അപകടത്തില്‍പ്പെട്ട ട്രക്കുകള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് വന്നത്; അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ആദിത്യനാഥ്

ഉത്തര്‍പ്രദേശില്‍ 26 അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ട അപകടത്തിന്റെ ഉത്തരവാദിത്തം പഞ്ചാബിലെയും രാജസ്ഥാനിലെയും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്കെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അപകടത്തില്‍പ്പെട്ട ട്രക്കുകളിലൊന്ന് രാജസ്ഥാനില്‍ നിന്നും മറ്റൊന്ന് പഞ്ചാബില്‍ നിന്നും വന്നവയാണെന്നും അതിനാല്‍ അപകടത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്കാണെന്നുമുള്ള വിചിത്ര ന്യായമാണ് യോഗി ആദിത്യനാഥ് ഉയര്‍ത്തിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഔറയ്യയില്‍ നാരങ്ങാ ചാക്കുകളും 43 പേരുമായി പോയ ട്രെയ്‌ലര്‍ ട്രക്ക്, സ്‌റ്റേഷനറി വസ്തുക്കളെയും അതിഥി തൊഴിലാളികളെയും വഹിച്ചുകൊണ്ടുള്ള മറ്റൊരു ട്രക്കിനു പിന്നിലിടിച്ച് ദുരന്തമുണ്ടായത്. 24 പേര്‍ തല്‍ക്ഷണം കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കറ്റ രണ്ടുപേര്‍ പിന്നീട് മരിച്ചു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഉത്തര്‍പ്രദേശിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികള്‍ക്കെതിരെ യോഗി സര്‍ക്കാര്‍ എടുത്ത നിലപാട് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. കൂട്ടത്തോടെ പലായനം ചെയ്ത് യു.പിയില്‍ എത്തിയ തൊഴിലാളികളുടെ മേല്‍ അണുനാശിനി തളിച്ചത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ഏര്‍പ്പാടാക്കിയിരുന്ന ബസ്സുകള്‍ യോഗി സര്‍ക്കാര്‍ അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു.

SHARE