പ്രതികളെ വെടിവെച്ച് കൊന്ന സംഭവം; നിയമം അതിന്റെ പണിയെടുത്തെന്ന് സൈബറാബാദ് കമ്മീഷണര്‍ വി.സി സജ്ജനാര്‍

ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചു കത്തിച്ചുകൊന്ന കേസിലെ നലു പ്രതികളെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി സൈബറാബാദ് കമ്മീഷണര്‍ വി.സി സജ്ജനാര്‍. വെടിവച്ച് കൊന്ന നടപടിയെ ന്യായീകരിച്ച പോലീസ് സംഘത്തിന്റെ തലവന്‍ നിയമം അതിന്റെ പണിയെടുത്തതായി പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് കമ്മീഷണര്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്നിനും ആറിനും ഇടയിലാണ് ഏറ്റുമുട്ടലുണ്ടായത്.

തെളിവെടുപ്പിനിടെ രണ്ട് തോക്കുകള്‍ തട്ടിയെടുത്ത് പ്രതികള്‍ വെടിയുതിര്‍ത്തെന്നും കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും പ്രതികള്‍ തയാറായില്ലെന്നും കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതോടെയാമ് പൊലീസ് വെടിവയ്ക്കാന്‍ നിര്‍ബന്ധിതരായെന്നും വെടിവെപ്പില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റതായും ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചകായും വി.സി. സജ്ജനാര്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തിയിരുന്നെന്നും പൊലീസ് അറിയിച്ചു.