കാറ്റിനൊപ്പം അതിശക്തമായ മഴയും, ‘ഉംപുണ്‍’ ഇന്ന് കരതൊടും; മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഉംപുണ്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചകഴിഞ്ഞ് പശ്ചിമബംഗാള്‍ തീരംതൊടും. മണിക്കൂറില്‍ 155165 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗം. ഇത് ചിലപ്പോള്‍ 185 കിലോമീറ്റര്‍ വരെയാകാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടതാണ് ഉംപുണ്‍ ചുഴലിക്കാറ്റ്.

അതിശക്തമായ മഴയും കടലേറ്റവുമുണ്ടാകുമെന്നും തിരമാല നാലഞ്ച് മീറ്റര്‍വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പശ്ചിമ ബംഗാളിലെ ദിഖ, ബംഗ്ലാദേശിലെ ഹാതിയ ദ്വീപുകള്‍ക്കിടയിലൂടെയാകും ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുക. ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപുര്‍, വടക്കും തെക്കും 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, കൊല്‍ക്കത്ത ജില്ലകളില്‍ അതി തീവ്ര ചുഴലിക്കാറ്റായി ഉംപുണ്‍ ആഘാതമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.

12 മണിക്കൂര്‍ കൊണ്ടാണ് ഉംപുണ്‍ അതി തീവ്ര ചുഴലിയായി മാറിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒമ്പതിന് പശ്ചിമബംഗാളില്‍ വീശിയ ‘ബുള്‍ബുള്‍’ ചുഴലിക്കാറ്റിനെക്കാള്‍ നാശനഷ്ടമുണ്ടാക്കാന്‍ ശേഷിയുള്ളതാണ് ഉംപുണ്‍. ബംഗാള്‍, ഒഡിഷ തുടങ്ങി വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മീന്‍പിടിത്തക്കാര്‍ നാളെവരെ കടലില്‍പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. താഴ്ന്നപ്രദേശങ്ങളില്‍ കഴിയുന്നവരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയെന്ന് ഒഡിഷ ചീഫ് സെക്രട്ടറി അറിയിച്ചു. ദേശീയ ദുരന്തപ്രതികരണസേനയുടെ 36 സംഘങ്ങളെയാണ് രണ്ടുസംസ്ഥാനങ്ങളിലുമായി വിന്യസിച്ചിരിക്കുന്നത്. കരസേന, നാവികസേന എന്നിവയുടെ രക്ഷാ, ദുരിതാശ്വാസ സംഘങ്ങള്‍ സജ്ജമായിട്ടുണ്ട്.

SHARE