സുശാന്തിന്റെ മരണത്തെ തുടര്‍ന്ന് താരങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം ;മറുപടിയുമായി സോനം കപൂര്‍

നടന്‍ സുശാന്ത് രാജ്പുത്തിന്റെ മരണത്തോടെ ബോളിവുഡിലെ ഒരു വിഭാഗം താരങ്ങള്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിടുന്നത്. സ്വജന പക്ഷപാതമാണ് സുശാന്തിന്റെ മരണത്തിന് കാരണമായതെന്നും അതിനാല്‍ താരസന്തതികളെല്ലാം സുശാന്തിന്റെ മരണത്തിന് കാരണക്കാരാണ് എന്നാണ് വിമര്‍ശകരുടെ ആരോപണം. ആക്രമണം രൂക്ഷമായതോടെ പല താരങ്ങളും സ്വന്തം കമന്റ് ബോക്‌സുകളെല്ലാം അടച്ചു. ഇപ്പോള്‍ ഇന്‍ബോക്‌സിലൂടെയാണ് ചീത്തവിളി എത്തുന്നത്. വ്യക്തിഹത്യ മുതല്‍ ശാപവാക്കുകള്‍ വരെ നിറയുകയാണ് പല താരങ്ങളുടെയും കമന്റ് ബോക്‌സ്. ഇപ്പോള്‍ തനിക്ക് മോശം മെസേജ് അയച്ചവര്‍ക്ക് മറുപടിയുമായി എത്തുകയാണ് സോനം കപൂര്‍.

താരത്തിന് ജനിക്കാനിരിക്കുന്ന കുഞ്ഞ് മരിക്കുമെന്നും സുശാന്തിന്റെ മാതാപിതാക്കള്‍ കരയുന്നതുപോലെ നീയും കരയും എന്നായിരുന്നു ഒരാളുടെ കമന്റ്. സുശാന്തിന്റെ മരണത്തില്‍ നിങ്ങളെല്ലാവരും കാരണക്കാരാണ്. ഒരിക്കലും സന്തോഷം കണ്ടെത്താന്‍ നിങ്ങള്‍ക്കാവില്ല. അച്ഛന്‍ കാരണം മാത്രമാണ് നീ ഇവിടെ എത്തിയത് എന്നും കുറിച്ചിരുന്നു. എനിക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞും കുടുംബവും മരിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ പറയുന്ന വിഡിയോ 7 വര്‍ഷം മുന്‍പുള്ളതാണ്. ഒരു സിനിമ പുറത്തിറങ്ങിയ സമയത്ത് എനിക്ക് സുശാന്തിനെ അറിയില്ലായിരുന്നു. അവന്‍ എന്നെ അറിയാതിരുന്നതുപോലെ. ഇതുവരെ എന്നെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. മാത്രമല്ല എന്റെ സഹതാരങ്ങള്‍ എന്നെക്കുറിച്ച് മോശം പറഞ്ഞിരിക്കുന്നതിന്റെ വിഡിയോയും കാണൂ. ഞാന്‍ എല്ലാം അതിന്റെ രീതിയിലാണ് എടുത്തത്. സോനം മറുപടിയായി കുറിച്ചു.

തന്റെയും മാതാപിതാക്കളുടേയും കമന്റ് ബോക്‌സ് അടച്ചതിന്റെ കാരണവും താരം വെളിപ്പെടുത്തി. 64 വയസ് പ്രായമുള്ള തന്റെ മാതാപിതാക്കള്‍ ഇതിലൂടെ കടന്നുപോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇതുപോലെ ചീത്തവിളി കേള്‍ക്കാന്‍ അവര്‍ ഒന്നും ചെയ്തിട്ടില്ലെന്നുമാണ് സോനം കുറിച്ചത്.

ഫാദേഴ്‌സ് ഡേയില്‍ ശക്തമായ പോസ്റ്റുമായാണ് താരം എത്തിയത്. ”ഈ ഫാദേഴ്‌സ് ഡേ യില്‍ എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്. അതെ ഞാന്‍ എന്റെ അച്ഛന്റെ മകളാണ്. അതെ ഞാന്‍ അദ്ദേഹം കാരണമാണ് ഇവിടെ നില്‍ക്കുന്നത്, എനിക്ക് വിശേഷാധികാരവും ലഭിച്ചിട്ടുണ്ട്. അത് ഒരു മോശം വസ്തുതയല്ല. ഇതെല്ലാം എനിക്ക് നല്‍കാന്‍ എന്റെ അച്ഛന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എവിടെ ജനിച്ചോ, ആര്‍ക്ക് ജനിച്ചോ എന്നത് എന്റെ കര്‍മ്മയാണ്. അദ്ദേഹത്തിന്റെ മകളെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ” എന്നാണ് സോനം കുറിച്ചത്.