അഫ്ഗാന്‍: തകര്‍ന്ന പ്രതീക്ഷകള്‍

കെ. മൊയ്തീകോയ

അഫ്ഗാനിസ്താനില്‍ വന്‍ പ്രതീക്ഷ ഉണര്‍ത്തുന്നതായിരുന്നു, അമേരിക്ക താലിബാന്‍ സമാധാന കരാറ് ! പക്ഷെ, മഷി ഉണങ്ങും മുമ്പേ കരാറ് സാങ്കേതികമായി തകര്‍ന്നിരിക്കുകയാണെങ്കിലും പ്രതീക്ഷ പൂര്‍ണ്ണമായും കൈവിടാനായിട്ടില്ല.18 വര്‍ഷം 17 മാസം നീണ്ട പോരാട്ടത്തിന് വിരാമം എന്നായിരുന്നു ലോകം ആശ്വസിച്ചിരുന്നത്..2019 ഫെബ്രുവരി 29 ന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇരുപക്ഷവും കരാറില്‍ ഒപ്പ് വയ്ക്കുമ്പോള്‍ തന്നെ പുറത്ത് നിന്ന അഫ്ഗാന്‍ സര്‍ക്കാര്‍ വക്താക്കള്‍ മുറുമുറുക്കുകയായിരുന്നു. അമേരിക്ക ഉള്‍പ്പെടെ വിദേശ ശക്തികള്‍ അധികാരത്തില്‍ പ്രതിഷ്ഠിച്ച പാവ സര്‍ക്കാര്‍ ആണല്ലോ ഭരണം നടത്തുന്നത്. അമേരിക്കന്‍ സൈനിക പിന്‍ബലമില്ലെങ്കില്‍ സര്‍ക്കാര്‍ ഇല്ല!’ അഫ്ഗാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കിയതും തീറ്റിപ്പോറ്റുന്നതും അമേരിക്ക തന്നെ. അവരുടെ സമ്പത്ത് നഷ്ടപ്പെടുത്തിയാണ് രണ്ട് പതിറ്റാണ്ട് കാലം പിടിച്ച് നിന്നത്. അതിന് വന്ന ചെലവ് മൂലം അമേരിക്കയുടെ സമ്പദ്ഘടന തകര്‍ന്നു.72 ലക്ഷം കോടിയാണ് ചെലവ്. അമേരിക്കയുടെ 2400 ഉള്‍പ്പെടെ 3500 വിദേശ സൈനികര്‍ അഫ്ഗാന്‍ മണ്ണില്‍ മരിച്ച് വീണു.എന്നിട്ടും അഫ്ഗാനിന്റെ മുന്നില്‍ രണ്ടും പ്രദേശം ഇപ്പോഴും താലിബാന്‍ അധീനതയില്‍…..!!ദിനംപ്രതി താലിബാന്റെ പോരാട്ട വീര്യത്തിന് ശക്തി കൂടുന്നു. അതേ സമയം അക്ഷരാത്ഥത്തില്‍ ഇരുപക്ഷത്തിനും യുദ്ധം മതിയായി ,ദോഹ കേ ന്ദ്രീകരിച്ച് ചര്‍ച്ച തുടങ്ങിയിട്ടും നിരവധി വര്‍ഷങ്ങള്‍ .മുന്‍ പ്രസിഡന്റ് ഒബാമ അഫ്ഗാന്‍ ചര്‍ച്ചക്ക് വലിയ പ്രാധാന്യം നല്‍കി.അഫ്ഗാന്‍സര്‍ക്കാരിനെ താലിബാന്‍ അംഗീകരിക്കാന്‍ തയാറില്ല. അവരുമായി ചര്‍ച്ചക്കും താലിബാന്‍ ഒരുക്കമായിരുന്നില്ല.അവസാനം അഫ്ഗാന്‍ സര്‍ക്കാറിനെ ഒഴിവാക്കി അമേരിക്ക കരാറുമായി മുന്നോട്ട് പോകുകയായിരുന്നു.ഇതിന് പ്രധാന കാരണം അഫ്ഗാന്‍ നേതാക്കളുടെ തമ്മിലടിയാണ്. ഏറ്റവും അവസാനം നടന്ന ‘തെരഞ്ഞെടുപ്പില്‍ ‘അഷ്‌റഫ്ഗനിയാണോ ഡോ അബ്ദുല്ല അബ്ദുല്ലയാണോ വിജയിച്ചത് എന്ന തര്‍ക്കം നിലനില്‍ക്കുന്നു. അഷ്‌റഫ് ഗനിയും അബ്ദുല്ല അബ്ദുല്ലയും തിങ്കളാഴ്ച സ്വയം പ്രസിഡന്റുമാരായി സത്യപ്രതിജ്ഞ ചെയ്തത് കൗതുകമായി. അഫ്ഗാന്‍ രാജ്യത്തിന് രണ്ട് പ്രസിഡന്റുമാര്‍ ! കഴിഞ്ഞ തവണയും ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. അമേരിക്ക ഇടപെട്ട് ആണ് പരിഹരിച്ചത്. അഫ്ഗാന്‍ നേതാക്കള്‍ക്കിടയിലെ അധികാര തര്‍ക്കം താലിബാന്റെ തിരിച്ച് വരവ് എളുപ്പമാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. . അമേരിക്ക-താലിബാന്‍ കരാര്‍ അനുസരിച്ച് 14 മാസത്തിന്നകം അമേരിക്ക നാറ്റോ സഖ്യത്തിന്റെ 12,500 വരുന്ന സൈന്യത്തെ മുഴുവന്‍ പിന്‍വലിക്കും.20 മാസത്തിന്നകം 5400 സൈനികര്‍ തിരിച്ച് പോകും.അഫ്ഗാനിലുള്ള 10,000 താലിബാന്‍ തടവുകാരില്‍ 5000 പേരെ മാര്‍ച്ച് 10ന് മുന്‍പ് മോചിപ്പിക്കും .പകരം താലിബാന്‍ തടവിലുള്ള 1000 അഫ്ഗാന്‍ സൈനികരെ മോചിപ്പിക്കണം. വിദേശ സൈനികരെ താലിബാന്‍ അക്രമിക്കില്ല. താലിബാന്‍ അധീന മേഖലയില്‍ അല്‍ ഖാഇദ ഐ.എസ്.ഭീകരര്‍ക്ക് താവളം നല്‍കില്ല. അഫ്ഗാന്‍ ഭരണകൂടവുമായി ചര്‍ച്ചക്ക് തയാറാവും.എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി ഉടക്കി. താലിബാന്‍ തടവുകാരെ മോചിപ്പിക്കാന്‍ തയാറില്ലെന്നായിരുന്നു അഷ്‌റഫ് ഗനി പ്രഖ്യാപിച്ചത്. അടുത്ത ദിവസം താലിബാന്‍ പോരാളികള്‍ അഫ്ഗാന്‍ സൈന്യത്തെ അക്രമിച് നാശം വരുത്തി . തിരിച്ചടിച്ചത് അമേരിക്കന്‍ വ്യോമസേന. താലിബാന്‍ പക്ഷത്തിനും കനത്ത നാശം. എന്നാല്‍ ഇതിലിടക്ക് ഡോണാള്‍ഡ്ട്രംപും താലിബാന്‍ പ്രതിനിധിഅബ്ദുല്‍ ഗനിബരാദറുമായി ടെലഫോണില്‍ ബന്ധപെട്ടത് ശുഭസൂചനയായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അമേരിക്കയുടെ പിന്തുണയില്ലെങ്കില്‍ ഏത് നിമിഷവും തകര്‍ന്ന് വീഴുന്നതാണ് അഫ്ഗാന്‍ ഭരണകൂടം. മാര്‍ച്ച7 ന് വൈറ്റ് ഹൗസില്‍ മാധ്യമ സമ്മേളനത്തില്‍ ട്രം പ് തന്നെ ഇക്കാര്യം തുറന്ന് സമ്മതിച്ചു.വിദേശസേന പിന്‍മാറുന്നതോടെ താലിബാന്‍ അധികാരം കയ്യടക്കുമെന്ന് അദ്ദേഹം സൂചന നല്‍കി.20 വര്‍ഷമായി അവരെ സംരക്ഷിക്കുന്നു. ഇനി സ്വയം പ്രതിരോധിക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ശ്രമിക്കട്ടെ.’ അഫ്ഗാനില്‍ മുട്ടുമടക്കി ആണെങ്കിലും തിരിച്ച് വരേണ്ടത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ട്രഠപിന് അനിവാര്യം തന്നെ. അഫ്ഗാനില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ച് വരുന്നതില്‍ അമേരിക്കയ്ക്ക് പ്രശ്‌നമില്ല. വന്‍ ശക്തികള്‍ക്ക് ഒരുങ്ങുന്ന മണ്ണ് അല്ല അഫ്ഗാനിസ്താന്‍.