‍ തമ്മിലുള്ള താരതമ്യങ്ങള്‍ കൂടിയത്. പിന്നീട് ഇറ്റാലിയന്‍ ക്ലബ്ബായ ജുവന്റസിലേക്ക് ക്രിസ്റ്റിയാനോ കൂടു മാറിയപ്പോഴും ഈ മികവു സംബന്ധിച്ച താരതമ്യ തര്‍ക്കങ്ങള്‍ക്ക് കുറവുണ്ടായില്ല.

SHARE