വികാസ് ദുബെ; മുപ്പതു വര്‍ഷം രാജ്യത്തെ നടുക്കിയ കൊടുംകുറ്റവാളി


ബിജെപി മന്ത്രിയായിരുന്ന സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് വികാസ് ദുബെ. എന്നിട്ടും സ്വതന്ത്രനായി നടക്കാന്‍ കഴിഞ്ഞതിന് കാരണം ദുബെയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളാണ്. ദുബെയുടെ ക്രിമിനല്‍ പശ്ചാത്തലത്തിന് 30 വര്‍ഷത്തെ ചരിത്രമുണ്ട്. കാന്‍പുരിലെ ബിക്രു ഗ്രാമമാണു ദുബെയുടെ ജന്മസ്ഥലം. 1990 ലാണ് ദുബെക്കെതിരെ ആദ്യമായി ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.

2020 ആയപ്പോഴേക്കും അഞ്ച് കൊലപാതകവും എട്ട് കൊലപാതക ശ്രമവുമുള്‍പ്പെടെ 62 കേസുകള്‍. ഭൂമി കയ്യേറ്റ കേസുകളും നിരവധി. 2001 ല്‍ ബിജെപി നേതാവും മുന്‍ മന്ത്രിയുമായിരുന്ന സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായതോടെയാണ് രാജ്യത്തെ തന്നെ കൊടുംകുറ്റവാളി എന്ന നിലയില്‍ വികാസ് ദുബെ അറിയപ്പെട്ടു തുടങ്ങിയത്. ശിവ്‌ലി പൊലീസ് സ്റ്റേഷന്റെ ഉള്ളില്‍ വച്ചാണ് ശുക്ലയെ കൊലപ്പെടുത്തിയത്.
സംഭവത്തില്‍ ദുബെയെ അറസ്റ്റ് ചെയ്‌തെങ്കിലും കേസിലെ പ്രധാന സാക്ഷികള്‍ അനുകൂലമായി മൊഴി നല്‍കിയതോടെ കോടതി വെറുതെ വിട്ടു. ഇതിനും രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഒരാളെയും 2000 ല്‍ സ്വന്തം അധ്യാപകനെയും ദുബെ കൊലപ്പെടുത്തിയത്. ദുബെക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഭൂരിഭാഗവും കാന്‍പുര്‍ ജില്ലയിലാണ്. നിരവധി അനുയായികള്‍ ദുബെക്കുണ്ടായിരുന്നു.
രാഷ്ട്രീയത്തില്‍ ഇറങ്ങിയതോടെ അനുയായികളെ ഉപയോഗിച്ചായിരുന്നു കുറ്റകൃത്യങ്ങള്‍. ബിജെപിയിലും ബിഎസ്പിയിലും പ്രവര്‍ത്തിച്ച ദുബെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. ഉന്നത രാഷ്ട്രീയ ബന്ധങ്ങളായിരുന്നു ദുബെയെ കേസുകളില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നത്. ഇതേ ആത്മവിശ്വാസത്തിലാണു തന്നെ പിടികൂടാനെത്തിയ എട്ട് പൊലീസുകാരെ ദുബെ നിഷ്ഠൂരം കൊലപ്പെടുത്തിയതും. എന്നാല്‍ ഈ കുറ്റകൃത്യം ദുബെക്കു മരണത്തിലേക്കുള്ള വഴിതുറന്നു.

ഉത്തര്‍പ്രദേശില്‍ രണ്ടു പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ ഗുണ്ടാ ആക്രമണമായിരുന്നു കാന്‍പുരിലെ ബിക്രു ഗ്രാമത്തിലേത്. പൊലീസിന് ഈ അക്രമത്തില്‍ നഷ്ടപ്പെട്ടത് എട്ട് ഉദ്യോഗസ്ഥരെ. സംസ്ഥാനത്തെ ക്രമസമാധാന നിലയെ സംബന്ധിച്ച് യോഗി സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്കുതന്നെ ഈ സംഭവം വഴിവച്ചു. ഈ മാസം മൂന്നിനായിരുന്നു ബിക്രു ഗ്രാമത്തില്‍ തന്നെ പിടികൂടാനെത്തിയ എട്ടു പൊലീസുകാരെ ദുബെയും അനുയായികളും കൊലപ്പെടുത്തിയത്. യുപി പൊലീസിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയ അക്രമത്തിലെ മുഖ്യപ്രതി ദുബെയെ ആറ് ദിവസത്തിന് ശേഷം മാത്രമാണ് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്.
കൂട്ടാളികളായ മൂന്നു പേരെ ഏറ്റുമുട്ടലില്‍ വധിച്ചതോടെ തോക്കെടുത്തവന്‍ തോക്കാല്‍ തീരുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. കാന്‍പുര്‍ സംഭവത്തിന് ശേഷം ജൂലൈ നാലിന് 25 സംഘങ്ങളായി തിരഞ്ഞാണു തിരച്ചില്‍ തുടങ്ങിയത്. അഞ്ചിന് ദുബെ ഉപയോഗിച്ച സര്‍ക്കാര്‍ ബോര്‍ഡ് വച്ച വാഹനം പൊലീസ് പിടിച്ചെടുത്തു. അന്ന് തന്നെയാണ് പൊലീസുകാരെ കൊലപ്പെടുത്തിയതു പോലെ തന്നെ ദുബെയെയും കൊല്ലണമെന്ന് വ്യക്തമാക്കി അമ്മ സരളാദേവി രംഗത്തുവന്നത്. ആറിന് കേസില്‍ ആദ്യ അറസ്റ്റ്. ദുബെയുടെ കൂട്ടാളി ദയാശങ്കര്‍ അഗ്‌നിഹോത്രിയെ ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് കീഴ്‌പ്പെടുത്തി.
അഗ്‌നിഹോത്രിയുടെ മൊഴിയിലാണ് പിടികൂടാനെത്തുന്ന വിവരം ചൗബേപുര്‍ സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ ദുബെക്ക് ചോര്‍ത്തി നല്‍കിയതായി വ്യക്തമായത്. മൂന്ന് പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു. ദുബെയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2.5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ദുബെയുമായി ബന്ധമുണ്ടെന്ന് കരുതുന്ന 200 പൊലീസുകാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. എട്ടിന് കേസിലെ പ്രതിയും ദുബെയുടെ വിശ്വസ്തനുമായ അമര്‍ ദുബെയെ ഹാമിര്‍പുരില്‍ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. അന്ന് തന്നെ ഫരീദാബാദിലെ ഹോട്ടലില്‍ നിന്ന് പൊലീസിന്റെ കണ്ണ് വെട്ടിച്ച് ദുബെ രക്ഷപ്പെട്ടു.
ദുബെയെ പിടികൂടാന്‍ കഴിയാത്തതിനാല്‍ വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. ഒമ്പതിന് ദുബെയുടെ രണ്ട് കൂട്ടാളികളായ പ്രഭാത് മിശ്രയേയും ബഹുവാ ദുബെയേയും വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ കൊലപ്പെടുത്തി. അന്നുതന്നെ രാവിലെ എട്ടോടെ മധ്യപ്രദേശിലെ ഉജ്ജയിനില്‍നിന്നു ദുബെ പിടിയിലായി. പത്തിന് ദുബെയെ കാന്‍പുരിലേക്ക് കൊണ്ടുവരുന്നതിനിടെ പൊലീസ് അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. ആ സമയം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനാല്‍ കൊടുംകുറ്റവാളിയുടെ അന്ത്യമെന്നു പൊലീസ് ഭാഷ്യം.

SHARE