ഇമോജി പോലും വോട്ട് മറിക്കുന്ന കാലം; പ്രചാരണ ചൂടില്‍ സോഷ്യല്‍മീഡിയ

കാലത്തിനൊത്തു ചുവടുമാറ്റി തെരഞ്ഞെടുപ്പ് പ്രചരണ രംഗവും ചൂടുപിടിക്കുകയാണ്. വേനല്‍ ചൂടിന്റെ കാഠിന്യത്തെ കൂസാതെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണം പൊടിപൊടിക്കുമ്പോള്‍, ന്യൂജനറേഷന്‍ ഒരു സൂര്യാഘാതത്തിനും അവസരം കൊടുക്കാതെ കൈവെള്ളയിലിട്ട് കുറിച്ചാണ് തങ്ങളുടെ പങ്ക് കൊടുക്കുന്നത്. രാഷ്ടീയം കൊഴുക്കുന്ന ട്വിറ്റര്‍, ഫെയ്‌സ് ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സോഷ്യല്‍മീഡിയ ആപ്പുകള്‍ വഴിയാണ് പുതുകാലത്തിന്റെ പ്രചാരണം.

സമൂഹമാധ്യമം അരങ്ങ് തകര്‍ക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും പേജുകളുമായി ഒപ്പംചേരുന്നു.

ദേശീയ രാഷ്ടീയവും നേതാക്കളും ട്വിറ്ററില്‍ നിറയുമ്പോള്‍ അവ സാധാ ജനങ്ങളിലേക്ക് എത്തിക്കുന്ന പണി ഫെയ്‌സ്ബുക്കാണ് നിറവേറ്റുന്നത്. നേതാക്കള്‍ പുറത്തുവിടുന്ന പോസ്റ്റുകളും കമെന്റുകളും എന്തിന് ഒരു ഇമോജി പോലും വോട്ട് മറിക്കുന്ന കാലത്തിനാണ് സോഷ്യല്‍ മീഡിയ വഴി തുറന്നിട്ടിരിക്കുന്നത്. അതേസമയം ജനഹൃദയങ്ങളിലേക്ക് പെട്ടെന്ന് ആഴ്ന്നിറങ്ങുന്ന സോഷ്യമീഡയയിലെ മുഖ്യതാരം വാട്‌സ്ആപ്പ് തന്നെയാണ്. നേരിട്ടുള്ള സന്ദേശ പ്രചാരണത്തിന് മുഖ്യപങ്ക് വഹിക്കുന്ന വാട്‌സ് ആപ്പ് വിവരങ്ങളും വിവാദങ്ങളും വോട്ടര്‍മാരുടെ കൈകളില്‍ നേരിട്ടെത്തിക്കുകയാണ്. വാട്‌സ് ആപ്പിലെ സ്്റ്റാറ്റസ് സംവിധാനവും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു വലിയ പങ്ക് തന്നെയാണ് വഹിക്കുന്നത്. എന്നാല്‍ കാലത്തെ പിന്നിലാക്കി ചുമരെഴുത്തുകളും ബാനറുകളും ഒപ്പം രംഗം കൊഴുപ്പിക്കാനുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് നവമാധ്യമങ്ങളുടെ സാധ്യത സ്ഥാനാര്‍ത്ഥികള്‍ മനസിലാക്കിയത്. ഇത് ശരിക്കും സ്ഥാനാര്‍ത്ഥികള്‍ മുതലാക്കിയതോടെ ഇക്കുറി തെരഞ്ഞെടുപ്പ കമ്മീഷന്റെ നിയന്ത്രണം ഇവയ്ക്കും ബാധകമാക്കി. ഇതോടെ ആദ്യം അറച്ചു നിന്നെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികളുടെയും അണികളുടെയും ഫെയ്‌സ്ബുക്ക് പേജുകള്‍ പ്രചരണരംഗത്ത് സജീവമായി.
കൈകാര്യം ചെയ്യാനുള്ള സൗകര്യവും കുറഞ്ഞ ചെലവും ജനങ്ങളിലേക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയിലേക്ക് വളരെ വേഗത്തില്‍ എത്തുമെന്നുമുള്ളതാണ് നവ മാധ്യമങ്ങളെ പ്രിയങ്കരമാക്കുന്നത്. എല്ലാ സ്ഥാനാ ര്‍ത്ഥികള്‍ക്കും ഇതിനായി പ്രത്യേക വിങ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കുറി നവമാധ്യമങ്ങളിലെ പ്രചരണത്തിന്റെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ചേര്‍ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ചെലവ് എങ്ങനെ കണക്കാക്കുമെന്നതില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണികള്‍ക്കും വ്യക്തതക്കുറവുണ്ട്. ഇക്കാര്യത്തില്‍ ആശങ്കകളുണ്ടെങ്കിലും ചിഹ്നവും ചിരിക്കുന്ന ഫോട്ടോകളുമായി സ്ഥാനാര്‍ത്ഥികളും അണികളും ഫെയ്‌സ്ബുക്ക് പേജുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.