സോവ്യറ്റ് ചെമ്പടയെ കെട്ടുകെട്ടിച്ച പോരാളികള്‍.രാജവാഴ്ചയെ തകര്‍ത്ത് 1973 ജൂലായ് ഒന്നിന് സര്‍ദാര്‍ മുഹമ്മദ് ദാവൂദ് ഖാന്‍ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചത് മുതല്‍ അഫ്ഗാന്‍ അഭ്യന്തര സംഘര്‍ഷത്തിലേക്ക് നീങ്ങി.ദാവൂദ് ഖാന്‍ കമ്യൂണിസ്റ്റ് സോവ്യറ്റ് യൂണിയനുമായി സ്ഥാപിച്ച സൗഹൃദം അദ്ദേഹത്തിന് തന്നെ വിനയായി. സോവ്യറ്റ് പിന്തുണ യോടെ കമ്യൂണിസ്റ്റ് ശക്തികള്‍ ദാവൂദ് ഖാനെ അട്ടിമറിച്ചു.നൂര്‍ മുഹമ്മദ് തറാക്കി അധികാരം കയ്യടക്കി. പിന്നീടു കമ്മ്യൂണിസ്റ്റ് ഭിന്നതയില്‍ പ്രസിഡന്റുമാര്‍ നിരവധി വന്നു. ഹഫീസുല്ല അമീന്‍, ബാബറക്ക് കാര്‍മല്‍ അവസാനം ഡോ.നജീബുല്ല വരെ അഫ്ഗാന്‍ ഭരിച്ചു.കമ്മ്യൂണിസ്‌റ് ഭരണം. ഇതിന് എതിരെ ജനാധിപത്യ ശക്തികള്‍ രംഗത്തിറങ്ങി പോരടിച്ചു.അവര്‍ക്ക് പിന്തുണയുമായി അമേരിക്കയും പാശ്ചാത്യ ശക്തികളും ആയുധമണിയിച്ച പോരാളികള്‍ അഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചു.അഫ്ഗാന്‍ ഭരണം നിലനിര്‍ത്താന്‍ കോടികള്‍ സോവ്യറ്റ് യൂണിയന്‍ ചെലവഴിച്ചു. സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ഒരു കാരണം അഫ്ഗാനിലെ ഇടപെടല്‍ ആണെന്ന് വിശ്വസിക്കുന്നവരാണ് മഹാഭൂരിപക്ഷം ചരിത്ര പണ്ഡിതരും. വിദേശ രാജ്യങ്ങളിലേക്ക് കമ്മ്യൂണിസം’ കയറ്റി അയക്കാന്‍ ‘ കാണിച്ച ആവേശത്തിന്റെ പ്രത്യാഘാതവും ദുരന്തവുമാണ് സോവ്യറ്റ് യൂണിയന്‍ സാമ്പത്തിക പാപ്പരായത്! . തുടര്‍ന്ന് ഓരോ പ്രവിശ്യകളും വേര്‍പ്പെട്ട് സോവ്യറ്റ് യൂണിയന്‍ തന്നെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് നാമാവശേഷമായതും നാല് പതിറ്റാണ്ട് കാലമായി അഫ്ഗാനിസ്താനില്‍ വെടിയൊച്ച ഒഴിഞ്ഞ നിമിഷമില്ല രണ്ട് വന്‍ശക്തികള്‍ തോറ്റു മടങ്ങുന്നു. ഇനി അഫ്ഗാനികള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ അനുവദിക്കുമോ എന്ന സംശയം ഉയരുന്നു ണ്ട്.
മേഖലയിലെ പാക് രാഷ്ട്രീയക്കളി അഫ്ഗാനില്‍ സ്വാധീനം ഉറപ്പാക്കാന്‍ തന്ത്രം മെനയുന്നുണ്ട്. താലിബാന്‍ തിരിച്ച് വരുന്നതോടെ അഫ്ഗാനില്‍ പാകിസ്താന്റെ സ്വാധീനം ശക്തമാവും. അത്തരമൊരു സാഹചര്യം ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുമെന്നാണ് ആശങ്ക. ഭാവിയില്‍ അഫ്ഗാനില്‍ ഇന്ത്യാപാക് നിഴല്‍ യുദ്ധമായാല്‍ അത്ഭുതപ്പെടാനില്ല.

SHARE