റെയില്‍വെയോട് ഐസൊലേഷന്‍ കോച്ചുകള്‍ ആവശ്യപ്പെട്ട് മൂന്ന് സംസ്ഥാനങ്ങള്‍

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുന്നതിനിടെ റെയില്‍വെയോട് ഐസൊലേഷന്‍ കോച്ചുകള്‍ ആവശ്യപ്പെട്ട് മൂന്ന് സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശ്, ഡല്‍ഹി, തെലങ്കാന സംസ്ഥാനങ്ങളാണ് ആവശ്യവുമാായി എത്തയത്. 24 സ്ഥലങ്ങളില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിനായി 240 കോച്ചുകളാണ് ഉത്തര്‍പ്രദേശ് ആവശ്യപ്പെട്ടിരിക്കുന്നത്. 60 കോച്ചുകള്‍ നല്‍കണമെന്നാണ് തെലങ്കാനയുടെ ആവശ്യം. പത്ത് കോച്ചുകള്‍ ഡല്‍ഹിയും ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് റെയില്‍വെ നേരത്തെതന്നെ ഐസൊലേഷന്‍ കോച്ചുകള്‍ തയ്യാറാക്കിയിരുന്നുവെങ്കിലും ഇപ്പോഴാണ് അവയ്ക്ക് ആവശ്യക്കാര്‍ എത്തുന്നത്. ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികളെ റെയില്‍വെയുടെ ഐസൊലേഷന്‍ കോച്ചുകളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 16 കിടക്കകളാവും ഓരോ കോച്ചിലുമുണ്ടാവുക.

സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് റെയില്‍വെയാകും കോച്ചുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. റെയില്‍വെയുടെ ഐസൊലേഷന്‍ കോച്ചുകള്‍ ഉപയോഗിച്ചുള്ള രാജ്യത്തെ ആദ്യ കോവിഡ് കെയര്‍ സെന്റര്‍ ഡല്‍ഹിയില്‍ മെയ് 31 ന് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പത്ത് കോച്ചുകളിലായി 160 കിടക്കകളാണ് അവിടെയുള്ളത്.

SHARE