അമിത്ഷാക്കെതിരെ മോദിപക്ഷത്തിന്റെ പടയൊരുക്കം: പരസ്യവിമര്‍ശനവുമായി ഉമാഭാരതി

ന്യൂഡല്‍ഹി: കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഒളിയമ്പെയ്ത് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുല്യനായ മറ്റൊരു നേതാവില്ലെന്ന് ഉമാഭാരതി പറഞ്ഞു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് ഉമാഭാരതിയുടെ പ്രതികരണം രംഗത്തുവരുന്നത്.

ഒന്നര വര്‍ഷത്തിനിടെ നടന്ന വിവിധ അസംബ്ലി തെരഞ്ഞെടുപ്പുകള്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകള്‍, ഇവയിലെ ഫലങ്ങളെല്ലാം നമ്മോട് വ്യക്തമായി പറയുന്നത് ഒരു കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുല്യനായ മറ്റൊരു നേതാവ് ബി.ജെ.പിയില്‍ ഇല്ലെന്ന കാര്യമാണതെന്ന് ഉമാഭാരതി പറഞ്ഞു. ഛത്രപതി മോദി സിന്ദാബാദ് എന്നും ഉമാഭാരതി ട്വീറ്റ് ചെയ്തു.

അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ഡല്‍ഹിയിലെ പ്രചാരണങ്ങള്‍. രണ്ടായിരത്തിലേറെ പൊതുപരിപാടികളാണ് അമിത് ഷാ പങ്കെടുത്തത്. 46 റാലികളില്‍ സംസാരിച്ച ഷാ 240 എം.പിമാരെയാണ് ഡല്‍ഹിയുടെ പ്രചാരണക്കളത്തില്‍ നിയോഗിച്ചത്. വീടു തോറിയുള്ള പ്രചാരണ പരിപാടികളില്‍ മിക്കവരും സജീവമാകുകയും ചെയ്തു.

ഒന്നരവര്‍ഷത്തിനിടെ ഇത് ആറാം തവണയാണ് ബിജെപി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 62 സീറ്റുകളിലും വിജയിച്ചാണ് എ.എ.പി അധികാരത്തിലേക്കെത്തുന്നത്.