ആത്മനിര്‍വൃതിയില്‍ ഹാജിമാര്‍; അറഫാ സംഗമം ഇന്ന്

അഷ്‌റഫ് വേങ്ങാട്ട്
മക്ക: കോവിഡ് 19 പശ്ചാത്തലത്തില്‍ പരിമിതമായ തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്ന വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന് നടക്കും. കോവിഡ് ഭീഷണിയില്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്ന ലോക ജനതയെ രക്ഷിക്കണമെന്ന് കേണപേക്ഷിച്ചും കടുത്ത പരീക്ഷണങ്ങളില്‍ നിന്ന് കാവല്‍ നല്‍കണമെന്ന് മനമുരുകി പ്രാര്‍ത്ഥിച്ചും ഹാജിമാര്‍ ഇന്ന് രാവിലെ മിനായില്‍ നിന്ന് അറഫയിലേക്ക് നീങ്ങും.
ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് ഓരോ ഹാജിയും പുണ്യ കര്‍മങ്ങള്‍ ജാഗ്രതയോടെ നിര്‍വഹിക്കുന്നത്.
ലബ്ബൈക്ക് അല്ലാഹുമ്മ ലബ്ബൈക്ക ലാ ശരീകലക ലബ്ബൈക്ക് എന്ന വിശുദ്ധിയുടെ മന്ത്രവുമായി അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി തല്‍ബിയത്തിന്റെ മന്ത്രങ്ങളും സ്രഷ്ടാവിനോടുള്ള ഭയഭക്തിയും പ്രാര്‍ത്ഥനയുമായി ആത്മവിശുദ്ധി കൈവരിക്കാനുള്ള അവസരം പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഹാജിമാര്‍.
ഇന്ന് രാവിലെ മുതല്‍ പുണ്യഭൂമിയുടെ ശുഭ്ര പാതകളിലൂടെ ഹാജിമാര്‍ അറഫ മൈതാനിയിലേക്ക് നീങ്ങും. മന്ത്രാലയങ്ങള്‍ പ്രത്യേകം സജ്ജമാക്കിയ വാഹനങ്ങളിലാണ് ഹാജിമാര്‍ മിനായില്‍ നിന്ന് പതിനാലു കിലോമീറ്റര്‍ ദൂരമുള്ള അറഫയിലെത്തുക. സഊദി ഉന്നത പണ്ഡിത സഭയിലെ അംഗവും രാജാവിന്റെ ഉപദേഷ്ടാവുമായ ശൈഖ് അബ്ദുല്ല അല്‍ മനീഅയാണ് അറഫ ഖുതുബ നിര്‍വഹിക്കുക.
ഇസ്‌ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ അവസാനത്തേതായ വിശുദ്ധ ഹജ്ജ് കര്‍മം ഈ അസാധാരണ സാഹചര്യത്തിലും നിര്‍വഹിക്കാന്‍ ഭാഗ്യം നല്‍കിയ പരമ കാരുണികനായ അല്ലാഹുവിനുള്ള അളവറ്റ സ്തുതിയും വചനങ്ങളും പാപമോചനത്തിനായുള്ള പ്രാര്‍ത്ഥനകളുമായാണ് ഇന്നലെ പകല്‍ തമ്പുകളുടെ നഗരമായ മിനയിലെ പ്രത്യേകം സംവിധാനിച്ച ബഹുനിലകെട്ടിടങ്ങളില്‍ ഹാജിമാര്‍ കഴിച്ചു കൂട്ടിയത്. സഹിക്കാനും ക്ഷമിക്കാനും വിട്ടുവീഴ്ച ചെയ്യാനും വിശ്വാസിയെ പ്രാപ്തമാക്കി പരമമായ വിനയത്തിന്റെ വേഷത്തില്‍ ഉടമയുടെ പാപമോചനം തേടുന്നവര്‍ വലിയവനെന്നോ ചെറിയവനെന്നോ മുതലാളിയെന്നോ തൊഴിലാളിയെന്നോ അറബിയെന്നോ അനറബിയെന്നോ വെളുത്തവനെന്നോ കറുത്തവനെന്നോ വിത്യാസമില്ലാതെ ഒരുമിച്ചു ചേരുന്ന അനര്‍ഘ നിമിഷങ്ങള്‍ കൂടിയാണ് അറഫയിലെ ഒത്തുചേരല്‍ .
നാല്‍പത് ഡിഗ്രിയിലധികമുള്ള ചൂടില്‍ ലോക മുസ്‌ലിംകളുടെ പ്രതിനിധികളായി ആയിരത്തിലധികം വരുന്ന ഹാജിമാരുടെ നെഞ്ചുരുകിയുള്ള പ്രാര്‍ത്ഥനകള്‍ക്കാണ് അറഫാ മൈതാനം ഇന്ന് സാക്ഷിയാവുക.
