മരിക്കുന്നതിന് തൊട്ടുമുമ്പ് സുശാന്ത് ഗൂഗിളില്‍ തിരഞ്ഞത് ഈ മൂന്ന് കാര്യങ്ങള്‍…

മുംബൈ: മരണത്തിന് തൊട്ടു മുമ്പ് ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്ത് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥന്‍. മൂന്ന് കാര്യങ്ങളാണ് സുശാന്ത് തുടര്‍ച്ചയായി സെര്‍ച്ച് ചെയ്തത്. സ്വന്തം പേരില്‍ വന്ന വാര്‍ത്തകളാണ് സുശാന്ത് സെര്‍ച്ച് ചെയ്ത ഒരു കാര്യം. സുശാന്തിന്റെ മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്ത അദ്ദേഹത്തിന്റെ മാനേജര്‍ ദിഷ സലിനെ കുറിച്ചും സെര്‍ച്ച് ചെയ്തു. ഇതു കൂടാതെ മാനസികാരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങളും ഗൂഗിള്‍ ചെയ്തതായി മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ജൂണ്‍ 14-നാണ് സുശാന്തിനെ സ്വന്തം വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുശാന്ത് സ്വന്തം പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു. സുശാന്തിന്റെ മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ് എന്നിവ ഫോറന്‍സിക് പരിശോധനയ്ക്ക് പരിശോധന നടത്തിയിരുന്നു. ഇതില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. അതേസമയം, സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. എല്ലാ അക്കൗണ്ടുകളില്‍ നിന്നും ഇടപാടുകള്‍ നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം 2.8 കോടി രൂപയുടെ ട്രാന്‍സാക്ഷന്‍ നടന്നതാണ് ഏറ്റവും കൂടിയ ഇടപാട്. ഇത് ജിഎസ്ടി ഇനത്തിലാണെന്നും വ്യക്തമായിട്ടുണ്ട്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 40 പേരുടെ മൊഴിയാണ് മുംബൈ പൊലീസ് ശേഖരിച്ചത്. മാനേജര്‍ ദിഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തന്റെ പേര് മാധ്യമങ്ങള്‍ കൂട്ടിച്ചേര്‍ക്കുമോ എന്ന കാര്യത്തില്‍ സുശാന്തിന് ആശങ്കയുണ്ടായിരുന്നതായാണ് അനുമാനിക്കുന്നതെന്നും ഇക്കാരണത്താലാകാം ഗൂഗിള്‍ സെര്‍ച്ച് നടത്തിയതെന്നുമാണ് നിഗമനമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

മൂന്ന് മനോരോഗ വിദഗ്ധരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഒരാളെ മരണത്തിന് ഒരു മാസം മുമ്പും സുശാന്ത് സമീപിച്ചിരുന്നു. സുശാന്തിന് മരുന്നുകള്‍ നിര്‍ദേശിച്ചതായും ഈ ഡോക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. മനശാസ്ത്രജ്ഞന്റെ നിര്‍ദേശപ്രകാരം സുശാന്ത് മരുന്നുകള്‍ കഴിച്ചിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്തും ജോലിക്കാരും പൊലീസിനെ അറിയിച്ചിരുന്നു. ഭേദമുണ്ടെന്ന് തോന്നിയതോടെ സുശാന്ത് മരുന്ന് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

SHARE