ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടില്‍ രണ്ടു വിജയത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നാമത്. ഇരുപകുതികളിലുമായി ഉറുഗ്വെന്‍ താരം എമില്യാനോ അല്‍ഫാരോയുടെ ഇരട്ട ഗോളിലാണ് നോര്‍ത്ത് ഈസ്റ്റ് രണ്ടാം വിജയവും ടേബിളില്‍ ഒന്നാം സ്ഥാനവും സ്വന്തമാക്കിയത്. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ 1-0ന് തോല്‍പ്പിച്ച നോര്‍ത്ത് ഈസ്റ്റ് സ്വന്തം കാണികള്‍ക്കു മുമ്പിലാണ് രണ്ടാം വിജയവും ആഘോഷിച്ചത്. നിലവിലെ റണ്ണറപ്പുകളായ ഗോവയുടെ ആദ്യ മത്സരമായിരുന്നു ഇത്.
20, 62 മിനുട്ടുകളിലായിരുന്നു അല്‍ഫാരോയുടെ ഗോളുകള്‍. ഗോളി കട്ടിമണിയുടെ ദുര്‍ബല പ്രകടനങ്ങളാണ് ഗോവക്ക് വിനയായത്. മറുഭാഗത്ത്, സുബ്രതോ പാലിന്റെ തകര്‍പ്പന്‍ ഫോം ഗോവയെ ഗോളില്‍ നിന്നു തടയുകയും ചെയ്തു. നിര്‍ണായകമായ നിരവധി രക്ഷപ്പെടുത്തലുകളുമായി കളം നിറയുകയായിരുന്നു സുബ്രതോ.
ജയത്തുടക്കം നേടിയ ഡീഗോ ഫോര്‍ലാന്റെ മുംബൈ സിറ്റിയുമായി വെള്ളിയാഴ്ചയാണ് നോര്‍ത്ത് ഈസ്റ്റിന് അടുത്ത മത്സരം. ശനിയാഴ്ച പൂനെ സിറ്റിയുമായാണ് ഗോവക്ക് അടുത്ത മത്സരം.