സുശാന്തിന്റെ മരണം: അന്വേഷണം ഉന്നതരിലേക്ക്, കരണ്‍ ജോഹറിനെ ചോദ്യം ചെയ്യും

മുംബൈ: സുശാന്ത് സിംഗ് മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ഇതേ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന് മുംബൈ പൊലീസ് സമന്‍സ് അയച്ചു. ഈ ആഴ്ച തന്നെ കരണ്‍ ജോഹറിനെ ചോദ്യം ചെയ്‌തേക്കും.

ജൂണ്‍ 14നാണ് സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. സുശാന്തിനെ ബോളിവുഡില്‍ നിന്ന് പുറത്താക്കാന്‍ കരണ്‍ അടക്കമുള്ളവര്‍ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണങ്ങള്‍ മരണത്തിന് പിന്നാലെ ഉയര്‍ന്നിരുന്നു.

സുശാന്തുമായി സിനിമകള്‍ ഒന്നും ചെയ്യാന്‍ തീരുമാനിച്ചിരുന്നില്ലെന്നാണ് മഹേഷ് ഭട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി. തന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് സുശാന്ത് താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും സുശാന്തിന്റെ കാമുകിയായ റിയ ചക്രബര്‍ത്തിയാണ് താരത്തിന്റെ ആഗ്രഹം തന്നെ അറിയിച്ചതെന്നുമാണ് മഹേഷ് ഭട്ടിന്റെ പ്രതികരണം. രണ്ടുതവണ മാത്രമാണ് സുശാന്തിനെ നേരില്‍ കണ്ടിട്ടുതെന്നും മഹേഷ് ഭട്ട് മൊഴി നല്‍കി. കേസില്‍ ഇതുവരെ 42 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

SHARE