ക്രിമിനല്‍ കൊല്ലപ്പെട്ടു, എന്നാല്‍ അവരെ സംരക്ഷിച്ചവരോ; വികാസ് ദുബെയുടെ കൊലപാതകത്തില്‍ പ്രതിഷേധവുമായി പ്രിയങ്ക

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഗുണ്ടാതലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ക്രിമിനല്‍ കൊല്ലപ്പെട്ടു എന്നാല്‍ അവരെ സംരക്ഷിച്ചവരോ എന്നാണ് പ്രിയങ്കയുടെ ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

ഇന്ന് രാവിലെ വ്യാജ ഏറ്റമുട്ടലിലായിരുന്നു വികാസ് ദുബെ കൊല്ലപ്പെട്ടത്. വെടിയേല്‍ക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് വികാസ് ദുബെ.

വികാസ് ദുബെ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കോണ്‍ഗ്രസ് നേതാവ് ചിദംബരവും അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വികാസ് ഗുബെ കൊല്ലപ്പെട്ടതിന് പിന്നാലെ സര്‍ക്കാരിന്റെ രഹസ്യങ്ങള്‍ സംരക്ഷിക്കപ്പെട്ടുവെന്നാണ് അഖിലേഷ് യാദവിന്റെ പ്രതികരണം.

ഏറ്റവും വലിയ അധോലോക നേതാവിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന യുപി പൊലീസാണ് ലഹളകൂട്ടം എന്നായിരുന്നു ചിദംബരത്തിന്റെ പ്രതികരണം. അതേസമയം പ്രതീക്ഷിച്ചത് തന്നെ നടന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പറഞ്ഞു. ദുബെ കൊല്ലപ്പെട്ടതോടെ ഏതൊക്കെ രാഷ്ട്രീയക്കാര്‍, പൊലീസുകാര്‍ എന്നിവരുമായാണ് ദുബെക്ക് ബന്ധമുള്ളതെന്ന കാര്യം ഇനി ഒരിക്കലും പുറത്ത് വരില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

SHARE