അബുദാബിയില്‍ റയല്‍ പ്രഭ

അബുദാബി: ആവേശത്തിലാണ് റയല്‍ മാഡ്രിഡ്…. ആവേശം അവരുടെ മുഖത്ത് പ്രകടമാണ്. സൂപ്പര്‍ താരങ്ങളുടെ ആവേശം അബുദാബിയിലെ കാണികളുടെ മുഖത്തുമുണ്ട്. ഇന്നലെ രാത്രി ഷെയിക്ക് സായിദ് സ്‌റ്റേഡിയത്തില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും പരിശീലനത്തിനിറങ്ങിയപ്പോള്‍ അറേബ്യന്‍ മണ്ണിന് അത് പുതിയ ഉണര്‍വായി മാറിയിരിക്കുന്നു. മൂന്ന് ദിവസം മുമ്പ് ഇവിടെ ആരംഭിച്ച ഫിഫ ക്ലബ് ഫുട്‌ബോളിന് റയലിന്റെ വരവാണ് ആവേശം. സൂപ്പര്‍ സംഘത്തിലെ സൂപ്പര്‍ താരങ്ങളെല്ലാം ഇവിടെ എത്തിയിരിക്കുന്നു. നാളെയാണ് അവരുടെ സെമി പോരാട്ടം. പ്രതിയോഗികള്‍ ആതിഥേയരായ അല്‍ ജസീറയാണെന്നതിനാല്‍ കാണികള്‍ക്ക് കുറവുണ്ടാവില്ല. ഇപ്പോല്‍ തന്നെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞിരിക്കുന്നു.
ആറ് വന്‍കരകളിലെ ചാമ്പ്യന്‍ ക്ലബുകളും ആതിഥേയ രാജ്യത്തിലെ ചാമ്പ്യന്‍ ക്ലബും ഉള്‍പ്പെടെ ഏഴ് ടീമുകളാണ് ഫിഫ ക്ലബ് ലോകകപ്പില്‍ പങ്കെടുക്കാറുള്ളത്. ഇത്തവണ ആതിഥേയ പ്രതിനിധി അല്‍ ജസീറയാണ്. ലാറ്റിനമേരിക്കയെ പ്രതിനീധീകരിച്ച് പങ്കെടുക്കുന്നത് ഈ വര്‍ഷത്തെ കോപ്പ ലിബര്‍ട്ടഡോറസ് കപ്പ് ജേതാക്കളായ ബ്രസീലിലെ ഗ്രീമിയോയാണ്. റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായി യൂറോപ്പിനെ പ്രതിനിധീകരിക്കുമ്പോള്‍ ഏഷ്യയില്‍ നിന്നും ഏ.എഫ്.സി ചാമ്പ്യന്‍സ് കപ്പ് ജേതാക്കളായ ജപ്പാന്‍ ക്ലബ് ഉറാവാ റെഡ് ഡയമണ്ട്‌സാണ് കളിച്ചത്. അവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. ആഫ്രിക്കയെ പ്രതിനീധീകരിച്ചത് ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ക്ലബ് ജേതാക്കളായ മൊറോക്കോയിലെ വൈദാദ് കാസാബ്ലാന്‍ങ്കയാണ്. കോണ്‍കാകാഫില്‍ നിന്നുമെത്തിയത് അവിടുത്തെ ചാമ്പ്യന്‍ ക്ലബ് മെക്‌സിക്കോക്കാര്‍- പച്ചൂക്കയാണ്. അവര്‍ ഇതിനകം സെമി ബെര്‍ത്ത്് നേടിയിട്ടുണ്ട്. ഓഷ്യാനയിലെ ചാമ്പ്യന്‍ ക്ലബായ ഓക്‌ലാന്‍ഡ് സിറ്റിയാണ് മറ്റൊരു ടീം. അബുദാബിയിലും അല്‍ ഐനിലുമായാണ് ഇത്തവണ മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അബുദാബിയിലെ ലോക പ്രശസ്തമായ സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ 43,000 പേര്‍ക്കാണ് ഇരിപ്പിടം. മറ്റൊരു വേദിയായ അല്‍ ഐനിലെ ഹാസാ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ 22,717 പേര്‍ക്കാണ് കസേരകള്‍.
ആറിന് അല്‍ ഐനില്‍ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ റൊമാരിഞ്ഞോ നേടിയ ഏക ഗോളിന് അല്‍ ജസീറ ഓക്‌ലാന്‍ഡ് സിറ്റിയെ തോല്‍പ്പിച്ചപ്പോള്‍ അബുദാബിയില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ അധിക സമയത്തേക്ക് ദീര്‍ഘിച്ച ആവേശ പോരാട്ടത്തില്‍ പച്ചൂക്ക ഒരു ഗോളിന് വൈദാദ് കാസാബ്ലാന്‍ങ്കയെയും തോല്‍പ്പിച്ചു. സ്വന്തം മൈതാനത്ത് വലിയ കാണികളെ സാക്ഷി നിര്‍ത്തി നടന്ന രണ്ടാം മല്‍സരത്തില്‍ ജപ്പാനി ക്ലബായ ഉറാവായെ ഒരു ഗോളിന് തോല്‍പ്പിച്ചത് വഴിയാണ് അല്‍ ജസീറ സെമി ടിക്കറ്റ് ഉറപ്പാക്കിയത്. ആദ്യ സെമിയില്‍ ഇന്ന് അല്‍ ഐനില്‍ ബ്രസീല്‍ ക്ലബായ ഗ്രീമിയോയും പച്ചൂക്കയും കളിക്കും. ഇന്ന് തന്നെ അഞ്ചാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള മല്‍സരത്തില്‍ വൈദാദും ഉറാവായും കളിക്കുന്നുണ്ട്. നാളെയാണ് റയല്‍-ജസീറ രണ്ടാം സെമി. 16ന് രാത്രി കലാശപ്പോരാട്ടം.

SHARE