യു.എ.പി.എ മുതല്‍ ചീഫ് സെക്രട്ടറിയുടെ ലേഖനം വരെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല

അഷ്‌റഫ് തൈവളപ്പ്
കൊച്ചി

സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതികൂട്ടിലാക്കുന്ന ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ വ്യക്തമായ ഉത്തരം നല്‍കാതെ മുഖ്യമന്ത്രി. നിയമസഭയുടെ കഴിഞ്ഞ സേേമ്മളനത്തില്‍ (16ാം സെഷന്‍) ഭരണ-പ്രതിപക്ഷ എം.എല്‍.എമാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കാണ് മറുപടിയില്ലാത്തത്. ഒക്ടോബര്‍ 28, നവംബര്‍ 04, 11, 18 തീയതികളിലായി ചോദിച്ച ചോദ്യങ്ങളാണ് നിയമസഭ വെബ്‌സൈറ്റില്‍ ഇപ്പോഴും ഉത്തരമില്ലാതെ കിടക്കുന്നത്. ഉത്തരം നല്‍കിയ ചില ചോദ്യങ്ങള്‍ക്ക് വിവരം ശേഖരിച്ചു വരുന്നുവെന്ന അവ്യക്തമായ മറുപടിയാണുള്ളത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഉപദേഷ്ടാക്കള്‍, മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശയാത്രകള്‍, എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള കൊലപാതകങ്ങള്‍, പെരിയ ഇരട്ടകൊല കേസ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ തീര്‍പ്പാകാത്ത ഫയലുകള്‍, കിയാലിലെ സി.എ.ജി. ഓഡിറ്റിങ്, യു.എ.പി.എ കേസുകള്‍, ഭരണപരിഷ്‌ക്കാര കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍, മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍, മുന്‍ എം.പി സമ്പത്തിന്റെ കാബിനറ്റ് റാങ്കിലുള്ള നിയമനം തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഉത്തരം പറയാതെ ഒളിച്ചു കളിക്കുന്നത്. ഇതിലെ ചില വിഷയങ്ങളില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തെ ഡാറ്റയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയപ്പോഴാണ് സ്വന്തം ഭരണത്തിന് കീഴിലെ വിവരങ്ങള്‍ മറച്ച് വെക്കാന്‍ ഇടത് സര്‍ക്കാര്‍ വ്യഗ്രത കാണിക്കുന്നത്. സംഘപരിവാറിനെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യങ്ങളോടും മുഖ്യമന്ത്രിക്ക് മൗനം തന്നെ. പാലക്കാട് കര്‍ണകിയമ്മന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കളക്ടറുടെ നിരോധന ഉത്തരവ് മറികടന്ന് 2018ലെ സ്വാതന്ത്ര്യദിനത്തില്‍ ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ സംഭവത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന സി.മമ്മൂട്ടിയുടെ ചോദ്യത്തിനുള്ള ഉത്തരം ഇതുവരെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.
നിയമം ലംഘിക്കുന്നവരെ വധിക്കണമെന്ന് അഭിപ്രായപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തെ കുറിച്ച് നാലു എം.എല്‍.എമാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും അവ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രിയുടേത്. ലേഖനം പ്രസിദ്ധീകരിച്ചത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന എന്ന ചോദ്യത്തിന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്ന മറുപടി പറഞ്ഞ പിണറായി പ്രസ്തുത ലേഖനത്തില്‍ ചീഫ് സെക്രട്ടറി ഉയര്‍ത്തിയ വാദങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോ, ജീവിക്കാനുള്ള അവകാശം മൗലികാവകാശമായി നല്‍കിയിരിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ലംഘനമല്ലേ ചീഫ് സെക്രട്ടറിയുടെ ഈ നിലപാടെന്ന് വ്യക്തമാക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിട്ടുമില്ല. അതേസമയം സര്‍ക്കാരിന്റെ അനുമതിയോട് കൂടിയല്ല ലേഖനമെന്നും പറയുന്നുണ്ട്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന കസ്റ്റഡി മരണങ്ങള്‍ സംബന്ധിച്ച വിശദവിവരം നല്‍കാമോയെന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉത്തരം പറയാത്ത മറ്റൊന്ന്. പി.കെ.അബ്ദു റബ്ബ്, മഞ്ഞളാംകുഴി അലി, പി.അബ്ദുല്‍ ഹമീദ്, പി.കെ ബഷീര്‍ എന്നിവരുടേതാണ് ചോദ്യം. കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട് ഏതെല്ലാം ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്, പ്രസ്തുത ഉദ്യോഗസ്ഥരുടെ വിശദവിവരം, കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളള നടപടികളുടെ വിശദവിവരം തുടങ്ങിയ അനുബന്ധ ചോദ്യങ്ങളും ഇതോടൊപ്പമുണ്ട്.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശയാത്രകളെ കുറിച്ച് എന്‍.എ നെല്ലിക്കുന്നിന്റേതാണ് ചോദ്യം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഉപദേഷ്ടാക്കള്‍ ആരൊക്കെയെന്നും ഏതെല്ലാം മേഖലയിലാണെന്നും വിശദമാക്കുമോ എന്ന ചോദ്യം പി.ടി തോമസും വി.ടി ബല്‍റാമുമാണ് കഴിഞ്ഞ സമ്മേളനത്തില്‍ ഉന്നയിച്ചത്. ഭരണപരിഷ്‌ക്കാര കമ്മീഷന്റെ നാളിതുവരെ എത്ര റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്, അതില്‍ എത്ര എണ്ണം സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് ഉത്തരവാക്കിയിട്ടുണ്ട്, ഇനിയും എത്ര എണ്ണം തീരുമാനിക്കാനായി ബാക്കിയുണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ കെ.എം ഷാജിയും ഉന്നയിച്ചെങ്കിലും മറുപടിയില്ല. മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലുകളെ കുറിച്ച് സി.പി.ഐ എം.എല്‍.എയും മുന്‍ മന്ത്രിയുമായ മുല്ലക്കര രത്‌നാകരന്റെ ചോദ്യത്തിനും സര്‍ക്കാര്‍ മറുപടി പറഞ്ഞിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊലീസുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ എത്ര മാവോയിസ്റ്റുകള്‍ വധിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ എന്നായിരുന്നു ചോദ്യം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാളിതുവരെ എത്ര രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നായിരുന്നു എം.ഉമ്മറിന്റെ മുഖ്യമന്ത്രിയോടുള്ള ചോദ്യം. കിയാലില്‍ സി. ആന്റ് എ.ജി. ഓഡിറ്റിംഗിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തത് എന്തുകൊണ്ട്, യു.എ.പി.എ. നിയമത്തോടുള്ള സര്‍ക്കാര്‍ നിലപാട് എന്താണ്, ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം എത്ര പേര്‍ക്കെതിരെ യു.എ.പി.എ. ചുമത്തി കേസെടുത്തിട്ടുണ്ട്, ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ നടന്ന കുടുംബ യോഗത്തില്‍ ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി.സുധാകരന്‍ വ്യക്തിപരമായി അവഹേളനം നടത്തിയെന്ന പരാതിയില്‍ സ്വീകരിച്ച നടപടികള്‍, ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര തവണ അടിയന്തര അവധിയും, സാധാരണ അവധിയും അനുവദിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്കും ഇതുവരെ സര്‍ക്കാരോ മുഖ്യമന്ത്രിയോ മറുപടി പറഞ്ഞിട്ടില്ല.

SHARE