ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശം ലംഘിച്ച് ബീച്ചില്‍ പോയി; ന്യൂസിലാന്‍ഡില്‍ ആരോഗ്യമന്ത്രി രാജിവച്ചു

വെല്ലിങ്ടണ്‍: സര്‍ക്കാര്‍ പുറപ്പെടുവിച്ച ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കുടുംബത്തോടൊപ്പം ബീച്ചില്‍ പോയ ന്യൂസിലാന്‍ഡ് ആരോഗ്യമന്ത്രി രാജിവച്ചു. ഡേവിഡ് ക്ലാര്‍ക്ക് ആണ് രാജിവച്ചത്. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിശ്വാസം നിലനിര്‍ത്താന്‍ രാജി അനിവാര്യമായിരുന്നു എന്ന് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡെന്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ ക്ലാര്‍ക്ക് കുടുംബത്തോടൊപ്പം 20 കിലോമീറ്റര്‍ അകലെയുള്ള ബീച്ചിലേക്ക് പോകുകയായിരുന്നു. സംഭവം വിവാദമായതോടെ ക്ലാര്‍ക്ക് കുറ്റമേറ്റു പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ആരോഗ്യമന്ത്രാലയത്തിന്റെ ചുമതലകള്‍ ഇദ്ദേഹം വഹിച്ചിരുന്നില്ല. പ്രധാനമന്ത്രി ആര്‍ഡെനൊപ്പമുള്ള വാര്‍ത്താ സമ്മേളനങ്ങളില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ആഷ്‌ലി ബ്ലൂംഫീല്‍ഡ് ആണ് പങ്കെടുത്തിരുന്നത്.

കോവിഡ് മഹാമാരിക്കെതിരെ ലോകത്ത് ഏറ്റവും ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ രാഷ്ട്രങ്ങളില്‍ ഒന്നാണ് ന്യൂസിലാന്‍ഡ്. അമ്പത് ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് 1500ല്‍ താഴെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 22 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഭീതി ഒഴിഞ്ഞതിനു പിന്നാലെ രാജ്യത്തെ ജനജീവിതം സാധാരണ ഗതിയിലായിട്ടുണ്ട്.

SHARE