തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഒളിച്ചുതാമസിക്കുന്നുവെന്ന് വ്യാജപ്രചരണം; 10 പേര്‍ അറസ്റ്റില്‍

കോട്ടയം: തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഒളിച്ചുതാമസിക്കുന്നുവെന്ന് വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ 10 പേര്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയ പത്തുപേരാണ് കോട്ടയത്ത് അറസ്റ്റിലായത്. ജോസഫ് ജോര്‍ജ്, നിഖില്‍, ജയന്‍ തുടങ്ങി പത്തോളം പേരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തെ പള്ളിയില്‍ സംഘം ഒളിച്ചുതാമസിക്കുന്നു എന്നായിരുന്നു വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം പ്രചരിച്ചത്. അഗ്‌നിശമനസേന അണിനശീകരണം നടത്തുന്ന വീഡിയോ സഹിതമാണ് ഈ സന്ദേശം വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്.

ഇതേത്തുടര്‍ന്ന് അല്‍ അറഫ റിലീജിയസ് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീഡിയോ സഹിതം സന്ദേശം പ്രചരിക്കുന്നത് കണ്ടെത്തിയത്. നിമിഷങ്ങള്‍ക്കകം വ്യാജസന്ദേശം നിരവധി വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെത്തിയിരുന്നു. തുടര്‍ന്നാണ് വ്യാജസന്ദേശം പ്രചരിപ്പിച്ച കുറ്റത്തിന് വാട്‌സ് ആപ്പ് അഡ്മിന്‍മാര്‍ അടക്കം 10 പേരെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

SHARE