സുശാന്തിന്റെ വളര്‍ത്തു നായ ചത്തിട്ടില്ല; സാമൂഹിക മാദ്ധ്യമങ്ങളില്‍ പടരുന്നത് വ്യാജ വാര്‍ത്ത

മുംബൈ: സുശാന്തിന്റെ മരണവിവരം അറിയാതെ നടനെ കാത്തിരുന്ന വളര്‍ത്തു നായ ‘ഫഡ്ജ്’ ചത്തെന്ന വാര്‍ത്ത വ്യാജം. ചില ഹിന്ദി വെബ്‌സൈറ്റുകളാണ് നായ മരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന ഫഡ്ജ് ഏറെ അവശനായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ഫഡ്ജ് അടക്കം വീട്ടിലെ നാലു നായ്ക്കളും ജീവനോടെ സുരക്ഷിതരാണെന്ന് കുടുംബവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു.

സുശാന്തിന്റെ മരണശേഷം ഫഡ്ജിന്റെ ചിത്രങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. സുശാന്ത് നായയെ ഓമനിക്കുന്നതിന്റെയും കളിക്കുന്നതിന്റെയും വീഡിയോകള്‍ നിരവധി ആരാധകരാണ് പങ്കുവച്ചിരുന്നത്. നടന്റെ മരണ ശേഷം എല്ലാവര്‍ക്കും ചോദിക്കാനുള്ളത് ഫഡ്ജിനെ കുറിച്ചായിരുന്നു.

ജൂണ്‍ 14ന് ബാന്ദ്രയിലുള്ള ഫ്‌ളാറ്റിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഏറെ നാളായി വിഷാദത്തിലായിരുന്നു സുശാന്തെന്നും പറയപ്പെടുന്നു. 2019 ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. സിനിമകള്‍ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരിക്കാമെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.

മരണവുമായി ബന്ധപ്പെട്ട് പൊലീസ് 13 പേരുടെ മൊഴിയെടുത്തിട്ടുണ്ട്. കേസില്‍ നടി റിയ ചക്രവര്‍ത്തിയെ പൊലീസ് കഴിഞ്ഞ ദിവസം തുടര്‍ച്ചയായി ഒമ്പതു മണിക്കൂറാണ് ചോദ്യം ചെയ്തിരുന്നത്. റിയയും സുശാന്തും കുറച്ചുകാലമായി ഒരുമിച്ചായിരുന്നു താമസം. നവംബറില്‍ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാന്‍ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു.

എന്നാല്‍ ലോക്ക് ഡൗണിനിടെ ഒരു വഴക്കുണ്ടാവുകയും റിയ സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് പോലും റിയയെ സുശാന്ത് വിളിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്.