രാജ്യത്തെ ചിന്തകരെല്ലാം കൊടിയ വിഷപ്പാമ്പുകളെന്ന് ഉമാഭാരതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജെ.എന്‍.യു സര്‍വകലാശാലയില്‍ ഞായറാഴ്ച്ച രാത്രി മുഖം മൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അക്രമിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് ഉമാ ഭാരതി. ജെ.എന്‍.യുവില്‍ ഒരു സംഘം ചിന്തകര്‍ വിഷം പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും അവര്‍ ഒരു പ്രത്യേകഗണത്തില്‍ ഉള്‍പ്പെടുന്ന പാമ്പുകളാണെന്നുമായിരുന്നു ഉമാഭാരതിയുടെ പരാമര്‍ശം. അവര്‍ എണ്ണത്തില്‍ കുറവാണെങ്കിലും കൊടിയ വിഷയമുള്ളവരാണെന്നും ഉമാഭാരതി പറഞ്ഞു.

‘ഇവിടെ പ്രത്യേകഗണത്തില്‍ ഉള്‍പ്പെടുന്ന പാമ്പുകളുണ്ട്. എണ്ണത്തില്‍ വളരെ കുറവായിരിക്കും. പക്ഷെ കൊടിയ വിഷമുള്ളതാണ്. രാജ്യത്ത് ഒരു സംഘം ചിന്തകരുണ്ട്. അവരും എണ്ണത്തില്‍ കുറവാണ്. പക്ഷെ വിഷമുള്ളവരാണ്. അന്തരീക്ഷത്തില്‍ വിഷം കലര്‍ത്താനാണ് അവരുടെ ശ്രമം. ചിലതൊക്കെ ശരിയാക്കാനുണ്ട്-ഉമാ ഭാരതി പറഞ്ഞു.

ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് മാരകമായി പരിക്കേറ്റിരുന്നു. ഹോസ്റ്റലുകളില്‍ കയറിച്ചെന്ന് പോലും വിദ്യാര്‍ത്ഥികളെ മാരകായുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍ രംഗത്തെത്തിയിരുന്നു.

SHARE