ആളിക്കത്തി ഐ.എ.എസ് പ്രതിഷേധം: രാജി സന്നദ്ധത അറിയിച്ച് പോള്‍ ആന്റണി

തിരുവനന്തപുരം: സര്‍ക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് ശമനമില്ല. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദും അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമുമാണ് സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കിയതെങ്കില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടേതായിരുന്നു ഇന്നലത്തെ ഊഴം. ഇ.പി ജയരാജന്‍ ഒന്നാംപ്രതിയായ ബന്ധുനിയമന കേസില്‍ മൂന്നാംപ്രതിയാക്കപ്പെട്ട സാഹചര്യത്തില്‍ പോള്‍ ആന്റണി രാജി സന്നദ്ധത അറിയിച്ച് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.

മന്ത്രിയുടെ നിര്‍ദേശം നടപ്പാക്കിയതിന്റെ പേരില്‍ കേസില്‍ മൂന്നാം പ്രതിയാക്കപ്പെട്ട താന്‍ അതേവകുപ്പിലെ സെക്രട്ടറിയായി തുടരണോ എന്നാണ് ചീഫ് സെക്രട്ടറിയോട് കത്തിലൂടെ പോള്‍ ആന്റണി ചോദിച്ചിരിക്കുന്നത്. കേസില്‍ മൂന്നാംപ്രതിയാക്കിയതായി മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. എഫ്.ഐ.ആറിന്റെ പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് താന്‍ തുടരുന്നത് ഉചിതമാണോ എന്ന് വ്യക്തമാക്കണം. അല്ലെങ്കില്‍ പ്രതിചേര്‍ത്ത പശ്ചാത്തലത്തില്‍ താനെന്തുചെയ്യണമെന്ന് ചീഫ് സെക്രട്ടറിയോ സര്‍ക്കാറോ നിര്‍ദേശിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കത്ത് ചീഫ് സെക്രട്ടറി വ്യവസായ മന്ത്രി എ.സി മൊയ്തീന് കൈമാറി. മന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ചാകും ചീഫ് സെക്രട്ടറിയുടെ തീരുമാനം.

അതേസമയം പോള്‍ ആന്റണിയുടെ രാജിസന്നദ്ധത പുറത്തുവന്നയുടന്‍ അദ്ദേഹത്തെ പിന്തുണച്ച് വ്യവസായമന്ത്രി എ.സി മൊയ്തീന്‍ രംഗത്തെത്തി. പോള്‍ ആന്റണിയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തനാണെന്നും അദ്ദേഹം വ്യവസായ വകുപ്പില്‍ തന്നെ തുടരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നടക്കുന്നത് അന്വേഷണം മാത്രമാണ്. കുറ്റവാളിയാണെന്ന് ആരും കണ്ടെത്തിയിട്ടില്ല. രാജിക്കത്ത് നല്‍കിയതായി അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ആറുമാസമായി തുടര്‍ന്ന് വരുന്ന സര്‍ക്കാര്‍- ഉദ്യോഗസ്ഥ ശീതസമരം, പോള്‍ ആന്റണിയെ മൂന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ സമര്‍പ്പിച്ചതോടെയാണ് വഷളായത്. ഇതിന്റെ പേരില്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഒരുങ്ങിയെങ്കിലും മുഖ്യമന്ത്രിയുടെ ഭീഷണിയെ തുടര്‍ന്ന് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം സര്‍ക്കാറിനോടുള്ള അതൃപ്തി വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിലപാട് വഴിയൊരുക്കി.

SHARE