ഉക്രൈന്‍ വിമാന ദുരന്തം: ഇറാനില്‍ നിരവധി പേര്‍ അറസ്റ്റില്‍

തെഹ്‌റാന്‍: ഇറാഖിലെ യു.എസ് സൈനിക താവളങ്ങളില്‍ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ഉക്രൈന്‍ യാത്രാ വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടുതുമായി ബന്ധപ്പെട്ട് ഇറാന്‍ നിരവധി പേരെ അറസ്റ്റ് ചെയ്തു. 176 പേര്‍ മരണപ്പെട്ട വിമാനാപകടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് ഇറാന്‍ നിയമ മന്ത്രാലയം വക്താവ് ഗുലാംഹുസൈന്‍ ഇസ്മാഈലി പറഞ്ഞു.


ആരൊക്കെയാണ് അറസ്റ്റിലായതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. പ്രത്യേക കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണമെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി അറിയിച്ചു. യന്ത്രത്തകരാറാണ് അപകടത്തിന് കാരണമായി ഇറാന്‍ ആദ്യം ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ മിസൈലല്‍ പ്രതിരോധ സംവിധാനത്തിന്റെ ഓപ്പറേറ്റര്‍ക്ക് പറ്റിയ വീഴ്ചയാണ് ഉക്രൈന്‍ വിമാനത്തില്‍ മിസൈല്‍ പതിക്കാന്‍ കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിമാന ദുരന്തത്തില്‍ അമേരിക്കക്ക് കൈയുണ്ടോ എന്നാണ് ഇറാന്‍ അന്വേഷിക്കുന്നത്.


ഉക്രൈന്‍ വിമാനം അബദ്ധത്തില്‍ വെടിവെച്ചിടുകയായിരുന്നുവെന്ന് ഇറാന്‍ ഭരണ നേതൃത്വം സമ്മതിച്ചതിന് ശേഷം രാജ്യത്ത് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. അപകടത്തെക്കുറിച്ചുള്ള സത്യങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിച്ചതിന് പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ തെരുവിലറങ്ങിയത്. അപകടത്തിന് ഒരാള്‍ മാത്രമല്ല ഉത്തരവാദിയെന്നും നിരവധി പേര്‍ക്ക് അതില്‍ പങ്കുണ്ടെന്നും റൂഹാനി പറയുന്നു. ഇറാന്‍ സേന തെറ്റ് സമ്മതിച്ചിട്ടുണ്ടെങ്കിലും ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം വിമാന ദുരന്തവുമായി ബന്ധപ്പെട്ട് പ്രതിഷേധ റാലി നടത്തിയവരില്‍ മുപ്പത് പേരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ അറിയിച്ചു. നിയമവിരുദ്ധ പ്രതിഷേധങ്ങള്‍ അംഗീകരിക്കില്ലെന്ന് നിയമ മന്ത്രാലയം പറഞ്ഞു. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് വെടിവെച്ചുവെന്ന ആരോപണം മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്. വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടുവെന്ന് ഇറാന്‍ സമ്മതിച്ചത് ആശ്വാസകരമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു.

SHARE