അലപ്പോയില്‍ സിവിലിയന്മാരെ കൊന്നൊടുക്കുന്നു: യു.എന്‍

ദമസ്‌ക്കസ്: അലപ്പോ പിടിച്ചടക്കുന്നതിന്റെ ഭാഗമായി സിറിയന്‍ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടത്തില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തെ ആക്രമണത്തിനൊടുവില്‍ 82 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍ വ്യക്തമാക്കി. സിറിയയില്‍ നടക്കുന്ന ആക്രമണത്തിനെതിരെ യുഎന്‍ രംഗത്തെത്തി. സിറിയന്‍ സൈന്യം അലപ്പോയിലെ വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയുമടക്കം കൊന്നുതള്ളുകയാണെന്ന് യുഎന്‍ പറഞ്ഞു.

നാല് വര്‍ഷത്തിനു ശേഷം അലപ്പോ പിടിച്ചെടുക്കാന്‍ സിറിയന്‍ സൈന്യവും സഖ്യകക്ഷികളും രൂക്ഷമായ പോരാട്ടമാണ് അഴിച്ചു വിടുന്നത്. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നേരെ ബോംബാക്രമണം തുടരുകയാണ്. അലപ്പോ നരകതുല്യമായി മാറിയെന്നു അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 82 സാധാരണക്കാര്‍ ഓണ്‍ ദ സ്‌പോട്ടില്‍ വെടിയേറ്റുവീണതിന്റെ തെളിവുകള്‍ യുഎന്‍ മനുഷ്യാവകാശ സംഘടന ഓഫീസ് പുറത്തുവിട്ടു. അലപ്പോയില്‍ മനുഷ്യത്വം പൂര്‍ണമായി നശിച്ചുവെന്ന് യുഎന്‍ വക്താവ് പറഞ്ഞു. സിറിയന്‍ സൈന്യം വീടുകള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയാണെന്നു യുഎന്‍ ആരോപിച്ചു.

കൊല്ലപ്പെട്ട 82 സിവിലിയന്മാരില്‍ 11 പേര്‍ സ്ത്രീകളാണ്. 13 പേര്‍ കുട്ടികളും. സിറിയന്‍ സൈന്യത്തിന്റെ ആക്രമണത്തോടെ പ്രവിശ്യകളില്‍ നിന്നും കാണാതായവരുടെ എണ്ണം പെരുകുകയാണെന്നും യുഎന്‍ വ്യക്തമാക്കുന്നു. ജനീവയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ യുഎന്‍ മനുഷ്യാവകാശ സംഘടന വക്താവായ റുപര്‍ട്ട് കോവില്ലി സിറിയയില്‍ നടക്കുന്ന ക്രൂരതയുടെ തെളിവുകള്‍ നിരത്തി. തിങ്കളാഴ്ച വൈകിട്ട് തെരുവില്‍ നിരവധിപേരുടെ മൃതദേഹങ്ങള്‍ കിടക്കുകയാണെന്ന് അസ്വസ്ഥമാക്കുന്ന റിപ്പോര്‍ട്ടും തങ്ങള്‍ക്ക് ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കനത്ത ബോംബാക്രമണം നടക്കുന്നതുകൊണ്ടും വെടിയേറ്റു വീഴുമെന്ന ഭയത്താലും ആളുകള്‍ക്ക് രക്ഷപ്പെടാനാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

SHARE