ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക യുഎസില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു


ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയും സിബിഎസ് 2 ടെലിവിഷന്‍ റിപ്പോര്‍ട്ടറുമായ നീന കപൂര്‍ (26) ന്യുയോര്‍ക്ക് മന്‍ഹാട്ടനിലുണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് പരുക്കുകളോടെ മന്‍ഹാട്ടന്‍ ബല്ലവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്‌കൂട്ടറിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന കപൂര്‍ ബ്രൂക്ക്ലിന്‍ ഗ്രീന്‍ പോയിന്റില്‍ വച്ചു സ്‌കൂട്ടറില്‍ നിന്നും തെറിച്ചു വീഴുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന 26 കാരനായ യുവാവും സ്‌കൂട്ടറില്‍ നിന്നും വീണെങ്കിലും കാര്യമായ പരുക്കുകളൊന്നും സംഭവിച്ചില്ലായെന്ന് ന്യുയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഡെന്നിസ് പറഞ്ഞു.

ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നതായും അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കയാണെന്നും അറിയിച്ചു. ന്യൂയോര്‍ക്ക്, ഓസ്റ്റിന്‍, ടെക്‌സസ്, മയാമി, കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍ ഡിസി തുടങ്ങിയ സ്ഥലത്തില്‍ സുലഭമായി ലഭിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന് ഒരു ഡോളര്‍ മാത്രമാണ് വാടക നല്‍കേണ്ടത്. 21 വയസ്സിനു മുകളിലുള്ള ആര്‍ക്കും ഈ സ്‌കൂട്ടര്‍ ലൈസന്‍സ് ഉണ്ടെങ്കില്‍ ഓടിക്കാം.
സൈറക്കസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2016 ല്‍ ജേണലിസത്തില്‍ ഡിഗ്രിയെടുത്ത ഇവര്‍ 2019 ലാണ് സിബിഎസില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ന്യുയോര്‍ക്കിലുണ്ടായ പാന്‍ഡമിക്കിനെ കുറിച്ച് ലൈവ് റിപ്പോര്‍ട്ടുകളും പ്രധാന വാര്‍ത്തകളും നല്‍കിയിരുന്നു. നീനയുടെ മരണം സഹപ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും തീരാനഷ്ടമാണ്.

SHARE