പറന്നുചാടി; എന്നാലും നിരാശപ്പെടുത്തിയോ സഞ്ജു സാംസണ്‍

ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയില്‍ അഞ്ചാം മത്സരത്തിലും ബാറ്റിങ് നിരാശപ്പെടുത്തിയെങ്കിലും ഫീല്‍ഡിങില്‍ ആവേശമായി മലയാളി താരം സഞ്ജു സാംസണ്‍. ന്യൂസീലന്‍ഡിനെതിരായ അവസാന ട്വന്റി 20 മത്സരത്തില്‍ ബൗണ്ടറിലൈനില്‍ തകര്‍പ്പന്‍ പ്രകടനവുമായാണ് സഞ്ജു താരമായത്. റോസ് ടെയ്‌ലറുടെ സിക്‌സെറെന്നുറപ്പിച്ച ഒരു ഷോട്ടാണ് സഞ്ജു ബൗഡറിയും കടന്ന് പറന്ന് പിടിച്ച് ഗ്രൗണ്ടിലേക്കെറിഞ്ഞത്.

ഷാര്‍ദുല്‍ താക്കൂറെറിഞ്ഞ എട്ടാം ഓവറിന്റെ അവസാന പന്തിലായിരുന്നു ഏവരേയും അതിശയപ്പെടുത്തിയ സഞ്ജുവിന്റെ പ്രകടനം. സിക്‌സെന്ന് ഉറപ്പിച്ച പന്ത് ബൗണ്ടറി ലൈനില്‍ നിന്ന് ചാടിപ്പിടിച്ച് അകത്തേക്കെറിഞ്ഞെതോടെ ബൗണ്ടറിപോലും നഷ്ടമായി കിവികള്‍ക്ക് വെറും രണ്ടു റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. ഇതോടൊപ്പം ടോം ബ്രൂസിനെ റണ്‍ ഔട്ടാക്കുന്നതിലും സഞ്ജു പങ്കാളിയായി. വെറും ആറ് റണ്‍സിന് ജയിച്ച മത്സരത്തിലാണ് ഇന്ത്യക്ക് വേണ്ടിയുള്ള സഞ്ജുവിന്റെ ഈ ഫീല്‍ഡിങ് പ്രകടനം എന്നതും വിമര്‍ശകര്‍ ഓര്‍ക്കേണ്ടതാണ്.

അതേസമയം, ബാറ്റിങ്ങില്‍ സഞ്ജുവിന്റെ പ്രകടനം വീണ്ടും നിരാശപ്പെടുത്തി. അഞ്ചു പന്തില്‍ നിന്ന് രണ്ടു റണ്‍സ് മാത്രമെടുത്ത സഞ്ജുവിനെ കഴിഞ്ഞ മത്സരത്തിലേതുപോലെ തന്നെ സ്‌കോട്ട് കുഗ്ഗെലെയ്‌ന്റെ പന്തില്‍ മിച്ചെല്‍ സാന്റ്‌നര്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ബേ ഓവലില്‍ കെ.എല്‍ രാഹുലിനൊപ്പം ഓപ്പണറായായണ് സഞ്ജു ഇറങ്ങിയത്.
അതേസമയം ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരി. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഏഴു റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ജയത്തോടെ ട്വന്റി 20 പരമ്പര 50ന് തൂത്തുവാരുന്ന ആദ്യ ടീമെന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി.