മാസ്‌കില്ല; ആടിനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്; വീഡിയോ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മാസ്‌കിടാതെ ഇറങ്ങി നടന്ന ആടിനെ പൊലീസ് അറസ്റ്റു ചെയ്തു. കോവിഡ് വ്യാപനം തടയാന്‍ മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും മാസ്‌ക് ധരിക്കണമെന്ന് യുപി പൊലീസ് പ
യുന്നു. മാസ്‌കില്ലാതെ നടന്നാല്‍ മനുഷ്യരോട് പിഴയീടാക്കുകയും കൂടിപ്പോയാല്‍ കേസെടുക്കുകയുമാണ് ചെയ്യുന്നതെങ്കില്‍ ഇവിടെ ആടിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് യുപി പൊലീസ്.

മാസ്‌ക് ഇടാതെ റോഡില്‍ അലഞ്ഞുതിരിഞ്ഞ ആടിനെയാണ് കാണ്‍പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാണ്‍പൂരിലെ ബെക്കന്‍ഗഞ്ച് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. വഴിയരികില്‍ മാസ്‌ക് ധരിക്കാതെ അലഞ്ഞു തിരിഞ്ഞ ആടിനെ പൊലീസുകാര്‍ ജീപ്പില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന് ആടിന്റെ ഉടമസ്ഥന്‍ സ്‌റ്റേഷനിലെത്തി. ആടിനെ വിട്ടുതരണമെന്ന് അപേക്ഷിച്ചു. ഒടുവില്‍ ആടിനെ വിടാമെന്ന് പൊലീസ് സമ്മതിച്ചു. എന്നാല്‍ ഇനി മാസ്‌കില്ലാതെ ആടിനെ റോഡില്‍ അലയാന്‍ വിടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയാണ് ഉടമസ്ഥന് വിട്ടുനല്‍കിയത്.

മൃഗങ്ങള്‍ക്കും കോവിഡ് ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ അവയെ മാസ്‌ക് ധരിപ്പിക്കണമെന്നാണ് പൊലീസ് വാദം. ആളുകള്‍ വീട്ടിലെ നായ്ക്കളെ വരെ മാസ്‌ക് ധരിപ്പിക്കുന്നു. പിന്നെന്താ ആടിനെ മാസ്‌ക് ധരിപ്പിച്ചാല്‍ എന്ന് സ്‌റ്റേഷനിലെ സിഐ ചോദിച്ചതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ സംഗതി വലിയ വിവാദമാവുകയും പൊലീസിനെതിരെ പരിഹാസം ഉയരുകയും ചെയ്തതോടെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ച് തലയൂരാന്‍ ശ്രമിക്കുകയാണ് ഉദ്യോഗസ്ഥര്‍. മാസ്‌ക് ധരിക്കാതെ ഒരാള്‍ ആടുമായി പോകുന്നത് കണ്ടു. പക്ഷേ അയാള്‍ പൊലീസിനെ കണ്ട് ഓടിപ്പോയി. അതുകൊണ്ടാണ് ആടിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നതെന്നാണ് പൊലീസ് പറയുന്നത്.

SHARE