ഗോമൂത്രവും ചാണകവും കൊറോണയെ പ്രതിരോധിക്കുമെന്ന പ്രചാരണം തടയേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ഗോമൂത്രവും ചാണകവും കൊറോണ തടയുമെന്ന പ്രചാരണം തടയേണ്ടതില്ലെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യ നായിഡു. ലോകത്താകമാനം ഭീതി പരത്തി കൊറോണ പടരുമ്പോള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് നിരുത്സാഹപ്പെടുത്തണമെന്നായിരുന്നു എന്‍.സി.പി എം.പി വന്ദന ചവാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം രാജ്യസഭാ അധ്യക്ഷന്‍ തള്ളുകയായിരുന്നു.

‘ഗോമൂത്രം, ചാണകം ചേര്‍ന്ന കേക്കുകള്‍ എന്നിവ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതാണെന്ന തരത്തില്‍ ചില നേതാക്കള്‍ സംസാരിക്കുന്നത് കണ്ടെന്നും കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ ഇവര്‍ പ്രചരിപ്പിക്കുകയാണ്. ഇത് സംഭവിക്കാന്‍ പാടില്ലെന്നുമായിരുന്നു വന്ദന ചവാന്‍ പറഞ്ഞത്.

എന്നാല്‍ എം.പിയുടെ പ്രസ്താവന തടഞ്ഞ രാജ്യസഭാ അധ്യക്ഷന്‍ ഇത്തരത്തിലുള്ള കാര്യമൊന്നും പറയരുതെന്നും ഇതെല്ലാം വിശ്വസിക്കണോ വേണ്ടയോ എന്നത് ജനങ്ങള്‍ തീരുമാനിക്കേണ്ട കാര്യമാണെന്നുമായിരുന്നു വെങ്കയ്യ നായിഡു പറഞ്ഞത്.

കൊറോണ വൈറസിനെ നേരിടാന്‍ ഗോമൂത്ര പാര്‍ട്ടിയും ചാണകകേക്കുമുണ്ടാക്കാന്‍ ഹിന്ദുമഹാസഭ ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു എന്‍.സി.പി എം.പി വിഷയം സഭയില്‍ പറഞ്ഞത്.

SHARE