സ്വര്‍ണക്കടത്തുമായി ബന്ധമില്ല; സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ യുദ്ധമെന്ന് ജാമ്യാപേക്ഷയില്‍ സ്വപ്ന സുരേഷ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയാണെന്ന് ജാമ്യാപേക്ഷയില്‍ സ്വപ്ന സുരേഷ്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ ഭാഗമായാണ് കേസില്‍ എന്‍ഐഎ അന്വഷണം വന്നതെന്നതാണ് ഹര്‍ജിയിലെ പ്രധാന വാദം. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാറു തമ്മിലുള്ള ‘രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് പിന്നിലെന്നും കാര്‍ഗോ വഴി എത്തിയത് സ്വര്‍ണമാണെന്നറിയില്ലായിരുന്നുവെന്നും സ്വപ്ന കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കത്തിലാണ് കേസില്‍ എന്‍ഐഎ അന്വേഷണം വന്നത്. സ്വര്‍ണക്കടത്തുമായി ബന്ധമില്ല. ഇതിനായി പണം സമാഹരിച്ചതിനോ സംവിധാനമൊരുക്കിയതിലോ പങ്കില്ല. കോണ്‍സുലേറ്റുമായി താന്‍ നല്ല ബന്ധം സൂക്ഷിച്ചിരുന്നു. കേസില്‍ തനിക്കെതിരേ തീവ്രവാദ ബന്ധം ഉന്നയിക്കാനാകില്ലെന്നും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സ്വപ്ന പറയുന്നു.

അതേസമയം, സ്വപ്‌നയുടെ പേരില്‍ നേരത്തെ പുറത്തുവന്ന ശബ്ദരേഖയിലും പിണറായി സര്‍ക്കാറിനെ വെള്ളപൂശിയായിരുന്നു പ്രതിയുടെ വാദം. താന്‍ നിരപരാധിയാണെന്നും സ്വപ്‌ന പറഞ്ഞു. ഒളിവിലിരിക്കെയായയിരുന്നു സ്വപ്‌നയുടെ പേരില്‍ ശബ്ദരേഖ പുറത്തുവന്നത്. എന്നാല്‍ സ്പന പിന്നീട് ബംഗ്ലൂരില്‍ വെച്ച് എന്‍ഐഎയുടെ പിടിയിലാവുകയായിരുന്നു.

സ്വപ്നയെയും സന്ദീപിനെയും വെള്ളിയാഴ്ച വരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നത്. അതേസമയം പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.

അതേസമയം, സ്വര്‍ണക്കടത്തിലെ ഗൂഢാലോചനയില്‍ കൂടുതല്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് എന്‍.ഐ.എ. തിരുവനന്തപുരത്തും കേരളത്തിലെ മറ്റ് സ്ഥലങ്ങളിലുമാണ് ഗൂഢാലോചന നടത്തിയത്, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കെ.പി റമീസ് മുഖ്യ കണ്ണിയെന്നും എന്‍.ഐ.എയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.