വീട്ടുവാതില്‍ക്കല്‍ അവന്‍ കാത്തിരിപ്പാണ്, സുശാന്ത് വരില്ലെന്നറിയാതെ! കണ്ണീരായി നടന്റെ വളര്‍ത്തു നായ

മുംബൈ: സിനിമാ ആരാധകരെ ഞെട്ടിച്ചാണ് ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് തിരിച്ചുവരാത്ത ലോകത്തേക്ക് പോകാന്‍ സ്വയം തീരുമാനമെടുത്തത്. സുശാന്തിന്റെ ആത്മഹത്യ ലക്ഷക്കണക്കിന് ആരാധകരുടെ മനസ്സിനെ മുറിവേല്‍പ്പിച്ചു. ബിഹാറിലെ പട്‌നയില്‍ നിന്നു വന്ന് ഗോഡ്ഫാദര്‍മാരില്ലാതെ ബോളിവുഡില്‍ പിടിച്ചു കയറിയ സുശാന്തിനെ കുറിച്ച് എല്ലാവര്‍ക്കും പറയാന്‍ നല്ലതു മാത്രം.

സുശാന്ത് ഇല്ല എന്ന യാഥാര്‍ത്ഥ്യം എല്ലാവരും ഉള്‍ക്കൊണ്ടു എങ്കിലും തന്റെ പ്രിയപ്പെട്ട യജമാനനെ കാത്തിരിക്കുന്ന ഒരാളുണ്ട് നടന്റെ വീട്ടില്‍. സുശാന്തിന്റെ വളര്‍ത്തു നായ ഫഡ്ജ്. വീട്ടുവാതില്‍ക്കല്‍ സുശാന്തിനെ കാത്തിരിക്കുന്ന ഫഡ്ജിന്റെ ചിത്രങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാണ്.

നായയെ ഓമനിക്കുന്നതിന്റെയും അവനൊപ്പം കളിക്കുന്നതിന്റെയും വീഡിയോകള്‍ നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. എല്ലാവര്‍ക്കും ചോദിക്കാനുള്ളത് ഫഡ്ജിനെ കുറിച്ചും.

https://twitter.com/NidhiiTweets_/status/1273581535258529798

ജൂണ്‍ 14ന് ബാന്ദ്രയിലുള്ള ഫ്ളാറ്റിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഏറെ നാളായി വിഷാദത്തിലായിരുന്നു സുശാന്തെന്നും പറയപ്പെടുന്നു. 2019 ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. സിനിമകള്‍ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരിക്കാമെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.

മരണവുമായി ബന്ധപ്പെട്ട് പൊലീസ് 13 പേരുടെ മൊഴിയെടുത്തിട്ടുണ്ട്. കേസില്‍ നടി റിയ ചക്രവര്‍ത്തിയെ പൊലീസ് കഴിഞ്ഞ ദിവസം തുടര്‍ച്ചയായി ഒമ്പതു മണിക്കൂറാണ് ചോദ്യം ചെയ്തിരുന്നത്. റിയയും സുശാന്തും കുറച്ചുകാലമായി ഒരുമിച്ചായിരുന്നു താമസം. നവംബറില്‍ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാന്‍ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു.

എന്നാല്‍ ലോക്ക് ഡൗണിനിടെ ഒരു വഴക്കുണ്ടാവുകയും റിയ സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് പോലും റിയയെ സുശാന്ത് വിളിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്.