താമസ സ്ഥലത്ത് നിന്ന് വിശുദ്ധ ഹറമിലെത്തി ത്വവാഫുല്‍ ഖുദും, സഅ്‌യും നിര്‍വഹിച്ച ശേഷം ഇഹ്‌റാമില്‍ പ്രവേശിക്കാനായി ഖര്‍നുല്‍ മനാസില്‍ മീഖാത്തിലേക്ക് പോയി. മിനായില്‍ ഇന്നലെ പകല്‍ മുഴുസമയം ആരാധനാ കര്‍മങ്ങളില്‍ മുഴുകിയ ഹാജിമാര്‍, രാത്രി മിനായില്‍ രാപാര്‍ത്ത ശേഷമാണ് ഇന്ന് പുലര്‍ച്ചെ അറഫയെ ലക്ഷ്യമാക്കി പലായനം ആരംഭിച്ചത്. ളുഹറിന് മുമ്പായി പ്രത്യേക വാഹനങ്ങളില്‍ അറഫ മൈതാനിയിലെത്തിച്ചേരും. അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹര്‍ നമസ്‌കാരത്തിന് മുമ്പായി അറഫ ഖുതുബ നടക്കും. തുടര്‍ന്ന് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നമസ്‌കരിക്കും. പാപമോചന പ്രാര്‍ത്ഥനകളും ദിക്‌റുകളും ഉരുവിട്ടും സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ കഴിച്ചു കൂട്ടും. പിന്നീട് മുസ്ദലിഫയിലെത്തി രാപാര്‍ക്കും. മുസ്ദലിഫയില്‍ എത്തിയ ശേഷമാണ് ഹാജിമാര്‍ മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുക. സാമൂഹിക അകലം പാലിച്ച് പ്രത്യേകം സജ്ജമാക്കിയ മുസ്ദലിഫയിലെ ഭാഗങ്ങളിലാണ് രാപാര്‍ക്കല്‍.
നാളെ രാവിലെ മിനയിലെത്തി ജംറത്തുല്‍ അഖ്ബയില്‍ പിശാചിനെ കല്ലെറിയല്‍ ചടങ്ങ് നിര്‍വഹിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ നിശ്ചയിക്കപ്പെട്ട സമയത്ത് മൂന്ന് ജംറകളിലും കല്ലേറ് നടത്തി ഹാജിമാര്‍ മിനായില്‍ നിന്ന് മടങ്ങും. ആദ്യ കല്ലെറിയല്‍ കര്‍മത്തിന് ശേഷം മന്ത്രാലയങ്ങള്‍ നല്‍കുന്ന സമയക്രമമനുസരിച്ച് മസ്ജിദുല്‍ ഹറാമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്‌യും നിര്‍വഹിക്കുകയും ചെയ്യും. തീര്‍ത്ഥാടകര്‍ പരസ്പരം കൂടിച്ചേരാത്ത രീതിയില്‍ ത്വവാഫ്, അറഫ സംഗമം ഉള്‍പ്പെടെയുള്ള കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രത്യേക കോവിഡ് പ്രൊട്ടോകോള്‍ സിസ്റ്റമാണ് പുണ്യ കേന്ദ്രങ്ങളിലെല്ലാം നടപ്പിലാക്കിയത്. അറഫയില്‍ തീര്‍ഥാടകര്‍ തങ്ങുന്ന ക്യാമ്പ്, ജബലുറഹ്മയിലേക്കുള്ള ഹാജിമാരുടെ നീക്കം ക്രമീകരിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍, മുസ്ദലിഫയില്‍ ഹാജിമാര്‍ക്ക് ഭക്ഷണം, വിതരണം ചെയ്യാന്‍ ഏര്‍പ്പെടുത്തിയ അത്യാധുനിക സൗകര്യങ്ങള്‍ തുടങ്ങി എല്ലാ ഒരുക്കങ്ങളും അതീവ ജാഗ്രതയോടെയാണ് പൂര്‍ത്തിയാക്കിയത്.
കോവിഡ് സാഹചര്യത്തില്‍ സുരക്ഷിതമായി ഹജ്ജ് നടത്തുന്നതിനായി എണ്ണം ആയിരമായി നിജപ്പെടുത്തിയിരുന്നു. ഇതില്‍ 700 പേര്‍ വിദേശികളാണ്. മുപ്പതോളം ഇന്ത്യക്കാരില്‍ മൂന്ന് മലയാളികള്‍ക്കും ഹജ്ജ് കര്‍മത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തില്‍ പങ്ക് വഹിച്ച ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരുമാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്ന സ്വദേശികള്‍. ഇന്ന് ഹാജിമാര്‍ അറഫയില്‍ സംഗമിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ അറഫ നോമ്പ് അനുഷ്ഠിച്ച് ഹാജിമാരോട് ഐക്യദാര്‍ഢ്യം പ്രകടപ്പിക്കും. ഹജ്ജ് കര്‍മത്തിന്റെ പരിസമാപ്തിയുമായി നാളെ സഊദിയിലും കേരളത്തിലും ബലിപെരുന്നാള്‍ ആഘോഷിക്കും.

SHARE