അക്രമങ്ങള്‍ക്കു കാരണമായത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ

ചെന്നൈ: കാവേരി വിഷയത്തില്‍ തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്കു മടങ്ങുന്നതിനിടെ തിങ്കളാഴ്ച തമിഴ്‌നാട്ടിലും കര്‍ണാടകയിലും വലിയ അക്രമ സംഭങ്ങള്‍ അരങ്ങേറാന്‍ കാരണമായത് സമുഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയെന്ന് റിപ്പോര്‍ട്ട്.

ഞായറാഴ്ച തമിഴ് യുവാവെന്നു സംശയിക്കുന്ന ഒരാള്‍ക്കു നേരെ കര്‍ണാകയില്‍ ഒരു സംഘം ആളുകള്‍ അക്രമം അഴിച്ചു വിടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതു വൈറലായതിനു പിന്നാലെയാണ് ചെന്നൈ മൈലാപൂരിലെ കര്‍ണാടക സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ന്യൂവുഡ്‌ലാന്റ് ഹോട്ടലിനു നേരെ തിങ്കളാഴ്ച രാവിലെ അക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞതോടെയാണ് അക്രമങ്ങള്‍ ആരംഭിച്ചത്. ഹോട്ടലിലേക്കു അതിക്രമിച്ചു കയറിയ അക്രമികള്‍ ഹോട്ടലിന്റെ ഗ്ലാസുകളും ജനല്‍ച്ചില്ലുകളും അടിച്ചു തകര്‍ത്തു.

കര്‍ണാടകയില്‍ തമിഴര്‍ക്കു നേരെ അക്രമമുണ്ടായാല്‍ തമിഴ്‌നാട്ടിലും തിരിച്ചടിയുണ്ടാകുമെന്ന് അക്രമികള്‍ ഹോട്ടലില്‍ പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തു. പുലര്‍ച്ചെ 3.45 ഓടെയാണ് സംഭവം നടന്നത്. ഇതിനു പിന്നാലെ തമിഴ്‌നാട്ടിലെ രാമേശ്വരം, വെല്ലൂര്‍, തഞ്ചാവൂര്‍, ഈറോഡ്, സേലം, തിരുച്ചി, എന്നിവിടങ്ങളിലും അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ടൂറിസ്റ്റ് ബസ് അടക്കം ആറു കര്‍ണാടക രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു.

രാമേശ്വരത്ത് ടൂറിസ്റ്റ് വാഹനത്തിന്റെ ഡ്രൈവറെ മര്‍ദ്ദിച്ച ശേഷം കാവേരി തമിഴ്‌നാടിന്റേതാണെന്നു മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്തു. പൊലീസെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. വിടുതലൈ ചിരുതൈകള്‍ കക്ഷി (വി.സി.കെ)യുടെ പ്രവര്‍ത്തകര്‍ വെല്ലൂരിലെ ആംബൂരില്‍ കര്‍ണാടക ബസിന് നേരെ ആക്രമണം നടത്തി. സേലത്ത് കര്‍ണാടക മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. ഇതിനു പുറമെ കര്‍ണാടക ആസ്ഥാനമായുള്ള ബാങ്കുകള്‍ക്കു നേരെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അക്രമങ്ങള്‍ നടന്നു.

തമിഴ്‌നാട്ടില്‍ കര്‍ണാടക വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും നേരെ നടന്ന അക്രമങ്ങളുടെ ദൃശ്യങ്ങള്‍ കന്നഡ പ്രാദേശിക ചാനലുകള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തതോടെയാണ് കര്‍ണാടകയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്.

SHARE