കോവിഡ് ടെസ്റ്റ് ചെയ്യണമെന്ന് ആശുപത്രി; പാമ്പ് കടിയേറ്റ യുവതി മരിച്ചു

കാസര്‍കോട്: യുവതി പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്ത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി അധികൃതര്‍ക്കെതിരെയാണ് ബന്ധുക്കള്‍ രംഗത്തെത്തിയത്.നീലേശ്വരം പള്ളിക്കര സ്വദേശിയും കാസര്‍കോട് ഡിസിആര്‍ബി എസ്‌ഐയുമായ ലതീഷിന്റെ ഭാര്യ അര്‍ച്ചന (35) യാണ് പാമ്പ് കടിയേറ്റ് മരിച്ചത്. ആശുപത്രി അധികൃതര്‍ അനാസ്ഥ കാണിച്ചെന്നും മരണത്തില്‍ ആരോഗ്യമന്ത്രി ഇടപെട്ട് അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ പറഞ്ഞു.

ജുലൈ 21 ന് വൈകീട്ടാണ് യുവതിയെ പാമ്പ് കടിച്ചത്. ഈ സമയം ഭര്‍ത്താവ് ലതീഷും വീട്ടിലുണ്ടായിരുന്നു. കടിച്ച പാമ്പിനെ കാണുകയും ഏത് പാമ്പാണെന്ന് മനസിലാക്കുകയും അതിനെ അടിച്ചു കൊല്ലുകയും ചെയ്ത ഉടനെ ലതീഷ് തന്നെ അര്‍ച്ചനയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഏത് പാമ്പാണ് കടിച്ചതെന്ന് വ്യക്തമാകാതെ ആന്റിവനം നല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ അധികൃതര്‍ ഉറച്ചുനിന്നു. കോവിഡ് ടെസ്റ്റ് നടത്തണം, അതിനു ശേഷം മാത്രമേ ചികിത്സ നടത്താന്‍ കഴിയൂ എന്നീ നിലപാടും അധികൃതര്‍ സ്വീകരിച്ചു. പാമ്പിനെ തിരിച്ചറിഞ്ഞതാണെന്നും അണലിയാണ് കടിച്ചതെന്നും ആന്റിവനം നല്‍കാന്‍ വൈകരുതെന്നും ലതീഷ് പറഞ്ഞുനോക്കിയിട്ടും അതിന് തയാറാകാതെ നാല് മണിക്കൂറിലേറെ നിരീക്ഷണത്തില്‍ വെക്കുകയാണ് ആശുപത്രി അധികൃതര്‍ ചെയ്തത്.

നാല് മണിക്കൂറിന് ശേഷം ആദ്യ ഡോസ് കുത്തിവെക്കുമ്പോഴേക്കും വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. അടുത്ത ദിവസം സ്ഥിതി മോശമാണെന്ന് കണ്ടെത്തിയ അധികൃതര്‍ പരിയാരത്തേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. പരിയാരത്തുവെച്ച് നടത്തിയ ചികിത്സയില്‍ യുവതിയുടെ നില അല്‍പം ഭേദപ്പെടുകയും അബോധാവസ്ഥ മാറികിട്ടുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥിതി വഷളായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി. പിന്നീട് കോഴിക്കോട്ടെ തന്നെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അവിടെ നിന്ന് പാമ്പ് കടിയേറ്റ ഇടത് കാല് മുറിച്ചുമാറ്റേണ്ടിയും വന്നു. എന്നാല്‍ ഞായറാഴ്ച രാത്രി യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. ആന്റിവനം നല്‍കാന്‍ വൈകിയതാണ് മരണത്തിന് കാരണമെന്ന് കോഴിക്കോട്ടെ ഡോക്ടര്‍മാരും വ്യക്തമാക്കിയിരുന്നു.

SHARE