കുഞ്ഞനന്തനെ ജാമ്യത്തില്‍ വിട്ടതിനെതിരെ പ്രതികരിച്ച കെ.കെ രമക്കെതിരെ അധിക്ഷേപവുമായി സിപിഎം പ്രവര്‍ത്തകര്‍

ടി.പി വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് പ്രതികരിച്ച ടി.പി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമക്കെതിരെ അധിക്ഷേപവുമായി സി.പി.എം പ്രവര്‍ത്തകര്‍. കെ.കെ രമ ചെയ്ത ഫെയ്‌സ്ബുക് കുറിപ്പിന് താഴെയാണ് അധിക്ഷേപവര്‍ഷവുമായി സി.പി.എം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ‘കൊലയാളി കുഞ്ഞനന്തന് വിജയന്റെ വക പ്രത്യുപകാരം’ എന്നായിരുന്നു രമയുടെ കുറിപ്പ്.

രമ തന്റെ ഭര്‍ത്താവിനെ കൊന്ന കുഞ്ഞനന്തനെ ജാമ്യത്തില്‍ വിട്ട നടപടിയെ ചോദ്യം ചെയ്തതിന്റെ പേരിലാണ് സി.പി.എം പ്രവര്‍ത്തകരുടെ അശ്ലീല കമന്റുകള്‍. രമക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളടക്കം നിരവധി വിദ്വേഷ പരാമര്‍ശങ്ങളാണ് കുറിപ്പിന് താഴെ വന്നിട്ടുള്ളത്. അതോടൊപ്പം തന്നെ കുഞ്ഞനന്തന് അര്‍ഹമായ നീതി ലഭിക്കട്ടെ എന്നും ആശംസിക്കുന്നുണ്ട്.

മൂന്ന് മാസത്തേക്കാണ് കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കൂടുമ്പോള്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണം. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കുഞ്ഞനന്തന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്.

2014 ജനുവരിയിലാണ് ഗൂഢാലോചനകേസില്‍ കുഞ്ഞനന്തനെ വിചാരണക്കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം പിഴയും ശിക്ഷിച്ചത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ പൂര്‍ത്തിയാക്കി അടുത്ത ആഴ്ച ജയിലിലേക്ക് മടങ്ങാനിരിക്കെയാണ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യ ഹരജി നല്‍കിയത്.