യു.എസില്‍ അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല; പൊലീസിന്റെ ക്രൂരതയില്‍ തലപൊട്ടി ചോരവാര്‍ന്ന് വയോധികന്‍


ജോര്‍ജ് ഫ്‌ലോയിഡിന്റെ മരണത്തില്‍ പ്രതിഷേധം ആളിക്കത്തുന്ന അമേരിക്കയില്‍ വീണ്ടും പൊലീസ് ക്രൂരത. ന്യൂയോര്‍ക്കിലെ നയാഗ്ര സ്‌ക്വായറില്‍ പൊലീസ് ചെയ്ത അതിക്രമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നേരത്തെ തന്നെ ശക്തമായ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ പുതിയ സംഭവം പ്രതിഷേധക്കാരുടെ രോഷം ഇരട്ടിയാക്കിയിരിക്കുകയാണ്.

നായാഗ്ര സ്‌ക്വയറില്‍ നടന്ന പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പൊലീസുകാരുടെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പ്രതിരോധ വസ്ത്രങ്ങളണിഞ്ഞ് പ്രതിഷേധക്കാര്‍ക്ക് നടുവിലേക്ക് നടന്നടുക്കുന്ന പൊലീസ് സംഘമാണ് വീഡിയോയില്‍. ഇതിനിടെ ഒരു വയോധികന്‍ ഇവര്‍ക്കിടയിലേക്ക് നടന്നുകയറുകയാണ്.. ഇയാള്‍ പ്രതിഷേധക്കാരനാണെന്നാണ്‌സൂചന. പൊലീസുകാരോട് എന്തോ സംസാരിക്കുന്നതിനിടെ ഒരു ഉദ്യോഗസ്ഥന്‍ ഇയാളെ പിടിച്ച് തള്ളിയിടുകയാണ്. വീഴ്ചയുടെ ശക്തിയില്‍ തറയില്‍ തലയിടിച്ച് ചോരവാര്‍ന്ന് അനക്കമറ്റ് കിടക്കുന്ന വയോധികനെയാണ് പിന്നീട് ദൃശ്യങ്ങളില്‍ കാണുന്നത്.

SHARE