സുശാന്ത് സിംങിന്റെ മരണം; മുംബൈ- ബിഹാര്‍ പൊലീസ് തമ്മില്‍ തര്‍ക്കം

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംങിന്റെ മരണത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് തര്‍ക്കം മുറുകുന്നു. മരണം സംബന്ധിച്ച അന്വേഷണത്തില്‍ തമ്മിലടിച്ച് മഹാരാഷ്ട്രയിലെയും ബിഹാറിലെയും പൊലീസ് രംഗത്തെത്തി. അന്വേഷണത്തില്‍ ബീഹാറുമായി സഹകരിക്കേണ്ടതില്ലെന്നാണ് മഹാരാഷ്ട്രയുടെ തീരുമാനം. ഇത് സംശയാസ്പദമാണെന്ന് ആരോപിച്ച് ബിഹാര്‍ ഡിജിപി രംഗത്തെത്തി.

ബിഹാര്‍ പൊലീസുമായി സഹകരിക്കേണ്ടെന്ന് നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കേസുമായി ബന്ധപ്പെട്ട ഒരു രേഖയും കൈമാറില്ലെന്ന് നിലപാടെടുത്തത്. ബിഹാര്‍ പൊലീസിന്റെ അന്വേഷണത്തിന് നിയമ സാധുത ഇല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇതിനു പിന്നാലെയാണ് മഹാരാഷ്ട്ര പൊലീസിനും സര്‍ക്കാരിനും എതിരെ തുറന്നടിച്ച് ബിഹാര്‍ ഡിജിപി രംഗത്തെത്തിയത്. സുശാന്ത് മരിച്ചിട്ട് അമ്പതു ദിവസം കഴിഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിന് തങ്ങളുടെ പൊലീസിനെ കുറിച്ച് അഭിമാനം ഉണ്ടെങ്കില്‍ അവര്‍ എന്ത് ചെയ്തു എന്ന് വ്യക്തമാക്കണം. മുംബൈ പൊലീസ് ആശയവിനിമയത്തിനുള്ള എല്ലാ വാതിലും അടച്ചിരിക്കുകയാണ്. പാട്‌ന എസ്പിയെ നിര്‍ബന്ധപൂര്‍വം ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. ഇത് സംശയം ജനിപ്പിക്കുന്നു എന്നും ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡേ പ്രതികരിച്ചു.

അതേസമയം, സുശാന്ത് സിംങിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയച്ചു. കേസ് അന്വേഷണത്തിന് മുംബൈയില്‍ എത്തിയ ബിഹാര്‍ പൊലീസിനോടുള്ള മോശം പെരുമാറ്റം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയോടും സംസാരിക്കണം എന്നും ചിരാഗ് പാസ്വാന്‍ കത്തില്‍ ആവശ്യപ്പെട്ടു.